-->
രാജ്യത്തെ നടുക്കിയ ആണവ ദുരന്തം നടന്ന ചെര്‍ണോബില്‍ന് സമീപത്തായി നിരവധി നീല നിറത്തിലുള്ള നായ്ക്കളെ കണ്ടതായി റിപ്പോര്‍ട്ട്. ഇവയുടെ ഞെട്ടിക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ ആളുകളെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിലാണ് ഈ മാറ്റം സംഭവിച്ചതെന്നും അതിന്റെ കാരണമെന്താണെന്ന് തങ്ങള്‍ക്ക് ഉറപ്പില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. 'ഡോഗ്‌സ് ഓഫ് ചെര്‍ണോബില്‍' എന്ന ഓര്‍ഗനൈസേഷനാണ് ഇവിടെയുള്ള നായകളെ പരിചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഓര്‍ഗനൈസേഷന്‍ പറയുന്നതും എന്തുകൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് തങ്ങള്‍ക്ക് ഉറപ്പില്ല എന്നാണ്.
'ചെര്‍ണോബിലില്‍ കണ്ടെത്തിയ നീലനിറത്തിലുള്ള നായ്ക്കള്‍. നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടുന്ന വളരെ വ്യത്യസ്തമായ ഒരു അനുഭവമാണിത്. വന്ധ്യംകരണത്തിനായി നായ്ക്കളെ പിടികൂടുന്നതിനായി ഞങ്ങള്‍ അവിടെയുണ്ടായിരുന്നു. പൂര്‍ണമായും നീലനിറമായ മൂന്ന് നായ്ക്കളെയാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്കും കൃത്യമായി അറിയില്ല' എന്ന് കുറിച്ചുകൊണ്ട് ഡോഗ്‌സ് ഓഫ് ചെര്‍ണോബില്‍ ഓര്‍ഗനൈസേഷന്‍ തന്നെയാണ് ഇവയുടെ ചിത്രങ്ങള്‍ പങ്കുവച്ചത്.
'ഇവിടെയുള്ള ആളുകളും ഞങ്ങളോട് നായകള്‍ നീലനിറമായതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എന്നാല്‍, ഞങ്ങള്‍ക്കും അതേക്കുറിച്ചറിയില്ല. എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ ഞങ്ങള്‍ അവയെ പിടികൂടാന്‍ ശ്രമിക്കയാണ്. ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കളായിരിക്കാം ഇതിന് കാരണം എന്നാണ് കരുതുന്നത്. അവ വളരെ ആക്ടീവായിട്ടാണ് നില്‍ക്കുന്നത്, അതിനാല്‍ തന്നെ ഇപ്പോള്‍ അവയെ പിടികൂടാന്‍ സാധിക്കില്ല' എന്നും കുറിപ്പില്‍ പറയുന്നു.
വീഡിയോയില്‍ നിരവധി നായ്ക്കളെ കാണാം. അതില്‍ നീലനിറത്തിലുള്ള നായകളെയും കാണാം. വീഡിയോയുടെ താഴെ നിരവധിപ്പേരാണ് കമന്റ് നല്‍കിയിരിക്കുന്നത്. എന്താവാം നായകള്‍ക്ക് നീലനിറം വരാന്‍ കാരണം എന്നാണ് മിക്കവരും ചോദിക്കുന്നത്. അതേസമയം, ചരിത്രത്തിലെ ഏറ്റവും വലിയ ആ!ണവോര്‍ജ്ജ ദുരന്തമാണ് 1986 ലെ ചെര്‍ണോബില്‍ ന്യൂക്ലിയര്‍ ദുരന്തം. ഏപ്രില്‍ 26 ന് രാത്രി 01:23:40 നായിരുന്നു അപകടം നടന്നത്. പ്രിപ്യാറ്റിലെ ചെര്‍ണോബില്‍ ആണവോര്‍ജ്ജ പ്ലാന്റിലെ നാലാം നമ്പര്‍ റിയാക്ടര്‍ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് കാരണമായത്.