-->
പാരിസ്: ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുതുതായി നിയമിച്ച പ്രധാനമന്ത്രി സെബാസ്റ്റിയന്‍ ലെകോര്‍ണ സ്ഥാനമേല്‍ക്കുന്നതിനിടെ പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധകലാപം തലസ്ഥാനമായ പാരിസില്‍ ഉള്‍പ്പെടെ കത്തിപ്പടരുന്നു. പ്രധാനമന്ത്രിയായി ലെകോര്‍ണയെ 'കെട്ടിയിറക്കി'യതിലുള്ള പ്രതിഷേധത്തിനു പുറമേ, രാജ്യത്തെ ഉയര്‍ന്ന ജീവിതച്ചെലവും തൊഴിലില്ലായ്മയും മാക്രോണിന്റെ പെന്‍ഷന്‍ പരിഷ്‌കരണനയവും ജനരോഷം ആളിക്കത്തിച്ചു.
'എല്ലാം തടയുക' എന്ന മുദ്രാവാക്യമുയര്‍ത്തി സാമൂഹികമാധ്യമങ്ങളിലാരംഭിച്ച പ്രചാരണമാണ് തെരുവുകളില്‍ പ്രക്ഷോഭമായി പടര്‍ന്നത്. പ്രക്ഷോഭകര്‍ പോലീസുമായി ഏറ്റുമുട്ടിയതിനേത്തുടര്‍ന്ന് പാരിസില്‍ മാത്രം ഇരുനൂറോളം പേര്‍ അറസ്റ്റിലായി. പ്രക്ഷോഭം നേരിടാന്‍ 80,000 പോലീസുകാരെ വിന്യസിച്ച അസാധാരണസാഹചര്യമാണു നിലനില്‍ക്കുന്നത്. പ്രക്ഷോഭകര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും വൈദ്യുതി ലൈനുകള്‍ തകരാറിലാക്കി ട്രെയിന്‍ ഗതാഗതം തടയുകയും ചെയ്‌തെന്ന് ആഭ്യന്തരമന്ത്രി ബ്രൂണോ റെടയ്‌ല്യു പറഞ്ഞു.
മാക്രോണ്‍ ആദ്യതവണ പ്രസിഡന്റായപ്പോള്‍ മാസങ്ങളോളം നീണ്ടുനിന്ന 'മഞ്ഞക്കുപ്പായ ലഹള'യ്ക്കു സമാനമായ സാഹചര്യമാണ് നിലവില്‍ രാജ്യത്തുള്ളത്. 2022-ല്‍ മാക്രോണ്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നടപ്പാക്കിയ പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരായ യുവജനപ്രക്ഷോഭത്തിനുനേരേ പോലീസ് നടത്തിയ വെടിവയ്പ്പില്‍ കൗമാരക്കാരനുള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു. പാരിസില്‍ ഇന്നലെ രാവിലെ തിരക്കേറിയ സമയത്ത് പ്രക്ഷോഭകര്‍ റോഡ് തടഞ്ഞത് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് ഇടയാക്കി.
പോലീസിനുനേരേ പ്രക്ഷോഭകര്‍ കൈയില്‍ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞു. പാര്‍ലമെന്റില്‍ വിശ്വാസവോട്ട് നേടാനാവാതെ പ്രധാനമന്ത്രി ഫ്രാങ്കോ ബെയ്‌റോ പുറത്തായതിനേത്തുടര്‍ന്നാണ് ഫ്രാന്‍സില്‍ രാഷ്ട്രീയപ്രതിസന്ധി ഉടലെടുത്തത്. തുടര്‍ന്ന്, പ്രസിഡന്റ് മാക്രോണ്‍ പ്രധാനമന്ത്രിയായി നിയമിച്ച സെബാസ്റ്റിയന്‍ ലെകോര്‍ണയ്ക്ക് ജനവിശ്വാസം ആര്‍ജിക്കാന്‍ കഴിഞ്ഞില്ലെന്നാണു പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.
സാമൂഹികമാധ്യമങ്ങളിലെ ആഹ്വാനപ്രകാരം ആരംഭിച്ച 'എല്ലാം തടയല്‍' പ്രക്ഷോഭത്തിനു കൃത്യമായ നേതൃത്വമില്ല. പ്രധാനമന്ത്രിയായിരുന്ന ഫ്രാങ്കോ ബെയ്‌റോ നടപ്പാക്കിയ കടുത്ത സാമ്പത്തികനിയന്ത്രണങ്ങളും നിശബ്ദവിപ്ലവത്തിനു തുടക്കം കുറിച്ചു. ഇന്ധനനികുതി ഉയര്‍ത്തിയതിനെതിരായ തൊഴിലാളി പ്രക്ഷോഭമാണു മുമ്പ് സമാനമായ രീതിയില്‍ സര്‍ക്കാരിനെ പിടിച്ചുലച്ച 'മഞ്ഞക്കുപ്പായ ലഹള'.