-->
ഇന്ത്യയിലെത്തുന്ന വിദേശ വ്‌ളോഗര്‍മാരുമായി ബന്ധപ്പെട്ട ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ വിദേശിയായ ഒരു യുവാവ് ബെംഗളൂരുവില്‍ ബിബിഎംപി (Bruhat Bengaluru Mahanagara Palike) തൊഴിലാളികളുടെ കൂടെ കൂടി തെരുവുകള്‍ വൃത്തിയാക്കുന്ന കാഴ്ചയാണ് വൈറലാകുന്നത്. അമേരിക്കയില്‍ നിന്നുള്ള ടോണി ക്ലോയര്‍ എന്ന യുവാവിന് ഇന്ത്യയില്‍ താമസിക്കാന്‍ അഞ്ച് വര്‍ഷത്തെ വിസയാണുള്ളത്. കുറച്ചു കാലമായി ടോണി ബെംഗളൂരുവില്‍ താമസിക്കുകയാണ്. ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോയില്‍, നഗരത്തിലെ ശുചീകരണ തൊഴിലാളികളോടൊപ്പം ടോണി ഒരു നടപ്പാത തൂത്തുവാരുന്നതാണ് കാണുന്നത്.
ഇതിലെ ഏറ്റവും ആകര്‍ഷകമായ കാര്യം എന്തെന്നാല്‍ ബിബിഎംപി തൊഴിലാളിയെ പോലെ തന്നെയാണ് ടോണി വേഷം ധരിച്ചിരിക്കുന്നതും. ശുചീകരണത്തൊഴിലാളിയുടെ വേഷത്തില്‍ ചൂലുമായി മറ്റ് ശുചീകരണ തൊഴിലാളികളോടൊപ്പം പുഞ്ചിരിയോടെ തെരുവുകള്‍ വൃത്തിയാക്കുന്ന ടോണിയെ വീഡിയോയില്‍ കാണാം. താന്‍ ബിബിഎംപിയിലെ ഹീറോകള്‍ക്കൊപ്പം ഒരു ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്യുകയാണ് എന്നാണ് ടോണി പറയുന്നത്. വീഡിയോയില്‍ ശൂചീകരണത്തൊഴിലാളികളായ സ്ത്രീകള്‍ ടോണിക്ക് തങ്ങളുടെ യൂണിഫോം പോലെയുള്ള വേഷം ധരിപ്പിച്ച് കൊടുക്കുന്നത് കാണാം. പിന്നീട്, ടോണി ചൂലുമായി വിവിധയിടങ്ങളില്‍ ചെല്ലുകയും തൂത്ത് വൃത്തിയാക്കുകയുമാണ്. ചില ആളുകളൊക്കെ കൗതുകത്തോടെ അയാളെ നോക്കുന്നതും കാണാം. ചില നാട്ടുകാരാവട്ടെ ചില നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്.
സംഗതി വൈറലാവാന്‍ വേണ്ടി തന്നെ ചെയ്തതായിരിക്കാമെങ്കിലും സംഗതി വീഡിയോ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നതും. പലരും നഗരം വൃത്തിയായി സൂക്ഷിക്കാന്‍ വേണ്ടി ജോലി ചെയ്യുന്ന ശുചീകരണത്തൊഴിലാളികളെ പുകഴ്ത്താനായിട്ടാണ് ഈ സന്ദര്‍ഭം വിനിയോഗിച്ചത്. ഒപ്പം അവര്‍ക്കൊപ്പം ചേര്‍ന്നതില്‍ പലരും ടോണിയെ അഭിനന്ദിക്കുകയും ചെയ്തു.