Wednesday, March 11, 2026 Last Updated 36 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 02.24 PM

‘സുകുമാരന്‍ സാര്‍ തന്ന ആ രണ്ടു മുണ്ടുകള്‍ ഇന്നും അമൂല്യനിധിയായി സൂക്ഷിക്കുന്നു; എന്റെ മകന്‍ ചോദിച്ചതറിഞ്ഞ് സമ്മാനം നല്‍കി വിസ്മയിപ്പിച്ചത് പൃഥ്വിരാജാണ്....’ സിദ്ധു പനയ്ക്കല്‍

സുകുമാരന്റെ കുടുംബവുമായി വലിയൊരു ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് സിദ്ധു പനയ്ക്കല്‍. ഇപ്പോഴിതാ തന്നെ സമ്മാനം നല്‍കി വിസ്മയിപ്പിച്ചത് പൃഥ്വിരാജാണെന്ന് കുറിക്കുകയാണ് സിദ്ധു പനയ്ക്കല്‍
Sukumaran, Prithviraj Sukumaran, Sidhu Panakkal
Sidhu Panakkal about unexpected gift he got from prithiviraj sukumaran (Image Source: Facebook)

മലയാള സിനിമയിലെ ആരാധകർ ഏറെയിഷ്ടമുള്ള താര കുടുംബമാണ് സുകുമാരന്റേത്. സുകുമാരന്റെ ഭാര്യ മല്ലികയും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും, ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമയും സിനിമയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ്. പൃഥ്വിയുടെ ഭാര്യ സുപ്രിയയാണെങ്കിലും സിനിമ നിർമ്മാണവുമായി തിരക്കിലാണ്.
സുകുമാരനുമായും താരത്തിന്റെ കുടുംബവുമായും നല്ലൊരു ആത്മബന്ധമുള്ള പ്രൊഡക്ഷൻ കൺട്രോളർ ആണ് സിദ്ധു പനയ്ക്കല്‍. സുകുമാരന്റെ വിയോഗ ശേഷം മല്ലിക ചേച്ചിയും, മക്കളും അതേ ബന്ധം സിദ്ധു പനക്കലുമായി നിലനിര്‍ത്തുന്നുണ്ട്.
ഇപ്പോഴിതാ തനിക്ക് ലഭിച്ച സമ്മാനങ്ങളെ കുറിച്ച്‌ സിദ്ധു പനയ്ക്കല്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് ആദ്യമായി സമ്മാനം ലഭിച്ചത് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ അളിയൻ മദ്രാസില്‍ നിന്ന കൊടുത്തയച്ച സർണനിറമുള്ള പേനയാണെന്നും ഒരു സൂപ്പർ സ്റ്റാറില്‍ നിന്ന് ലഭിച്ച ആദ്യസമ്മാനം പടയണിയുടെ സെറ്റില്‍ വച്ച്‌ നടൻ സുകുമാരനില്‍ നിന്നാണെന്നും സിദ്ധു പനയ്ക്കൽ കുറിക്കുന്നു. സുകുമാരൻ അന്ന് സമ്മാനിച്ച രണ്ടുമുണ്ടുകള്‍ വ 40 വർഷങ്ങള്‍ക്കിപ്പുറവും സൂക്ഷിക്കുന്നുണ്ടെന്നും സിദ്ധു കുറിച്ചു.
‘‘സമ്മാനങ്ങൾ ലഭിക്കുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്. അത് പ്രിയപ്പെട്ടവരിൽ നിന്നാകുമ്പോൾ പ്രത്യേകിച്ചും. ആദ്യം എനിക്ക് കിട്ടിയ സമ്മാനം ഹൈസ്കൂളിൽ പഠിക്കുമ്പോൾ അളിയൻ മദ്രാസിൽ നിന്ന് കൊടുത്തയച്ച സ്വർണക്കളറുള്ള ഒരു പേനയാണ്.
പടയണിയുടെ പ്രൊഡക്ഷൻ മാനേജരായി സുകുമാരൻ സാറിനടുത്തെത്തിയപ്പോൾ, അദ്ദേഹം ആദ്യം എനിക്ക് സമ്മാനിച്ചത് രണ്ടു മുണ്ടാണ്. ആ കാലത്തെ സൂപ്പർസ്റ്റാറിൽ നിന്ന് ലഭിച്ച ആദ്യ സമ്മാനം അമൂല്യമായ നിധിയായി 40 വർഷങ്ങൾക്കിപ്പുറവും ഞാൻ സൂക്ഷിക്കുന്നു.
മല്ലിക ചേച്ചിയിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾക്ക് കയ്യും കണക്കുമില്ല. ഇന്നും ചേച്ചി വിദേശത്ത് പോയി വരുമ്പോൾ എനിക്കും കുടുംബത്തിനും ഉള്ള സമ്മാനങ്ങളുമായാണ് തിരിച്ചു വരാറ്. ഓണത്തിനും വിഷുവിനും ചേച്ചിയുടെ പ്രത്യേക സമ്മാനങ്ങൾ വേറെ. ഞാൻ തിരുവനന്തപുരത്തേക്ക് കുടുംബത്തോടു കൂടി താമസം മാറി. ഇവിടെ വന്ന് എന്റെ മൂത്ത മകന് ആദ്യമായി സമ്മാനം കൊടുത്തത് ഇന്ദ്രജിത്താണ്. അവന്റെ പിറന്നാൾ ദിനത്തിൽ ഒരു സൈക്കിൾ.
