Wednesday, March 11, 2026 Last Updated 21 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 08.29 PM

‘വീല്‍ ചെയറിലിരിക്കുന്നെന്ന് കരുതേണ്ട; കുംഭയ്ക്ക് വെറുമൊരു ഉപകരണമല്ല അത്, ഭയങ്കര അപകടകാരിയാണ് കുംഭ; പലതും നിങ്ങളെ ഞെട്ടിക്കും...’ വാരാണസിയിലെ വില്ലനെക്കുറിച്ച് പൃഥ്വിരാജ്

uploads/news/2026/02/823932/Untitled-7.jpg
Prithviraj Sukumaran about villian in Varanasi movie (Image Source: Youtube)

മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘വാരണാസി’. മഗധീരയും ബാഹുബലിയും ആര്‍ ആര്‍ ആറും ഒരുക്കിയ രാജമൗലി മാജിക് വാരണാസിയിലൂടെ കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പ്രിയങ്ക ചോപ്ര ആറ് വർഷങ്ങള്‍ക്ക് ശേഷം ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ‘വാരണാസി’ക്കുണ്ട്. മലയാളികളെ സംബന്ധിച്ച് ഈ സിനിമയിലേക്കുള്ള പ്രധാന ആകര്‍ഷണം.
‘കുംഭ’ എന്ന പ്രതിനായക കഥാപാത്രമായി മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്‍ എത്തുന്നു എന്നതാണ്.
പൃഥ്വിരാജിന്റെ കുംഭയെ അവതരിപ്പിക്കുന്ന പോസ്റ്റർ സിനിമയുടെ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. റോബോട്ടിക് വീല്‍ ചെയറില്‍ ഇരിക്കുന്ന കുംഭയുടെ പോസ്റ്റർ വലിയ തോതില്‍ ആകാംക്ഷ ഉയർത്തിയിരുന്നു. ‘ദുഷ്ടനും, ക്രൂരനും, ശക്തനുമായ വില്ലന്‍’ എന്നാണ് ഈ കഥാപാത്രത്തിന് സംവിധായകന്‍ രാജമൗലി നല്‍കിയ വിശേഷണം. അപ്പോള്‍ മുതല്‍ ഈ കഥാപാത്രത്തെയും വീല്‍ ചെയറിനെയും ചുറ്റിപ്പറ്റി നിരവധി സംശയങ്ങള്‍ ആരാധകര്‍ ഉന്നയിക്കുന്നുണ്ട്.
ഇപ്പോഴിതാ വീല്‍ ചെയറിലായതു കൊണ്ടു മാത്രം തന്റെ വില്ലന്‍ കഥാപാത്രത്തെ ചെറുതായി കാണണ്ട എന്നു പറയുകയാണ് പൃഥ്വിരാജ്. വീല്‍ ചെയറിലിരിക്കുന്ന വില്ലന് ഇതില്‍ ഒന്നും ചെയ്യാനില്ല എന്നാണ് മിക്കവരും വിചാരിക്കുന്നതെന്നും എന്നാല്‍ കുംഭ എന്ന കഥാപാത്രത്തിന്റെ ചിന്തകള്‍ നമ്മള്‍ വിചാരിക്കുന്നതിനും മുകളിലാണെന്നാണ് പൃഥ്വിരാജ് പറയുന്നത്.
‘‘വീല്‍ ചെയറിലിരിക്കുന്ന വില്ലന് ഇതില്‍ ഒന്നും ചെയ്യാനില്ല എന്നാണ് മിക്കവരും വിചാരിക്കുന്നത്. എന്നാല്‍ കുംഭ എന്ന കഥാപാത്രത്തിന്റെ ചിന്തകള്‍ നമ്മള്‍ വിചാരിക്കുന്നതിനും മുകളിലാണ്. വീല്‍ ചെയര്‍ അയാളുടെ പ്രോപ്പര്‍ട്ടിയില്‍ ഒന്നു മാത്രമാണ്. അതിലിരുന്ന് അയാള്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തും. നിങ്ങള്‍ പോസ്റ്ററില്‍ കണ്ടതിലും അപ്പുറമാണ് ആ വീല്‍ ചെയർ. അത് അയാളുടെ (കുംഭ) ചിന്തകളുമായി നേരിട്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു. ആ വീല്‍ ചെയർ അയാളുടെ വ്യക്തിത്വത്തിന്റെയും ചിന്തകളുടെയും ഒരു ഭാഗം തന്നെയാണ്. അയാള്‍ വളരെ അപകടകാരിയാണ്. ശാരീരിക പരിമിതി ഉണ്ടെന്നെയുള്ളൂ. അപകടകരവും അപ്രതീക്ഷിതവുമായി വഴികളിലാണ് അയാളുടെ ചിന്തകള്‍ പോകുന്നത്. വീല്‍ ചെയർ അയാളുടെ ചിന്തകളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന വിധത്തിലാണ് വരുന്നത്. കൂടുതല്‍ ഇപ്പോള്‍ വിശദീകരിക്കുന്നില്ല. വീല്‍ ചെയർ ഒരു പ്രോപ്പർട്ടി മാത്രമല്ല, അത് കുംഭ ആരാണെന്നതിന്റെ ഭാഗമാണ്. പലതും നിങ്ങളെ ഞെട്ടിക്കും എന്നു മാത്രമേ ഇപ്പോള്‍ പറയാനാകു. വീല്‍ ചെയര്‍ സീനുകളൊക്കെ യഥാര്‍ഥത്തില്‍ ചിത്രീകരിച്ചതാണ്. സിഐജി ഉപയോഗിച്ചിട്ടില്ല....
അറിയാതെ പോലും കൈകാലുകൾ ചലിപ്പിക്കാതിരിക്കാൻ ഒരു പ്രത്യേക സംവിധാനം ഉപയോഗിച്ച് എന്നെ ലോക്ക് ചെയ്തിരിക്കുകയായിരുന്നു. മൂക്കിൽ ഒരു ഈച്ച വന്നിരുന്നാൽ പോലും ഒന്നും ചെയ്യാൻ സാധിക്കാത്ത നിലയിലായിരുന്നു ലോക്ക് ചെയ്തിരുന്നത്. അതുപോലെയായിരുന്നു വീൽ ചെയറിലെ സംവിധാനം. ഈ സിനിമയിൽ കുംഭ എന്ന കഥാപാത്രം വളരെയേറ അപകടകാരിയാണ്. അതുപോലെ തന്നെ നിസ്സഹായനുമാണ്...’’ പൃഥ്വിരാജ് പറഞ്ഞു. വാരണാസിയുടെ പ്രചരണത്തിന്റെ ഭാഗമായി താരങ്ങൾ കൊളൈഡർ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

2027 ഏപ്രില്‍ എഴിന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ശ്രീ ദുര്‍ഗ ആര്‍ട്ട്‌സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളില്‍ കെ എല്‍ നാരായണ, എസ് എസ് കര്‍ത്തികേയ എന്നിവരാണ് നിര്‍മ്മിക്കുന്നത്. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന പ്രൗഢ ഗംഭീര ഇവെന്റില്‍ നേരത്തെ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തിരുന്നത് വന്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പ്രേക്ഷകര്‍ക്ക് ദൃശ്യവിസ്മയം സമ്മാനിച്ചാണ് ഈ ടീസര്‍ പ്രദര്‍ശിപ്പിച്ചത്. സിഇ 5 12-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ടീസര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കും. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ടീസര്‍ അനാവരണം ചെയ്യുന്നു.
കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനില്‍ അവസാനം എത്തിയപ്പോള്‍ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എന്‍ട്രി ചെയ്തു. ഐമാക്സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്. വാരണാസിയുടെ റീലിസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Ads by Google
Wednesday 04 Feb 2026 08.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW