-->
മയാമി: അടുത്ത ലോകകപ്പിലും അര്‍ജന്റീന ദേശീയ ടീമില്‍ കളിക്കാന്‍ ആഗ്രമുണ്ടെന്ന് തുറന്ന് പറഞ്ഞ് ഇതിഹാസ ഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സി. ശാരീരികക്ഷമതയുണ്ടെങ്കില്‍ ടീമില്‍ പ്രധാന റോള്‍ വഹിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ഗ്രൂപ്പിനും ദേശീയടീമിനും അനുയോജ്യനാണോ എന്നറിയാന്‍ ലോകകപ്പിന് മുമ്പുള്ള സീസണുകളില്‍ ശാരീരികക്ഷമത പരിശോധിക്കുമെന്നും പറഞ്ഞു.
അടുത്ത ജൂണില്‍ 39 തികയുന്ന ലിയോ അര്‍ജന്റീനയെ ലോകകപ്പ് യോഗ്യതയിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിരുന്നു. ഇത്തവണ ലോകകപ്പ് നിലനിര്‍ത്താന്‍ ഇറങ്ങുന്ന ടീമില്‍ താരമുണ്ടാകുമോ എന്ന ആകാംഷ ആരാധകര്‍ക്കുമുണ്ട്. വിരമിക്കല്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടു അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കുവേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നതായി താരം പറഞ്ഞു.
പക്ഷേ ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയുമോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് തന്റെ ശരീരം കേള്‍ക്കുമെന്ന് അദ്ദേഹം പറയുന്നു. അടുത്ത വര്‍ഷം വടക്കേ അമേരിക്കയില്‍ 'ആല്‍ബിസെലെസ്റ്റെ' കിരീടം നിലനിര്‍ത്തുമ്പോള്‍ കളിക്കളത്തിലുണ്ടാകാന്‍ ആഗ്രഹിക്കുന്നു. അടുത്ത വര്‍ഷം അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് തന്റെ ശരീരം എങ്ങനെയാണെന്ന് കാണുമെന്ന്.
ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയുന്നത് അസാധാരണമായ കാര്യമായി വിലയിരുത്തുന്ന മെസ്സി ശാരീരികക്ഷമതയില്‍ തുടരുന്നെങ്കില്‍, ദേശീയ ടീമിനെ സഹായിക്കുന്നതില്‍ ഒരു പ്രധാന ഭാഗമാകാന്‍ ആഗ്രഹമുണ്ടെന്ന് അടുത്ത ജൂണില്‍ 39 വയസ്സ് തികയുന്ന മെസ്സി പറഞ്ഞു. അടുത്ത വര്‍ഷം ഇന്ററിനൊപ്പം പ്രീസീസണ്‍ ആരംഭിക്കുമ്പോള്‍ ദിനംപ്രതി ശാരീരികാവസ്ഥ വിലയിരുത്തുമെന്നും ശരീരം 100 ശതമാനവും ഫിറ്റാണെങ്കില്‍ ഗ്രൂപ്പിനും ദേശീയ ടീമിനും ഉപയോഗപ്രദമാകാന്‍ കഴിയുമോ എന്ന് നോക്കുമെന്നും പറഞ്ഞു.
17 വയസ്സില്‍ ലാ ലിഗയില്‍ ബാഴ്സലോണയ്ക്കൊപ്പം അരങ്ങേറ്റം കുറിച്ച മെസ്സി, 2021 ല്‍ പാരീസ് സെന്റ്-ജര്‍മ്മനില്‍ ചേര്‍ന്നു, 2023 ല്‍ എംഎല്‍എസിലേക്ക് മാറി. അര്‍ജന്റീനിയന്‍ ദേശീയ ടീമിനായി മെസ്സി 195 മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്, 114 ഗോളുകള്‍ നേടിയിട്ടുണ്ട്. ലയണല്‍ മെസ്സി അര്‍ജന്റീനയെ 2022 ലെ ഫിഫ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചിരുന്നു. ലോകകപ്പിലെ മികച്ച താരമാകാനും താരത്തിന് കഴിഞ്ഞിരുന്നു.