-->
മിയാമി: മെസ്സി കളിക്കാതിരുന്ന സൗഹൃദമത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ഒരുഗോള്‍ ജയം. വെനസ്വേലയ്ക്ക് എതിരേ ജിയോവാനി ലോ സെല്‍സോയായിരുന്നു അര്‍ജന്റീനയുടെ ഏകഗോള്‍ നേടിയത്. ശനിയാഴ്ച ഫ്‌ലോറിഡയിലെ മിയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ലിയോണേല്‍ മെസ്സിക്ക് വിശ്രമം നല്‍കിയ മത്സരത്തില്‍ കളിയുടെ 31 ാമത് മിനിറ്റിലായിരുന്നു അര്‍ജന്റീന സ്‌കോര്‍ ചെയ്തത്.
തിങ്കളാഴ്ച പ്യൂര്‍ട്ടോ റിക്കോയെയും അര്‍ജന്റീന നേരിടുന്നുണ്ട്. മെസ്സിക്ക് പുറമേ ഡീ പോളിനും കളിയുടെ തുടക്കത്തില്‍ പരിശീലകന്‍ സ്്കലോനി വിശ്രമം അനുവദിച്ചെങ്കിലൂം രണ്ടാം പകുതിയില്‍ അത്ലറ്റിക്കോ മാഡ്രിഡ് താരം ജൂലിയന്‍ അല്‍വാരസിന് പകരക്കാരനായി. 2026 ലോകകപ്പിനുള്ള തയ്യാറെടുപ്പിനായി ടീം വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങള്‍ ഉപയോഗിക്കുകയാണെന്ന് സ്‌കലോണി ആവര്‍ത്തിച്ചു.
ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ലിലെ ചേസ് സ്റ്റേഡിയത്തിലാണ് പ്യൂര്‍ട്ടോ റിക്കോയ്ക്കെതിരായ മത്സരം. ഇന്റര്‍ മിയാമിക്ക് ശനിയാഴ്ച മത്സരം ഉണ്ടായിരുന്നതിനാലാണ് മെസ്സിക്ക് വിശ്രമം അനുവദിച്ചത്. ശനിയാഴ്ച ചേസ് സ്റ്റേഡിയത്തില്‍ അറ്റ്‌ലാന്റ യുണൈറ്റഡ് എഫ്സിയെ നേരിടുന്ന അവസാന ഹോം മത്സരത്തില്‍ മെസ്സി ക്ലബ്ബിനൊപ്പം കളിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് താരത്തെ ക്ലബ്ബ് വിട്ടു നല്‍കാതിരുന്നത്.
ഒക്ടോബര്‍ 8 ന് 69 വയസ്സുള്ളപ്പോള്‍ അന്തരിച്ച അര്‍ജന്റീനിയന്‍ അന്താരാഷ്ട്ര കളിക്കാരനും മുന്‍ കളിക്കാരനുമായ മിഗുവല്‍ ഏഞ്ചല്‍ റുസ്സോയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് അര്‍ജന്റീനയുടെയും വെനിസ്വേലയുടെയും കളിക്കാര്‍ കിക്കോഫ് ചെയ്തത്.