Thursday, March 12, 2026 Last Updated 3 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 22 Sep 2025 07.57 AM

ഇന്ത്യയിലെ ജീവിതം വിലമതിക്കാനാവാത്തത്, ആശുപത്രി സേവനങ്ങള്‍ അത്ഭുതം തന്നെ: അനുഭവം പങ്കിട്ട് അമേരിക്കന്‍ യുവതി

american, woman, experience, indian, hospital

ഇന്ത്യയില്‍ താമസമാക്കിയിട്ടുള്ള പല വിദേശികളും ഇന്ത്യയിലെ തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന അമേരിക്കന്‍ യുവതിയായ ക്രിസ്റ്റണ്‍ ഫിഷര്‍, തന്നെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്ത ഒരനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ഇന്ത്യയിലെ ചികിത്സാരംഗവുമായി ബന്ധപ്പെട്ട ഈ പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തന്റെ തള്ളവിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു പ്രാദേശിക ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍, മുഴുവന്‍ ചികിത്സയ്ക്കുംകൂടി വെറും 50 രൂപ (ഏകദേശം 60 സെന്റ്) മാത്രമാണ് ബില്ലായി വന്നത് എന്നാണ് ക്രിസ്റ്റണ്‍ ഫിഷര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

വീഡിയോയില്‍ ഫിഷര്‍ പറയുന്നതിങ്ങനെ, 'എന്റെ തള്ളവിരല്‍ ആഴത്തില്‍ മുറിഞ്ഞു. ഒരുപാട് രക്തം പോയതുകൊണ്ട് എനിക്ക് തുന്നലിടേണ്ടിവരുമെന്ന് ഞാന്‍ കരുതി. വീട്ടില്‍നിന്ന് മിനിറ്റുകള്‍ മാത്രം അകലെയുള്ള ഒരു ആശുപത്രിയിലേക്ക് സൈക്കിളില്‍ വേഗത്തില്‍ പോയി. അവിടെ എത്തിയ ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ ചികിത്സ നല്‍കി. വേദനയുണ്ടായിരുന്നെങ്കിലും മുറിവിന് തുന്നലിടേണ്ടിവന്നില്ല. 45 മിനിറ്റിനുള്ളില്‍ മുറിവ് വൃത്തിയാക്കി കെട്ടിയശേഷം ഞാന്‍ ആശുപത്രിയില്‍നിന്ന് മടങ്ങി. ചികിത്സ കഴിഞ്ഞ് ഞാന്‍ പണം അടയ്ക്കാന്‍ ചെന്നപ്പോള്‍ 50 രൂപ തന്നാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല' ഫിഷര്‍ വീഡിയോയില്‍ പറഞ്ഞു.

എന്നാല്‍ ഇതേ ചികിത്സയ്ക്ക് അമേരിക്കയില്‍ എത്ര ചിലവ് വരുമെന്നും ഫിഷര്‍ താരതമ്യം ചെയ്തു. ചെറിയൊരു മുറിവിന് പോലും നൂറുകണക്കിന് ഡോളര്‍ ചിലവാകുമെന്നും ഇന്ത്യയില്‍ ഒരു ഡോളറില്‍ താഴെ മാത്രം നല്‍കിയാല്‍ മതിയായെന്നും അവര്‍ പറഞ്ഞു. ഇന്ത്യയില്‍ ആരോഗ്യകേന്ദ്രങ്ങള്‍ വളരെ എളുപ്പത്തില്‍ ലഭ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. 'എന്റെ വീടിനടുത്ത് അഞ്ച് മിനിറ്റ് നടന്നാല്‍ എത്താവുന്ന ദൂരത്തില്‍ ഒരു ആശുപത്രിയുണ്ട്. ക്ലിനിക്കുകള്‍, എമര്‍ജന്‍സി റൂമുകള്‍, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം എന്നിവയെല്ലാം ഇവിടെ എളുപ്പത്തില്‍ ലഭ്യമാണ്. ഇന്ത്യയിലെ ജീവിതത്തില്‍ ഞാന്‍ ഏറെ വിലമതിക്കുന്ന ഒന്നാണിത്' അവര്‍ കൂട്ടിച്ചേര്‍ത്തു.

നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് ഫിഷറുടെ കഥ ഓണ്‍ലൈനില്‍ ശ്രദ്ധ നേടിയത്. ഇന്ത്യയുടെ ആരോഗ്യസംവിധാനത്തെ പലരും പ്രശംസിച്ചപ്പോള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ക്ലിനിക്കുകള്‍, സ്‌പെഷ്യാലിറ്റി കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലെ ചികിത്സാച്ചെലവിലും ഗുണനിലവാരത്തിലും വ്യത്യാസങ്ങളുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW