Saturday, March 14, 2026 Last Updated 43 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 06.49 PM

‘ലൂസിഫർ വലംകൈ ആണ് മോഹൻലാലിന്റെ ലൂസിഫർ ഫ്രാഞ്ചൈസിയായത്; ലൂസിഫർ-ബഹുരൂപി എന്നൊരു വേര്‍ഷനുണ്ട്, അത് വേറെ വര്‍ക്കാണ്...’ മുരളി ഗോപി

മോഹൻലാൽ ആരാധകർക്കും സിനിമാപ്രേമികൾക്കും വേണ്ട എല്ലാ ചേരുവകളും നിറഞ്ഞ മസാല എന്റർടെയ്നറായിരുന്നു ലൂസിഫര്‍. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ചുള്ള കൗതുകകരമായ ഒരു കാര്യം പങ്കിടുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.
Lucifer , Mohanlal, Murali Gopy
Murali Gopy about Lucifer third part (Image Source: Youtube)

മലയാളസിനിമയില്‍ വലിയൊരു തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു മുരളിഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫര്‍. ഒരു പൊളിറ്റിക്കൽ ആക്ഷൻ ചിത്രമായി ഒരുങ്ങിയ ഈ സിനിമ വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാല്‍ എന്ന താരത്തിന്റെ മാസ് എ​‍ന്‍ട്രി കാണിച്ച സിനിമ കൂടിയായിരുന്നു.
എന്നാല്‍ ഇതിനു മുമ്പ് അന്തരിച്ച സംവിധായകൻ രാജേഷ് പിള്ള മോഹൻലാലിനെ നായകനാക്കി ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. ആ സിനിമയുടെ തിരക്കഥയ്ക്കു പിന്നിലും മുരളി ഗോപി ആയിരുന്നു. ആ കഥയുടെയും പേരും ലൂസിഫർ എന്നായിരുന്നു. പക്ഷേ ആ സിനിമ സംഭവിച്ചില്ല.
ഇപ്പോഴിതാ ഈ കഥയെക്കുറിച്ച് സംസാരിക്കുകയാണ് നടനും എഴുത്തുകാരനുമായ മുരളി ഗോപി. ഇപ്പോൾ പ്രേക്ഷകർ കണ്ട ലൂസിഫറിനെ കൂടാതെ മറ്റൊരു കഥ കൂടി തന്റെ പക്കൽ ഉണ്ടെന്നും ലൂസിഫര്‍ വലംകൈ ആണ് മോഹന്‍ലാലിന്റെ ലൂസിഫറായി കണ്ടതെന്നും പറയുകയാണ് മുരളി ഗോപി.
‘‘എന്റെ സ്ക്രീന്‍ സ്ക്രിബിള്‍സ് എന്ന നോട്ട്പാഡിൽ ഞാൻ എഴുതിയിട്ട രണ്ട് വൺ ലൈനുകൾ ആണ് അത്. രണ്ടിന്റെയും പേര് ലൂസിഫർ എന്നായിരുന്നു. അതിൽ ഒന്നിന്റെ പേര് ലൂസിഫർ-ബഹുരൂപി എന്നായിരുന്നു. മറ്റേത് ലൂസിഫർ-വലംകൈ. അതിൽ ലൂസിഫർ വലംകൈ എന്നതിന്റെ വണ്‍ ലൈനാണ് നമ്മൾ കണ്ട മോഹൻലാലിന്റെ ലൂസിഫർ ഫ്രാഞ്ചൈസി ആയി മാറിയത്. ഇപ്പോഴും ആന്റണി പെരുമ്പാവൂർ കാണുമ്പോൾ പറയാറുണ്ട് മറ്റേ ലൂസിഫർ നമുക്ക് ചെയ്യണം എന്ന്. അത് വരുന്നുണ്ടെങ്കിൽ അത് വേറെ ഒരു വർക്ക് ആയിട്ടാകും പ്ലാൻ ചെയ്യുക...’’ എന്നാണ് മുരളി ഗോപി പറയുന്നത്. ക്യു സ്റ്റുഡിയോയോട്‌ സംസാരിച്ചപ്പോഴാണ് മുരളി ഗോപിയിത് പറഞ്ഞത്. എന്നാല്‍ ലൂസിഫര്‍ ഫ്രാഞ്ചൈസിലെ മൂന്നാം ഭാഗമായ അസ്രയേല്‍ എന്ന് വരും എന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ എത്തിയിട്ടില്ല.
സിനിമയുടെ രണ്ടാം ഭാഗം കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. ലൂസിഫറിന് ലഭിച്ച വലിയ സ്വീകാര്യത രണ്ടാം ഭാഗമായ എമ്പുരാന് ലഭിച്ചില്ല. സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും മലയാള സിനിമയിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമെന്ന പെരുമ മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ നേടാന്‍ കഴിഞ്ഞു. മാർച്ച് 27ന് തിയേറ്ററുകളിലെത്തിയ സിനിമ 325 കോടിയുടെ ബിസിനസ് നേട്ടമായിരുന്നു കൈവരിച്ചത്. സംഘപരിവാർ ആക്രമണങ്ങൾക്കിടയിലും സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലുമാണ് സിനിമയുടെ ഈ റെക്കോർഡ് നേട്ടം എന്നതും ശ്രദ്ധേയമാണ്.

വിന്‍‌സന്റ് ഗോമസ്, സാഗര്‍ എലിയാസ് ജാക്കി, ജഗന്നാഥൻ, ഇന്ദുചൂഡൻ, പുലിമുരുകന്‍ എന്നിവയ്ക്ക് ശേഷം മോഹൻലാല്‍ കഥാപാത്രത്തിന്റെ അവതാരപ്പിറവി കാത്തിരുന്നവര്‍ക്ക് മുന്നില്‍ എല്ലാ ചേരുവകളും നിറഞ്ഞ മസാല എന്റർടെയ്നറായിട്ടാണ് ലൂസിഫർ എത്തിയത്. അതിനൊപ്പം പൃഥ്വിരാജിന്റെ സംവിധാനമികവും മുരളി ഗോപിയുടെ തിരക്കഥയും സുജിത്ത് വാസുദേവിന്റെ അതിഗംഭീര ഫ്രെയിമുകളും അതിനൊക്കെ മുകളില്‍ മോഹൻലാൽ എന്ന സൂപ്പര്‍ ബ്രാൻഡിന്റെ സ്ക്രീൻപ്രസൻസും കൂടിയായപ്പോള്‍ ലൂസിഫര്‍ ബ്ലോക്ക്ബസ്റ്ററായി.
രണ്ടാം ഭാഗമായ എമ്പുരാനില്‍ മോഹൻലാൽ, പൃഥ്വി എന്നിവരെ കൂടാതെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരന്നിരുന്നു.

Ads by Google
Monday 02 Feb 2026 06.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW