Thursday, March 12, 2026 Last Updated 34 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 08.30 AM

ഇന്ത്യയ്‌ക്കെതിരേ ലോകകപ്പിലെ മത്സരം കളിക്കില്ല ; സ്വന്തം ടീമിന്റെ നിലപാട് സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി

uploads/news/2026/02/824005/india---pak-cricket1.gif

ന്യൂഡല്‍ഹി: ലോകകപ്പ് തുടങ്ങാനിരിക്കെ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരം കളിക്കില്ലെന്ന കാര്യത്തില്‍ സ്ഥിരീകരണം.
ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ബുധനാഴ്ച വീണ്ടും വ്യക്തമാക്കി. ഇക്കാര്യത്തില്‍ രാജ്യം വ്യക്തമായ നിലപാട് എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 15-ന് ശ്രീലങ്കയില്‍ വെച്ചാണ് ഇന്ത്യാ - പാകിസ്താന്‍ മത്സരം നടക്കുക. ഇസ്ലാമാബാദില്‍ ഫെഡറല്‍ കാബിനറ്റിനെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഗവണ്‍മെന്റ് തലത്തില്‍ വിശദമായ വിലയിരുത്തലുകള്‍ നടത്തിയ ശേഷമാണ് തീരുമാനിച്ചതെന്നും ഇത് ഉചിതമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായികരംഗത്ത് രാഷ്ട്രീയം പാടില്ല എന്ന് കൂടി പറഞ്ഞശേഷമാണ് ഷെരീഫ്, പാകിസ്ഥാന്‍ ടീം ഇന്ത്യയ്ക്കെതിരെ കളത്തിലിറങ്ങില്ലെന്ന് ആവര്‍ത്തിച്ചത്.

പാകിസ്ഥാന്റെ ഈ തീരുമാനത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വിമര്‍ശിച്ചു. ഒരു ആഗോള കായിക ടൂര്‍ണമെന്റില്‍ ചില മത്സരങ്ങളില്‍ മാത്രം പങ്കെടുക്കാതിരിക്കുന്നത് ശരിയല്ലെന്നും ഇത് ടൂര്‍ണമെന്റിന്റെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണെന്നും ഐസിസി പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ ടീമുകളും തുല്യ വ്യവസ്ഥയില്‍ മത്സരിക്കണമെന്നാണ് ഐസിസി പ്രതീക്ഷിക്കുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ തീരുമാനത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും ഐസിസി മുന്നറിയിപ്പ് നല്‍കി.

ബംഗ്ലാദേശ് ടീം ഇന്ത്യയിലേക്ക് വരാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അവര്‍ക്ക് പകരം സ്‌കോട്ട്ലന്‍ഡിനെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളിയിരുന്നു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് 2026-ലെ ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഗ്രൂപ്പ് എ-യില്‍ ഇന്ത്യ, നമീബിയ, നെതര്‍ലന്‍ഡ്സ്, യുഎസ്എ എന്നിവര്‍ക്കൊപ്പമാണ് പാകിസ്ഥാന്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ പാകിസ്ഥാന്റെ റെക്കോര്‍ഡ് വളരെ മോശമാണ്. ഇതുവരെ കളിച്ച 8 മത്സരങ്ങളില്‍ 7 എണ്ണത്തിലും ഇന്ത്യയാണ് വിജയിച്ചത്. കഴിഞ്ഞ ഏഷ്യാ കപ്പിലും അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ തുടങ്ങിയ യുവതാരങ്ങളുടെ മികവില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW