-->
ഫ്രഞ്ച് സംസാരിക്കുന്ന ഒരു ഇന്ത്യന്‍ ഓട്ടോ ഡ്രൈവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അമേരിക്കയില്‍ നിന്നുള്ള കണ്ടന്റ് ക്രിയേറ്ററെ ഞെട്ടിച്ചുകൊണ്ടാണ് ഈ ഇന്ത്യന്‍ ഓട്ടോ ഡ്രൈവര്‍ അപ്രതീക്ഷിതമായി ഫ്രഞ്ച് ഭാഷ സംസാരിച്ചത്. jaystreazy എന്ന യൂസറാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഓട്ടോ ഡ്രൈവര്‍ യുവാവിനോട് ഏതൊക്കെ ഭാഷ സംസാരിക്കുമെന്ന് ചോദിച്ചു. ഫ്രഞ്ചും ഇംഗ്ലീഷും എന്നാണ് യുവാവിന്റെ മറുപടി. ആ സമയത്ത് ഓട്ടോ ഡ്രൈവര്‍ ഫ്രഞ്ച് സംസാരിക്കാന്‍ തുടങ്ങുകയായിരുന്നു. ഇത് യുവാവിനെ ആകെ അമ്പരപ്പിച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്തായാലും ഈ സംഭാഷണം പിന്നീട് ചിരിയിലേക്കാണ് പോയത്.
വീഡിയോയില്‍ ആദ്യം എത്ര ഭാഷ സംസാരിക്കുമെന്ന് ഓട്ടോ ഡ്രൈവര്‍ യുവാവിനോട് ചോദിക്കുന്നത് കാണാം. തനിക്ക് രണ്ട് ഭാഷ മാത്രമേ സംസാരിക്കാന്‍ അറിയൂ എന്നാണ് യുവാവിന്റെ മറുപടി. അത് ഫ്രഞ്ചും ഇംഗ്ലീഷുമാണ് എന്നും പറയുന്നു. എന്നാല്‍, അടുത്ത നിമിഷം സ്വിച്ചിട്ട പോലെ ഓട്ടോ ഡ്രൈവര്‍ ഫ്രഞ്ച് സംസാരിക്കുകയാണ്. അത് കേട്ട് എന്താണ് അയാള്‍ പറയുന്നത് എന്ന് മനസിലാകാതെ അമ്പരക്കുകയാണ് ആദ്യം യുവാവ്. എന്നാല്‍, പിന്നീടാണ് ഓട്ടോ ഡ്രൈവര്‍ ഫ്രഞ്ചില്‍ സംസാരിക്കുകയാണ് എന്ന് മനസിലാവുന്നത്. അതോടെ യുവാവിന് ചിരി വരുന്നു.
വീഡിയോ ഇതിനകം 1.4 മില്ല്യണ്‍ ആളുകളാണ് കണ്ടിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നതും. കണ്ടന്റ് ക്രിയേറ്ററായ യുവാവും ഇന്ത്യന്‍ ഓട്ടോ ഡ്രൈവറും തമ്മിലുള്ള സംഭാഷണം രസകരം തന്നെ എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള തന്റെ അനുഭവങ്ങള്‍ യുവാവ് നേരത്തേയും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഒരുപക്ഷേ, അതില്‍ ഏറ്റവും അധികം ആളുകളെ ആകര്‍ഷിച്ച പോസ്റ്റ് ഇതായിരുന്നിരിക്കണം.