പൃഥ്വിരാജിന്റെ സമ്മാനമാണ് എന്ന് വിസ്മയിപ്പിച്ചു കളഞ്ഞത്. എനിക്ക് കാർ ഇല്ലാത്ത കാലത്ത് ഒരു കാർ ആയിരുന്നു രാജുവിന്റെ സമ്മാനം 2008 ൽ. എന്റെ ഇളയ മകൻ ഉണ്ണി ചെറിയ കുട്ടിയാണ് അന്ന്. അവൻ എന്നോട് ചോദിച്ചു എല്ലാവർക്കും കാറുണ്ടല്ലോ അച്ഛന് എന്താ കാർ ഇല്ലാത്തത്. ഈ സംസാരം മല്ലിക ചേച്ചിയുടെ ചെവിയിൽ എത്തുകയും ചേച്ചി ഉണ്ണിയുടെ ചോദ്യം രാജുവിനെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കാർ സമ്മാനമായി ലഭിച്ചത്. അതിനുമുൻപും എന്റെ മക്കൾക്ക് കമ്പ്യൂട്ടർ, മൂത്തമകൻ എസ്.എസ്.എല്‍.സി പാസായപ്പോൾ ലാപ്ടോപ് അങ്ങനെ നിരവധി സമ്മാനങ്ങൾ രാജു എന്റെ മക്കൾക്കും നൽകിയിട്ടുണ്ട്.
ആന്റണി പെരുമ്പാവൂർ വിദേശത്ത് പോയി വരുമ്പോഴൊക്കെ നിരവധി സമ്മാനങ്ങൾ തന്നിട്ടുണ്ട് എനിക്ക്. ദൃശ്യം 2 വിൽ അഭിനയിച്ച എന്റെ ഇളയ മകന് ഒരു സ്വർണ നാണയം ആണ് ആന്റണി സമ്മാനിച്ചത്. ആശിർവാദിന്റെ സിനിമകൾ കൂടുതലും എന്നെക്കൊണ്ട് ചെയ്യിക്കുന്നു എന്നുള്ളതാണ് ആന്റണി എനിക്ക് തരുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം.
63 സിനിമകളായി ഞാൻ ഇയാളെ സഹിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ലൂസിഫർ സിനിമയുടെ വിജയാഘോഷ വേളയിൽ, വലിയ സദസ്സിനു മുന്നിൽ ലാലേട്ടൻ പറഞ്ഞത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അമൂല്യമായ സമ്മാനമാണ്.
ഞാൻ വർക്ക് ചെയ്ത സല്യൂട്ട് ദുൽഖർസൽമാൻ നിർമ്മിച്ച് നായകനായി അഭിനയിച്ച റോഷൻ ആൻഡ്രൂസ് ചിത്രമാണ്. ഷൂട്ടിങ്ങിനിടയിൽ ഒരു ദിവസം ദുൽഖറിന്റെ കമ്പനിയിലെ സുജയ് എന്നെ അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്ക് ക്ഷണിച്ചു. ദുൽഖറിന്റെതായി ഒരു സമ്മാനം പാക്കറ്റ് എന്നെ ഏൽപ്പിച്ചു. എനിക്ക് താങ്ങാവുന്നതിൽ കൂടുതൽ ഭാരമുള്ളതായിരുന്നു ആ സമ്മാന പാക്കറ്റ് .
വീട്ടിലെത്തി തുറന്നു നോക്കിയപ്പോൾ അത്ഭുതപ്പെട്ടുപോയി. സ്വീറ്റ്സ്, ചോക്ലേറ്റ് സൗന്ദര്യവർധകവസ്തുക്കൾ, മാസ്ക്, കലണ്ടർ ഡയറി, സ്പ്രേ ഇനിയും പല ഐറ്റങ്ങൾ. ഇതൊന്നും സാധാരണ കടകളിൽ വാങ്ങാൻ കിട്ടുന്നവ ആയിരുന്നില്ല.
ദുൽഖറിന്റെ കൈയിൽനിന്ന് മുൻപും എനിക്ക് സമ്മാനം കിട്ടിയിട്ടുണ്ട്, ഞാൻ അദ്ദേഹത്തിന്റെ സോളോ എന്ന പടം വർക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന് മകൾ ജനിച്ചത്. ആ സമയത്തും അദ്ദേഹം സമ്മാനം തന്നിരുന്നു.
രാജു എനിക്ക് സമ്മാനിച്ച കാറിന്റെ ഡെലിവറി സമയത്ത് എടുത്ത ഫോട്ടോയാണ് ഇതിനോടൊപ്പം ഉള്ളത്. ഇനിയുമിനിയും സമ്മാനങ്ങൾ വാങ്ങാനുള്ള ഭാഗ്യം എനിക്കും സമ്മാനങ്ങൾ തരാനുള്ള മനസ് അവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...’’ സിദ്ധു പനയ്ക്കൽ കുറിച്ചു. ത്രോബാക്ക് ചിത്രത്തിനൊപ്പമാണ് സിദ്ധുവിന്റെ കുറിപ്പ്.
കുറച്ചുനാള്‍ മുൻപ് സിദ്ധു പനയ്ക്കലിന്റെ സഹോദരന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വലിയൊരു തുക ആവശ്യമായി വന്ന ഘട്ടത്തിലും പൃഥ്വിരാജ് ഇടപെട്ടിരുന്നു. വിവരം അറിഞ്ഞയുടൻ തന്നെ മറ്റൊന്നും ആലോചിക്കാതെ പൃഥ്വിരാജ് സഹായിക്കാൻ തയ്യാറായി. സഹായം നല്‍കുക മാത്രമല്ല, അത് ആരും അറിയരുതെന്ന കർശന നിർദ്ദേശവും താരം നല്‍കിയിരുന്നതായി സിദ്ധു പനയ്ക്കല്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.

Ads by Google
Tuesday 03 Feb 2026 02.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW