-->
പെര്‍ത്ത്: ഇംഗ്‌ളണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള 2025 ലെ ആഷസ് ടെസ്റ്റില്‍ ആദ്യ ദിവസം തന്നെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് മിച്ചല്‍ സ്റ്റാര്‍ക്ക്. വെള്ളിയാഴ്ച പെര്‍ത്തില്‍ നടന്ന ആദ്യ ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ 172 റണ്‍സിന് പുറത്താക്കിയപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ ഏഴു വിക്കറ്റുകളാണ് മിച്ചല്‍ സ്റ്റാര്‍ക്ക് പിഴുതത്. ഇംഗ്‌ളണ്ടിന്റെ പ്രമുഖ ബാറ്റര്‍മാരെയൊന്നും സ്റ്റാര്‍ക്ക് നില്‍ക്കാന്‍ അനുവദിച്ചില്ല.
ആദ്യ ഇന്നിംഗ്‌സില്‍ 12.5 ഓവറില്‍ 58 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ക്ക് തന്റെ കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് ഫിഗര്‍ രേഖപ്പെടുത്തി. മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ സാക്ക് ക്രാളിയെ പുറത്താക്കിക്കൊണ്ടാണ് സ്റ്റാര്‍ക്ക് തുടങ്ങിയത്.
ഓപ്പണര്‍ ക്രാളിയെ പൂജ്യത്തിന് ഉസ്മാന്‍ ഖ്വാജയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. പിന്നാലെ 21 റണ്‍സ് എടുത്ത ബെന്‍ ഡക്കറ്റിനെയും പുറത്താക്കി. ഡക്കറ്റ് വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ടീമിലെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ജോ റൂട്ടിനെയും നിലയുറപ്പിക്കും മുമ്പ് സ്റ്റാര്‍ക്ക് പറഞ്ഞുവിട്ടു. ലബുഷാനേയ്ക്കായിരുന്നു റൂട്ടിന്റെ ക്യാച്ച്. നായകന്‍ ബെന്‍ സ്‌റ്റോക്‌സിനെ ആറു റണ്‍സിന് പറഞ്ഞുവിട്ടു. ക്ലീന്‍ ബൗള്‍ ചെയ്യുകയായിരുന്നു.
33 റണസ് എടുത്ത ജാമി സ്മിത്ത് സ്റ്റാര്‍ക്കിന്റെ പന്തില്‍ ഗ്രീന്റെ കൈകളില്‍ എത്തി. ഒരു റണ്‍സ് എടുത്ത അറ്റ്കിന്‍സണ്ണിനെ സ്മിത്തിന്റെ കയ്യിലും എത്തിച്ചു. അവസാന വിക്കറ്റായി മാര്‍ക്ക് വുഡാണ് സ്റ്റാര്‍ക്കിനിരയായത്. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് കാരിയുടെ കൈകളിലാക്കി. ഇംഗ്‌ളണ്ട് ഇന്നിംഗ്‌സില്‍ മൂന്ന് പേരായിരുന്നു പൂജ്യത്തിന് സ്റ്റാര്‍ക്കിന്റെ കയ്യില്‍ കുടുങ്ങിയത്.
സ്റ്റാര്‍ക്ക് ടെസ്റ്റില്‍ സ്റ്റാര്‍ക്കിന്റെ 17-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഉണ്ടാക്കിയത്. ഇംഗ്ലണ്ടിനെതിരെ അഞ്ചാമത്തേതും. ഇതിലൂടെ ഇംഗ്ലണ്ടിനെതിരെ 100 ലധികം വിക്കറ്റുകള്‍ നേടുന്ന താരമായും ഈ ഇടംകയ്യന്‍ പേസര്‍ മാറി. 104 വിക്കറ്റുകളായ സ്റ്റാര്‍ക്ക് 195 വിക്കറ്റ് വീഴ്ത്തിയ വോണിന് പുറകിലുണ്ട്.