Thursday, March 12, 2026 Last Updated 35 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 17 Nov 2025 08.53 AM

ബിഎല്‍ഒ യുടെ ആത്മഹത്യ: വന്‍ പ്രതിഷേധത്തിനൊരുങ്ങി സിപിഎമ്മും കോണ്‍ഗ്രസും

uploads/news/2025/11/811275/BJP---congrass.jpg

തിരുവനന്തപുരം: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബി.എല്‍.ഒ. അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവം തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ ആയുധമാക്കാന്‍ സി.പി.എമ്മും കോണ്‍ഗ്രസും. എസ്.ഐ.ആറുമായി(വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം) ബന്ധപ്പെട്ട ജോലിസമ്മര്‍ദമാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഈ സാഹചര്യത്തില്‍ എസ്.ഐ.ആര്‍. നീട്ടിവയ്ക്കണമെന്ന ആവശ്യം സി.പി.എമ്മും കോണ്‍ഗ്രസും വീണ്ടും ഉന്നയിക്കും. സുപ്രീം കോടതിയിലും വിഷയം ഉന്നയിക്കും. തെരഞ്ഞെടുപ്പ് കമ്മിഷണറെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ അണികള്‍ക്കും നേതാക്കള്‍ക്കും സി.പി.എം. നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്.ഐ.ആര്‍. വിവരശേഖരണത്തിനുള്ള എന്യൂമറേഷന്‍ ഫോമുകളുമായി ബി.എല്‍.ഒമാര്‍ വീടുകളിലെത്തിത്തുടങ്ങി.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനു സമാന്തരമായാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തുടങ്ങിവെച്ച എസ്.ഐ.ആറും നടക്കുന്നത്. രണ്ടും രണ്ടാണെന്ന ധാരണ അധികംപേര്‍ക്കുമില്ല. ഇതിനു പുറമേ ഫോറം പൂരിപ്പിക്കലിലും നിരവധി സംശയങ്ങളും സങ്കീര്‍ണതകളുമുണ്ട്. ബി.എല്‍.ഒമാര്‍ക്കു കൃത്യമായ പരിശീലനം ലഭിക്കാത്തതും പ്രതിസന്ധിയാണ്.

എസ്.ഐ.ആര്‍. നടപടികളില്‍ ഏറ്റവും പ്രധാനമാണ് എന്യൂമറേഷന്‍ ഫോറം വിതരണവും തിരികെ വാങ്ങലുമടക്കമുള്ള വിവരശേഖരണഘട്ടം. നിലവിലെ ഷെഡ്യൂള്‍ പ്രകാരം നവംബര്‍ നാലു മുതല്‍ ഡിസംബര്‍ നാലുവരെയാണ് വിവരശേഖരണ നടപടികള്‍.

25,000 ബി.എല്‍.ഒമാരാണ് ഫീല്‍ഡിലുള്ളത്. എത്ര പേര്‍ക്ക് ഫോം വിതരണം ചെയ്തുവെന്ന വിവരവും തിരികെ വാങ്ങുന്നതും ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യണം. വിതരണം ചെയ്യാത്ത ഫോമുകളുണ്ടെങ്കില്‍ അതിന്റെ കാരണം ബി.എല്‍.ഒമാര്‍ രേഖപ്പെടുത്തണം. ഇങ്ങനെ ഏറെ ജോലികള്‍ സമയബന്ധിതമായി തീര്‍ക്കണം. ഇതിന് ഒരു മാസം സമയം പോരെന്ന് സി.പി.എമ്മും കോണ്‍ഗ്രസും നിലപാട് എടുത്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ അതു തള്ളി. ഇതിനിടെയാണ് ബി.എല്‍.ഒയുടെ ആത്മഹത്യ.

സമഗ്ര വോട്ടര്‍ പട്ടികാ പരിഷ്‌ക്കരണത്തിനെതിരേ നിലപാടു കടുപ്പിച്ച സി.പി.എം കണ്ണൂരിലെ ബി.എല്‍.ഒയുടെ ആത്മഹത്യയെ ഗൗരവത്തില്‍ എടുക്കും. എസ്.ഐ.ആറിനെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമ്പോള്‍ സി.പി.എം കക്ഷിചേരും.

കോണ്‍ഗ്രസും ഇതിനുള്ള തയാറെടുപ്പിലാണ്. തദ്ദേശതെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 9 ന് എസ്.ഐ.ആര്‍. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്ന് ബി.ജെ.പി. ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര കമ്മിഷന്‍ നല്‍കിയ തിയതി അനുസരിച്ചാണ് എസ്.ഐ.ആര്‍ മുന്നോട്ട് പോകുന്നതെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ ഖേല്‍ക്കര്‍ ഇതിനോട് പ്രതികരിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW