-->
തെലുങ്ക് സിനിമയിലെ ശ്രദ്ധേയനായ നടനാണ് രാജേന്ദ്ര പ്രസാദ്. ഹാസ്യ വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്. അടുത്തിടെ തമിഴ് ഇതിഹാസ താരം എം.ജി.ആര്‍ നെ കുറിച്ച് അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. തെലുങ്ക് താരം കാന്തറാവുവുമായി എം.ജി.ആറിനെ താരമത്യപ്പെടുത്തിയുളള പരാമര്‍ശമാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. രാജേന്ദ്രപ്രസാദിനെതിരേ തമിഴിലെ അഭിനേതാക്കളുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ വിശാല്‍ രംഗത്തെത്തി. രാജേന്ദ്രപ്രസാദിന്റേത് ഞെട്ടിക്കുന്ന പരാമര്‍ശമാണെന്ന് വിശാല്‍ അഭിപ്രായപ്പെട്ടു.
ഏറെ ഞെട്ടലോടെയും വെറുപ്പോടെയുമാണ് രാജേന്ദ്രപ്രസാദിന്റെ അഭിപ്രായപ്രകടനം കേട്ടത്. എം.ജി.ആര്‍. ഒരു ഇതിഹാസനടന്‍ മാത്രമായിരുന്നില്ല, തമിഴ്‌നാട്ടിലെ വലിയ നേതാവുമായിരുന്നു. ഏറെ ആദരവോടെ, അതേസമയം ദുഃഖഭരിതമായ ഹൃദയത്തോടെ രാജേന്ദ്രപ്രസാദിന്റെ പ്രസംഗത്തെ അപലപിക്കുന്നു. കാന്തറാവുവിനെ പ്രശംസിച്ച് നടത്തിയ പ്രസംഗത്തില്‍ മറ്റൊരു ഇതിഹാസനടനായ എം.ജി. ആറിനെ താഴ്ത്തിക്കെട്ടി അപമാനിച്ചത്, തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും വിശാല്‍ അഭിപ്രായപ്പെട്ടു. പരാമര്‍ശത്തില്‍ മാപ്പു പറയാന്‍ വിശാല്‍ രാജേന്ദ്രപ്രസാദിനോട് ആവശ്യപ്പെട്ടു.
ഹൈദരാബാദില്‍ ഒരു പൊതുപരിപാടിയിലായിരുന്നു രാജേന്ദ്രപ്രസാദിന്റെ വിവാദപരാമര്‍ശം. കലാപ്രപൂര്‍ണ്ണ കാന്തറാവു ദേശീയ അവാര്‍ഡ് ദാനചടങ്ങില്‍ കാന്തറാവുവിനെ അനുസ്മരിക്കുകയായിരുന്നു രാജേന്ദ്രപ്രസാദ്. ' എം.ജി.ആറിന് കാന്തറാവുവിനെ പേടിയായിരുന്നു. കാന്തറാവുവിനെ കണ്ടാലോ, അദ്ദേഹത്തെക്കുറിച്ച് കേട്ടാലോ എം.ജി.ആര്‍. പാന്റ്‌സില്‍ മുളളുമായിരുന്നു' , എന്നായിരുന്നു രാജേന്ദ്രപ്രസാദിന്റെ വാക്കുകള്‍.