-->
വംശനാശ ഭീഷണി നേരിടുന്ന ഒരു പക്ഷിയ്ക്ക് രക്ഷകരായി പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിര്‍മിക്കുന്ന ഒരു സിംഗിള്‍ മാള്‍ട്ട് വിക്‌സി കമ്പനി. ഗോഡവാന്‍ അഥവാ ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് എന്ന പക്ഷിയെയാണ് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ 1994ല്‍ വംശനാശഭീഷണി നേരിടുന്ന പക്ഷിയായി പ്രഖ്യാപിച്ചത്. ഒരിക്കല്‍ ഇന്ത്യയുടെ ദേശീയ പക്ഷിയാകാനുള്ള മത്സരത്തില്‍ മുന്നിലുണ്ടായിരുന്ന പക്ഷിയാണിത്. ഒരു കാലത്ത് ധാരളമായി കാണപ്പെട്ടിരുന്നെങ്കിലും ഇന്ന് നൂറില്‍ താഴെ മാത്രമാണ് ഇവയുടെ എണ്ണം.
ഗ്ലോബല്‍ സ്പിരിറ്റ് കമ്പനിയായ ഡിയാജിയോ ഇപ്പോള്‍ ഗോഡവാന്റെ ആവാസവ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുത്തന്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. അല്‍വാറിലാണ് ഡിയാജിയോയുടെ ഗോഡവാന്‍ എന്ന സിംഗിള്‍ മാള്‍ട്ട് വിസ്‌കി നിര്‍മിക്കുന്നത്. 2022 മാര്‍ച്ചിലാണ് അവര്‍ ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചത്. ഇതിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2023 മെയ് മാസത്തില്‍ ലിമിറ്റഡ് എഡിഷനായ 'ഗോഡവാന്‍ 100' പുറത്തിറക്കിയിരുന്നു. ഒരെണ്ണത്തിന് 92,000 രൂപയായിരുന്നു വില. ഇതിലൊരോ ബോട്ടിലിലും ഗോഡവാന്‍ പക്ഷിയുടെ ചിത്രവും പതിപ്പിച്ചിരുന്നു. ബാര്‍ലിയില്‍ നിന്നാണ് ഈ വിസ്‌കി ഉണ്ടാക്കുന്നത്.
നിലവില്‍ ഇന്ത്യയുടെ പരിസ്ഥിതി മന്ത്രാലയവുമായി ചേര്‍ന്ന് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡിന്റെ ആവാസവ്യവസ്ഥകളായ ഗ്രാസ് ലാന്റുകള്‍ ഉള്‍പ്പെടെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി ആരംഭിച്ചു കഴിഞ്ഞു. ഈ പക്ഷികള്‍ക്ക് പ്രജനനം നടത്താനുള്ള സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം അതിന്റെ അതിജീവനത്തിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ഡിയാജിയോയുടെ പദ്ധതി. റോയല്‍ ബംഗാള്‍ കടുവകളെ വംശനാശത്തിന്റെ വക്കില്‍ നിന്നും നേരത്തെ സംരക്ഷിച്ചുകൊണ്ടുവന്നിരുന്നു. ഈ പാത പിന്തുടര്‍ന്ന് ഗോഡവാനെയും സംരക്ഷിക്കാന്‍ കഴിയുമെന്നാണ് ഡിയാജിയോയുടെ പ്രതീക്ഷ.
ജില്ലാ ഫോറസ്റ്റ് ഓഫീസിന്റെ സഹായത്തോടെ ഡിയാജിയോ ജയ്‌സാല്‍മീറിലെ പൊക്‌റാനില്‍ ഇരുന്നൂറ് ഏക്കറോളം ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇത് ഗോഡവാന്റെ വാസസ്ഥലമാണ്. ബിഷ്‌ണോയി വിഭാഗത്തില്‍പ്പെട്ട ആളുകള്‍ താമസിക്കുന്ന ഈ പ്രദേശത്ത് ഗോഡവാന്‍ പക്ഷികള്‍ക്ക് ഇണചേരാനും മുട്ടയിടാനുമുള്ള അവസ്ഥ ഉണ്ടാക്കാനാണ് ശ്രമം. പറക്കുന്ന പക്ഷികളില്‍ ഏറ്റവും ഭാരമേറിയവയാണ് ഗോഡവാന്‍. 15 കിലോഗ്രാമോളം ഭാരമുള്ള ഇവയ്ക്ക് 1.2 മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയും. നീണ്ട കാലുകള്‍, ബ്രൗണ്‍ നിറം, നീണ്ട കഴുത്ത് എന്നിവയാണ് ഇവയുടെ പ്രത്യേകതകള്‍. ഇനി മുതല്‍ ഡിയാജിയോയുടെ വിസ്‌കിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നൊരു ഭാഗം ഗോഡവാന്‍ സംരക്ഷണത്തിനായി മാറ്റിവയ്ക്കാണ് കമ്പനിയുടെ തീരുമാനം.