-->
2026 ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്പികളില്‍ ഒരാളായി മാറിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണ്‍. ഇപ്പോഴിതാ സഞ്ജുവിനെ പ്രശംസിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ടീമിലെ സ്ഥാനത്തെച്ചൊല്ലിയുളള അനിശ്ചിതത്വങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നടുവില്‍ നിന്ന്, വെറും അഞ്ച് മത്സരങ്ങള്‍ കൊണ്ട് ടൂര്‍ണമെന്റിലെ മികച്ച താരമായി മാറിയ സഞ്ജുവിന്റെ യാത്രയെ വിധി എഴുതിയ തിരക്കഥ എന്നാണ് പൃഥ്വിരാജ് വിശേഷിപ്പിച്ചത്.
1988 ല്‍ ഷാര്‍ജയുടെ മണല്‍ക്കാറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തീര്‍ത്ത ഐതിഹാസിക ഇന്നിങ്‌സുകളോട് സഞ്ജുവിന്റെ നോക്കൗട്ട് പ്രകടനങ്ങളെ താരതമ്യം ചെയ്ത പൃഥ്വിരാജ് ഇത് ഒരു തലമുറയുടെ കാത്തിരിപ്പിന് ലഭിച്ച മറുപടിയാണെന്നും തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി.
‘ടീം ഇന്ത്യ ലോകചാമ്പ്യന്മാരായിരുന്നു. ടി20 കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുളള ആ ഒരു ചെറിയ തിരിച്ചടി ഒഴിച്ചുനിര്‍ത്തിയാല്‍ ഐതിഹാസികമായ ഒരു മുന്നേറ്റം. എന്നാല്‍ ഈ ടൂര്‍ണമെന്റിലെ യഥാര്‍ഥ അത്ഭുതം, വിധി സഞ്ജു സാംസണായി എഴുതിവെച്ച തിരക്കഥയാണ്. അവസാന പതിനഞ്ചില്‍ ഇടംപിടിക്കുമോ എന്ന് പോലും സംശയിച്ചിടത്തുനിന്ന് വെറും 5 മത്സരങ്ങള്‍കൊണ്ട് ടൂര്‍ണമെന്റിലെ മികച്ച താരമായി മാറിയ സഞ്ജുവിന്റെ വളര്‍ച്ച അവിശ്വസനീമാണ്.
ഒരു തലമുറയെ സംബന്ധിച്ചിടത്തോളം ഒരു ടൂര്‍ണമെന്റിന്റെ നോക്കൗട്ട് ഘട്ടങ്ങളില്‍ ഒരു ഇന്ത്യന്‍ താരം കഴ്ചവെച്ച ഏറ്റവും മികച്ച പ്രകടനം 98 ലെ ഷാര്‍ജ കപ്പില്‍ സച്ചില്‍ ടെണ്ടുല്‍ക്കര്‍ നടത്തിയ ഡെസേര്‍ട്ട് സ്‌റ്റോമും ഫൈനലിലെ സെഞ്ചുറിയുമായിരുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം തന്റെ കഠിനമായ ഘട്ടങ്ങളില്‍ സച്ചിന്‍ തന്നെയായിരുന്നു തനിക്ക് വഴികാട്ടിയെന്ന് പ്രസന്റേഷന്‍ വേളയില്‍ വെളിപ്പെടുത്തിയ സഞ്ജു സാംസണ്‍ ആ പ്രകടനത്തെയും മറികടന്നിരിക്കുന്നു. 3 നോക്കൗട്ട് മത്സരങ്ങള്‍, 3മാച്ച് വിന്നിങ്ഇന്നിങ്‌സുകള്‍- അതൊരു ഐതിഹാസിക ലോകകപ്പ് ക്യാംപയിന്‍ തന്നെയായിരുന്നു.
സഞ്ജു.. നിന്റെ യഥാര്‍ഥ കഴിവ് എന്താണെന്ന് നീ ലോകത്തിന് കാണിച്ചുകൊടുത്തു. ഒരു ആരാധകന്‍ എന്ന നിലയില്‍ ഈ മൂന്ന് ഇന്നിങ്‌സുകള്‍ നിന്റെ ഇജ്ജ്വലമായ കരിയറിനെ ഇനിയങ്ങോട്ട് രൂപപ്പെടുത്തുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മിച്ച പ്രതിഭകളില്‍ ഒരാളാണ് താങ്കള്‍. ഇനിയും 6-8 വര്‍ഷങ്ങള്‍ താങ്കള്‍ക്കു മുന്നിലുണ്ട്. ലോകവേദികളില്‍ ഇനിയും വിസ്മയങ്ങള്‍തീര്‍ക്കുക, ക്രിക്കറ്റ് ചരിത്രത്തിന്റെ താളകുളില്‍ നിന്ക്കിന്ന് നിന്റേതായ ഒരിടമുണ്ട്. വരും തലമുറകള്‍ക്കും ഈ ലോകകപ്പിലെ നിന്റെ പ്രകടനം കണ്ടവര്‍ക്കും മാതൃകയാകുന്ന രീതിയിലുളള വലിയൊരു പൈതൃകം ഇനിയും കെട്ടിപ്പടുക്കുക, പൊളിക്കൂ അനിയാ (ചേട്ടാ) പൃഥ്വിരാജ് കുറിച്ചു.