-->
തിരുവനന്തപുരം: കോടതി ഇടപെടലിനെ തുടര്‍ന്ന് വോട്ടര്‍പട്ടികയില്‍ പേര് വീണ്ടും ചേര്‍ത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടാന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ ഓഫീസും ജീവനക്കാരും ഇടപെട്ടതായി റിപ്പോര്‍ട്ട്. ആര്യയുടെ ഓഫീസ് ഇടപെട്ട് സത്യവാങ്മൂലം എഴുതിവാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
നേരത്തേ കള്ളവോട്ട് ചേര്‍ത്തു എന്ന് ആരോപിച്ച് സിപിഐഎം പരാതിയുമായി വന്നതോടെ വോട്ടര്‍പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കം ചെയ്തത്. എന്നാല്‍ ഈ പരാതിയില്‍ മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരാണ് അന്വേഷണത്തിന് എത്തിയത്. വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള വീടുകളിലെത്തി താമസക്കാരില്‍ നിന്നും രേഖകള്‍ എഴുതി വാങ്ങിയത് ഇവരായിരുന്നു.
കോര്‍പ്പറേഷനിലെ പ്രൊജക്ട് സെല്ലിലെ ക്ലാര്‍ക്ക് ഉള്‍പ്പെടെയുള്ള മേയറുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരായിരുന്നു ഇക്കാര്യത്തില്‍ ഇടപെട്ടത്. തങ്ങളാണ് ഈ വീട്ടില്‍ രണ്ട് വര്‍ഷമായി താമസിക്കുന്നതെന്നും മറ്റാരും താമസിക്കുന്നില്ലെന്നുമുള്ള സത്യവാങ്മൂലമാണ് നിലവിലെ താമസക്കാരില്‍ നിന്നും എഴുതിവാങ്ങിയത്. എന്നാല്‍ വൈഷ്ണയ്ക്കെതിരായ പരാതിയില്‍ ഇവര്‍ക്ക് അന്വേഷണ ചുമതല ഉണ്ടായിരുന്നില്ല.
അന്തിമവോട്ടര്‍പ്പട്ടികയില്‍ വൈഷ്ണയുടെ പേരിനൊപ്പം രേഖപ്പെടുത്തിയിട്ടുള്ള ടി സി നമ്പറില്‍ വൈഷ്ണ താമസിക്കുന്നില്ലെന്നും വോട്ടര്‍പ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നുമാണ് സിപിഐഎം ബ്രാഞ്ച് അംഗം ധനേഷ് കുമാര്‍ നല്‍കിയിരുന്ന പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ലാര്‍ക്ക് ജി എം കാര്‍ത്തിക നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ വൈഷ്ണ താമസിക്കുന്നില്ലെന്ന് കണ്ടെത്തിയത്.
കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് ആണ് മുട്ടടയില്‍ യുഡിഎഫ് വൈഷ്ണയെ അവതരിപ്പിച്ചത്. സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തില്‍ ആയതോടെയാണ് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിന് പിന്നില്‍ മേയര്‍ ആര്യാ രാജേന്ദ്രനാണെന്ന് കഴിഞ്ഞ ദിവസം കെ മുരളീധരന്‍ ആരോപിച്ചിരുന്നു.