-->
കറാച്ചി: സുരക്ഷാ ആശങ്കകളെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനില്‍ ക്രിക്കറ്റ് പരമ്പരയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശ്രീലങ്കന്‍ ടീമിനോട് എന്തു സംഭവിച്ചാലും പരമ്പര കഴിഞ്ഞിട്ട് പോന്നാല്‍ മതിയെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. കഴിഞ്ഞ ദിവസം പാകിസ്താനില്‍ സ്‌ഫോടനം ഉണ്ടായ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ ടീമില്‍ ഭൂരിപക്ഷം കളിക്കാരും നാട്ടിലേക്ക്മടങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലൂം പാക് ക്രിക്കറ്റ് ബോര്‍ഡ് അവരെ സുരക്ഷാ ഉറപ്പ് നല്‍കിയെന്നും രണ്ടാം ഏകദിനം കളിക്കണമെന്നുമാണ് നിര്‍ദേശം.
ഇസ്ലാമാബാദില്‍ ആദ്യ ഏകദിനത്തിന് തൊട്ടുമുമ്പായിരുന്നു ചാവേര്‍ ആക്രമണം നടന്നത്. എന്നിട്ടും ആദ്യ ഏകദിനം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ രണ്ടാം ഏകദിനം വെള്ളിയാഴ്ച നടക്കാനിരിക്കെ ശ്രീലങ്കന്‍ ടീമിലെ എട്ടു കളിക്കാര്‍ മുമ്പോട്ടുവെച്ച മടങ്ങണമെന്ന ആവശ്യം ശ്രീലങ്കന്‍ ബോര്‍ഡ് തള്ളുകയായിരുന്നു. റാവല്‍പിണ്ടിയിലാണ് ശ്രീലങ്കയും പാകിസ്താനും തമ്മിലുള്ള മത്സരം ഷെഡ്യൂള്‍ ചെയ്തിരുന്നത്. അതേസമയം മത്സരങ്ങള്‍ നടക്കുന്ന ഇരട്ട നഗരങ്ങളായ റാവല്‍പിണ്ടിയുടെയും ചാവേര്‍ ബോംബാക്രമണം നടന്ന ഇസ്ലാമാബാദിന്റെയും ഭൂമിശാസ്ത്രപരമായ സാമീപ്യമാണ് കളിക്കാരുടെ ആശങ്കകള്‍ക്ക് കാരണമായതെന്ന് റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ പരമ്പരയുടെ മധ്യത്തില്‍ നാട്ടിലേക്ക് മടങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ്ബാര്‍ഡ് കളിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 'സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ പര്യടനം നടത്തുന്ന ദേശീയ ടീമിലെ നിരവധി അംഗങ്ങള്‍ നാട്ടിലേക്ക് മടങ്ങാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ടീം മാനേജ്മെന്റ് ഇന്ന് രാവിലെ ശ്രീലങ്കന്‍ ക്രിക്കറ്റിനെ (എസ്എല്‍സി) അറിയിച്ചു. ഈ സംഭവവികാസത്തെത്തുടര്‍ന്ന്, എസ്എല്‍സി ഉടന്‍ തന്നെ കളിക്കാരുമായി ഇടപെട്ടു, അത്തരം എല്ലാ ആശങ്കകളും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായും (പിസിബി) ബന്ധപ്പെട്ട അധികാരികളുമായും അടുത്ത ഏകോപനത്തോടെ പരിഹരിക്കമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കി. ഈ സാഹചര്യത്തില്‍, ഷെഡ്യൂള്‍ ചെയ്ത പ്രകാരം പര്യടനം തുടരാന്‍ എസ്എല്‍സി എല്ലാ കളിക്കാരോടും സപ്പോര്‍ട്ട് സ്റ്റാഫുകളോടും ടീം മാനേജ്മെന്റിനോടും നിര്‍ദ്ദേശിച്ചു.
നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും കളിക്കാര്‍ ഇപ്പോഴും നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചാല്‍, ബോര്‍ഡിന് അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. കൂടാതെ, പുറപ്പെടുന്ന കളിക്കാര്‍ക്ക് പകരക്കാരെ നിശ്ചയിക്കുമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ്‌ബോര്‍ഡ് പറഞ്ഞു. ഏകദിന പരമ്പര അവസാനിച്ചതിന് ശേഷം സിംബാബ്വെ ഉള്‍പ്പെടുന്ന ഒരു ടി20 ത്രിരാഷ്ട്ര പരമ്പര പാകിസ്ഥാനും ശ്രീലങ്കയും കളിക്കും. നവംബര്‍ 17 മുതല്‍ 29 വരെ റാവല്‍പിണ്ടിയിലും ലാഹോറിലുമായി മത്സരങ്ങള്‍ നടക്കും. പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി കൂടിയായ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മേധാവി മൊഹ്സിന്‍ നഖ്വി മൂന്ന് ടീമുകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.