-->
ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും മാത്രമല്ല മനസ്സിനെ ഏറെ സ്പര്‍ശിക്കുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ ബംഗളൂരുവില്‍ നിന്നും വൈറലാകുന്നത്. ഒരു ഓട്ടോ ഡ്രൈവര്‍ തന്റെ വാഹനത്തില്‍ ഒരു യാത്രക്കാരന്‍ മറന്നുവച്ചിട്ടുപോയ പണം നിറച്ച ബാഗ് തിരികെ നല്‍കിയതാണ് സംഭവം. ഡ്രൈവറുടെ സത്യസന്ധമായ ഈ പ്രവൃത്തി വ്യാപകമായ പ്രശംസയാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റുവാങ്ങുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന വൈറലായ വീഡിയോയില്‍, ഓട്ടോ ഡ്രൈവറുടെ ദയയെയും സത്യസന്ധതയെയും യാത്രക്കാരന്‍ പുകഴ്ത്തുന്നത് കാണാം. ആ പണം തിരികെ നല്‍കാന്‍ ഒരു നിമിഷം പോലും ഡ്രൈവര്‍ക്ക് ആലോചിക്കേണ്ടി വന്നില്ല എന്നതാണ് സത്യം. ഈ സംഭവം മനുഷ്യത്വത്തിലുള്ള തന്റെ വിശ്വാസം വീണ്ടെടുക്കാന്‍ കാരണമായി എന്നാണ് യാത്രക്കാരന്‍ പറയുന്നത്. യാത്രക്കാരന്‍ തന്നെ കുറിച്ച് നല്ല നല്ല വാക്കുകള്‍ പറയുകയും പ്രശംസിക്കുകയും ഒക്കെ ചെയ്യുമ്പോഴെല്ലാം നിഷ്‌കളങ്കമായി പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഡ്രൈവറേയും വീഡിയോയില്‍ കാണാം.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിച്ചത്. അനേകങ്ങള്‍ വീഡിയോയ്ക്ക് കമന്റുകളും നല്‍കി. 'ഓട്ടോ ഡ്രൈവറായ രാജു ചെയ്തത് വളരെ നല്ല പ്രവൃത്തിയാണ്. അവന്‍ കഠിനാധ്വാനം ചെയ്തു, വിയര്‍പ്പൊഴുക്കി, പക്ഷേ ചതിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തില്ല' എന്നാണ് ഒരാള്‍ കമന്റ് നല്‍കിയത്. 'മനുഷ്യത്വം ഇപ്പോഴും എവിടെയൊക്കെയോ നിലനില്‍ക്കുന്നുണ്ട്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.