-->
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ നില്‍ക്കേ ശബരിമല സ്വര്‍ണ്ണക്കൊള്ള വലിയ ചര്‍ച്ചയാക്കി മാറ്റാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. ശബരിമല വിഷയം തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിവാദമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസും ബിജെപിയും. സിപിഐഎമ്മിലെ ഉന്നത നേതാവും ഉന്നത പാര്‍ട്ടിബന്ധവുമുള്ള പത്മകുമാറിന്റെ അറസ്റ്റോടെ ശബരിമല സ്വര്‍ണ്ണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയം ആകുമെന്ന് ഉറപ്പായി. പാര്‍ട്ടിയില്‍ ഉന്നതബന്ധമുള്ള പത്മകുമാറിന്റെ അറസ്റ്റ് പ്രതിപക്ഷവും ബിജെപിയും പ്രചാരണ വിഷയമാക്കും.
അതേസമയം ശബരിമല വിവാദം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീളില്ലെന്നും അതിന് മുമ്പായി പ്രശ്‌നം പരിഹരിക്കപ്പെടുമെന്നുമാണ് സിപിഐഎം കരുതുന്നത്. ആദ്യഘട്ടത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയേയും ദേവസ്വം ജീവനക്കാരെയും ചുറ്റിപ്പറ്റി വളര്‍ന്ന കേസ് സിപിഐഎം ബന്ധമുള്ള എന്‍. വാസു അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് തിരഞ്ഞെടുപ്പ് വിഷയമായി മാറിയത്. അതേസമയം പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വര്‍ണക്കൊള്ള തിരിച്ചടിയാകില്ലെന്ന ആത്മവിശ്വാസത്തിലാണ് സിപിഐഎം.
പത്മകുമാറിന്റെ അറസ്റ്റ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മദ്ധ്യകേരളത്തില്‍ വലിയ ചര്‍ച്ചയായി മാറുമോ എന്ന ആശങ്ക സിപിഐഎമ്മിനുണ്ട്. കേസില്‍ പത്മകുമാര്‍ നല്‍കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുതിയ നേതാക്കളിലേക്ക് നീങ്ങുമോ എന്ന ആശങ്കയും ഇടത് രാഷ്ട്രീയ വൃത്തങ്ങളിലുണ്ട്. കൂടുതല്‍ പേര്‍ അന്വേഷണ വലയത്തിലേക്ക് വരുമോ എന്ന ആശങ്കയ്ക്ക് പുറമേയാണിത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തിരിച്ചടി ഉണ്ടായാല്‍ തന്നെ, പ്രചാരണം നടത്തി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അതു മറികടക്കാന്‍ കഴിയുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ രാഷ്ട്രീയ ബന്ധമുള്ളവരുടെ അറസ്റ്റ് തിരിച്ചടി ഉണ്ടാക്കുമെങ്കിലും അത് നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീണ്ടു പോകാതിരിക്കാന്‍ സഹായിച്ചേക്കും എന്നാണ് സിപിഐഎമ്മിന്റെ പ്രതീക്ഷ.