-->
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ' നരസിംഹം'. ചിത്രത്തിലെ മോഹന്‍ലാല്‍ പറയുന്ന ' നീ പോ മോനെ ദിനേശാ...' എന്ന ഡയലോഗ് സൂപ്പര്‍ ഹിറ്റായിരുന്നു. ഈ ഡയലോഗിനെക്കുറിച്ച് മൈ ജിഒവി പോഡ്കാസ്റ്റില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്.
'നീ പോ മോനേ ദിനേശാ...വളരെ മനോഹരമായ ഒരു ഡയലോഗാണത്. അത് ജീവിതത്തോട് നേരിട്ട് സംസാരിക്കുന്നതു പോലെയാണ്. പക്ഷേ അത് കാഷ്വല്‍ ആയിട്ടുള്ള ഒരു മനോഭാവം അല്ല.
എനിക്ക് എന്ത് വന്നാലും ഞാന്‍ അതിനെ നേരിടും. എല്ലാ കര്‍മ്മങ്ങള്‍ക്കും ഞാന്‍ ഉത്തരവാദിയാണ് എന്നൊരു ആശയമാണ് ആ ഡയലോഗ് തരുന്നത്. നിങ്ങള്‍ക്കറിയാമോ, ഞാന്‍ എന്ത് ചെയ്താലും അതിന്റെ ഉത്തരവാദി ഞാന്‍ തന്നെയാണ്. അതുകൊണ്ട് ഞാന്‍ അതിനെ ആ സ്പിരിറ്റിലാണ് എടുക്കുന്നത്. നീ പോ മോനേ ദിനേശാ...'- മോഹന്‍ലാല്‍ പറഞ്ഞു.
രഞ്ജിത്ത് ആണ് നരസിംഹത്തിന്റെ തിരക്കഥ ഒരുക്കിയത്. 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. കോഴിക്കോട് ഒരു ക്ലബില്‍ നിന്നാണ് ഈ ഡയലോഗ് കിട്ടുന്നതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.
"കോഴിക്കോട് ഉള്ളപ്പോള്‍ ഒഴിവു സമയങ്ങളില്‍ ഞാനും രഞ്ജിത്തും കൂടി അവിടെ പോകും. നല്ല ഭക്ഷണം കിട്ടുന്ന സ്ഥലമാണ്. അങ്ങനെ പോയപ്പോഴാണ് അവിടെ വച്ചൊരാളെ പരിചയപ്പെടുന്നത്. അയാള്‍ എല്ലാവരെയും ദിനേശാ എന്നാണ് വിളിക്കുന്നത്.
ദിനേശാ ഇങ്ങ് വാ.. അതിങ്ങെട് മോനേ ദിനേശാ.. പുള്ളിക്കെല്ലാവരും ദിനേശന്‍മാരാണ്. കേട്ടപ്പോള്‍ അതൊന്നു പരിഷ്‍കരിച്ച് സിനിമയില്‍ ഉപയോഗിച്ചാല്‍ നല്ലതായിരിക്കുമെന്ന് തോന്നി. അങ്ങനെയാണ് ആ ഡയലോഗ് നരസിംഹത്തിലെ ഇന്ദുചൂഡന്റെ ട്രേഡ് മാര്‍ക്കാവുന്നത്."- ഷാജി കൈലാസ് മുൻപൊരു അഭിമുഖത്തിൽ പറഞ്ഞു.