-->
പാരീസ്: യൂറോപ്പിലെ അതിവാശിയേറിയ ലോകകപ്പ് യോഗ്യതാമത്സരങ്ങളില്‍ ഫ്രാന്‍സും ജര്‍മ്മനിയും ഉജ്വലവിജയം നേടിയപ്പോള്‍ സ്വീഡന് സ്വിറ്റ്‌സര്‍ലന്റില്‍ നിന്നും അപ്രതീക്ഷിത തിരിച്ചടി. ഫ്രാന്‍സിന്റെ ഗോളുകള്‍ എംബാപ്പേ, റാബിയോട്ട്, ഫ്‌ലോറിയന്‍ തൗവിന്‍ എന്നിവര്‍ ഗോളുകള്‍ കുറിച്ചു. ജോഷ്വാ കിമ്മിച്ചിന്റെ ഇരട്ടഗോളിലാണ് ലക്‌സംബര്‍ഗിന് മേല്‍ ജര്‍മ്മനി ഗോള്‍വര്‍ഷം നടത്തിയത്.
ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഫ്രാന്‍സ് അസര്‍ബെയ്ജാനെ തോല്‍പ്പിച്ചപ്പോള്‍ ജര്‍മ്മനി ലക്‌സംബര്‍ഗിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്വിറ്റസര്‍ലന്റ് സ്വീഡനെ 2-0 നും കീഴടക്കി. അതേസമയം കരുത്തരായ ബെല്‍ജിയം നോര്‍ത്തേണ്‍ മാസിഡോണിയയോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി. കളിയുടെ പന്ത്രണ്ടാം മിനിറ്റില്‍ തന്നെ റൗമിലൂടെ ജര്‍മ്മനി ആദ്യഗോള്‍ നേടി. കളി തുടങ്ങി ഇരുപതാം മിനിറ്റില്‍ തന്നെ ലക്‌സംബര്‍ഗ് പത്തുപേരിലേക്ക് ചുരുങ്ങിയത് ജര്‍മ്മനിക്ക് എളുപ്പമാക്കി. പിന്നാലെ ജോ്വാ കിമ്മിച്ച് 21 ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നും ആദ്യഗോള്‍ നേടി. പിന്നാലെ നാര്‍ബി നാല്‍പ്പത്തിയെട്ടാം മിനിറ്റിലും കിമ്മിച്ച് 50 ാം മിനിറ്റിലും ഗോള്‍ നേടിയതോടെ ജര്‍മ്മനി ഗോളടി അവസാനിപ്പിച്ചു. മൂന്ന് കളികളില്‍ നിന്നും ആറു പോയിന്റുമായി ഗ്രൂപ്പ് എ യില്‍ ജര്‍മ്മനി ഒന്നാമതാണ്.
ക്ലബ്ബിനും രാജ്യത്തിനുമായി തുടര്‍ച്ചയായ 10-ാം മത്സരത്തിലാണ് കൈലിയന്‍ എംബാപ്പെ ഗോള്‍ നേടിയത്. ആദ്യ പകുതിയിലെ ഇഞ്ചുറി സമയത്താണ് റയല്‍ മാഡ്രിഡ് ഫോര്‍വേഡിന്റെ ഗോള്‍ വന്നത്. ഇതിലൂടെ താരം തന്റെ 53-ാമത്തെ അന്താരാഷ്ട്ര ഗോളാണ് നേടിയത്. സീസണിലെ എംബാപ്പെയുടെ 17-ാമത്തെ ഗോള്‍നേട്ടമായിരുന്നു. ഫ്രാന്‍സിനും റയല്‍ മാഡ്രിഡിനും വേണ്ടി ഈ സീസണില്‍ കളിച്ച 13 മത്സരങ്ങളില്‍ ഒന്നൊഴികെ മറ്റെല്ലാ മത്സരങ്ങളിലും അദ്ദേഹം ഗോള്‍ നേടിയിട്ടുണ്ട്. രണ്ടാം പകുതിയില്‍ ദാതാവായി മാറിയ 26 കാരനായ എംബാപ്പെ, എസി മിലാന്‍ മിഡ്ഫീല്‍ഡര്‍ അഡ്രിയന്‍ റാബിയോട്ടിന് വേണ്ടി ഗോളവസരം ഒരുക്കിയതും എംബാപ്പേ ആയിരുന്നു.
എംബാപ്പേയുടെ പകരക്കാരനായി രണ്ടാം പകുതിയില്‍ വന്ന ന്യൂകാസില്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ഫ്‌ലോറിയന്‍ തൗവിനും ഗോള്‍ നേടിയതോടെ ഫ്രാന്‍സ് വിജയം ഉറപ്പാക്കി. സ്വിറ്റ്‌സര്‍ലന്‍ഡിനോട് തോറ്റതോടെ 2026 ലോകകപ്പിന് യോഗ്യത നേടാമെന്ന സ്വീഡന്റെ പ്രതീക്ഷകള്‍ക്ക് കാര്യമായ പ്രതിസന്ധി ഉണ്ടായിരിക്കുകയാണ്. സെവില്ല മിഡ്ഫീല്‍ഡര്‍ ജിബ്രില്‍ സോയെ ബോക്‌സില്‍ സ്വീഡിഷ് പ്രതിരോധക്കാരന്‍ അലക്‌സാണ്ടര്‍ ബെര്‍ണാര്‍ഡ്‌സണ്‍ വീഴ്ത്തിയതിന് 65-ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി സണ്‍ഡര്‍ലാന്‍ഡ് മിഡ്ഫീല്‍ഡര്‍ ഗ്രാനിറ്റ് ഷാക്ക വലയിലാക്കുകയായിരുന്നു.
അധിക സമയത്തിന്റെ നാലാം മിനിറ്റില്‍ അറ്റലാന്റ ഡിഫന്‍ഡര്‍ ഇസക് ഹിയന്റെ പന്തില്‍ ഫ്രീബര്‍ഗ് മിഡ്ഫീല്‍ഡര്‍ ജോഹാന്‍ മന്‍സാംബി വിജയം ഉറപ്പിച്ചു. ഗ്രൂപ്പ് ബിയില്‍ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച സ്വിറ്റ്‌സര്‍ലണ്ട് ഒമ്പത് പോയിന്റുമായി ഒന്നാമതാണ്. അതേസമയം തോല്‍വി സ്വീഡനെ ഏറ്റവും താഴെയാക്കി. രണ്ടാം സ്ഥാനക്കാരായ കൊസോവോ നാല് പോയിന്റുമായി പ്ലേ-ഓഫ് സ്ഥാനം നേടി. 2022 ല്‍ ഖത്തറില്‍ നടക്കുന്ന പതിപ്പിലേക്കും സ്വീഡന് യോഗ്യത നേടാനായിരുന്നില്ല.