-->
കൊച്ചി: മെസ്സിയുടെ കേരള സന്ദർശനത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഉന്നതയോഗം ചേർന്നു. കായിക മന്ത്രി വി അബ്ദുറഹിമാന്‍, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ഡിജിപി, ചീഫ് സെക്രട്ടറി അടക്കം യോഗത്തിൽ പങ്കെടുത്തു.
നവംബര്‍ മാസം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്റ്റേഡിയം ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. കര്‍ശന സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കും. ഫാന്‍ മീറ്റ് നടത്താനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു. പാര്‍ക്കിങ്ങ്, ആരോഗ്യ സംവിധാനങ്ങള്‍, ശുദ്ധജല വിതരണം, വൈദ്യതി വിതരണം, മാലിന്യ സംസ്ക്കരണം തുടങ്ങിയ ക്രമീകരണം ഏര്‍പ്പാടാക്കും. മെസ്സിയുടെ സന്ദർശനം ഏകോപിക്കാൻ ഐഎഎസ് ഓഫീസർക്ക് ചുമതല നൽകി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചു. ജില്ലാതലത്തിൽ ഏകോപന ചുമതല കളക്ടർക്ക് നൽകി.
അതേസമയം ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിലേക്ക് വരുന്നതിന്റെ ഭാഗമായുള്ള ഫാൻസ് ഷോ പൂർണ്ണമായും സൗജന്യമാവുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ നേരത്തെ പറഞ്ഞിരുന്നു. സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷ പരിഗണിച്ച് സിറ്റിംഗ് കപ്പാസിറ്റി പൂർണ്ണമായും പ്രയോജനപ്പെടുത്തുമെന്നും എതിരാളികൾ ആരെന്ന പ്രഖ്യാപനം ഒരാഴ്ചക്കുള്ളിൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.