-->
ലോകത്തില്‍ എവിടെ ചെന്നാലും എന്ത് പ്രശ്‌നത്തെയും അതിജീവിക്കാന്‍ കഴിവുള്ളവരാണ് ഇന്ത്യക്കാര്‍ എന്ന് നാം പറയാറുണ്ട്. കാരണം ഏത് സാഹചര്യത്തിലും എന്ത് പ്രതിസന്ധിയിലും ജീവിക്കാന്‍ പഠിച്ചവരാണ് നമ്മള്‍. എന്തായാലും, അത്തരത്തിലുള്ള ഇന്ത്യക്കാരുടെ ഒരു കഴിവ് കണ്ട് അന്തംവിട്ട് നില്‍ക്കുകയാണ് ഒരു പോളിഷ് വനിത. സോഷ്യല്‍ മീഡിയയിലാണ് ഇതിന്റെ വീഡിയോ അവര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യക്കാരനായ ഒരു യുവാവ് ഒരു ബൈക്കില്‍ അനേകം കസേരകള്‍ ഒന്നിച്ച് കയറ്റിക്കൊണ്ടുപോകുന്ന രംഗമാണ് പോളണ്ടില്‍ നിന്നുള്ള യുവതിയെ അമ്പരപ്പിച്ചിരിക്കുന്നത്.
ഡൊമിനിക്ക പതാലസ് കല്‍റ എന്ന സ്ത്രീയാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഈ ചെറിയ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അധികം വൈകാതെ തന്നെ അത് നെറ്റിസണ്‍സിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. വീഡിയോയില്‍ ഒരു യുവാവ് ബൈക്കോടിച്ച് പോകുന്നത് കാണം. ബൈക്കിന്റെ പിന്നിലായി നിരവധി കസേരകള്‍ ബാലന്‍സ് ചെയ്ത് വച്ചിരിക്കുന്നതും വീഡിയോയില്‍ കാണാവുന്നതാണ്. 'ബൈക്കില്‍ 20 ല്‍ അധികം കസേരകള്‍ ചുമന്നുകൊണ്ട് പോകുന്നു. ഇന്ത്യയില്‍ എല്ലാം സാധ്യമാണ്' എന്നാണ് വീഡിയോയില്‍ എഴുതിയിരിക്കുന്നത്.
വീഡിയോയില്‍ യുവാവ് എത്ര സൂക്ഷ്മമായിട്ടാണ് ഈ കസേരകളെല്ലാം തന്നെ ബൈക്കില്‍ വച്ചുകൊണ്ടുപോകുന്നത് എന്ന് കാണാം. വളരെ സൂക്ഷ്മമായി കസേരകളുമായി പോകുന്ന യുവാവ് ആരെയും അമ്പരപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, നമ്മള്‍ ഇന്ത്യക്കാരെ സംബന്ധിച്ച് ഇത്തരം കാഴ്ചകള്‍ നാം ഇടയ്‌ക്കൊക്കെ കാണുന്നുണ്ടാവും അല്ലേ? എന്തായാലും, യുവതി ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് അനേകങ്ങളാണ് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ എല്ലാം സാധ്യമാണ് എന്ന് തന്നെയാണ് മിക്കവരും അഭിപ്രായപ്പെട്ടിരിക്കുന്നത്.