-->
ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിശ്രമിക്കുന്ന ഒരു നായയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഡോഗേഷ് ഭായിക്ക് ഫ്‌ലൈറ്റ് നഷ്ടമായി എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആളുകള്‍ സമീപത്ത് നിന്ന് സംസാരിക്കുമ്പോള്‍ പോലും അതൊന്നും ശ്രദ്ധിക്കാതെ യാത്രക്കാര്‍ക്ക് ഇരിക്കാനായി വച്ചിരിക്കുന്ന സീറ്റുകളില്‍ ഒന്നില്‍ സുഖമായി ഉറങ്ങുന്ന പട്ടിയുടെ ദൃശ്യങ്ങള്‍ കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചു.
ബെംഗളൂരു അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നായ ശല്യം ഏറിയപ്പോഴാണ് ബിഎല്‍ആര്‍ പാവ് സ്‌ക്വാഡ് എന്ന പദ്ധതിയുമായി വിമാനത്താവളം അധികൃത!ര്‍ രംഗത്തെത്തിയത്. വിമാനങ്ങള്‍ക്കിടയിലുള്ള കാത്തിരിപ്പ് കൂടുതല്‍ ആസ്വാദ്യകരമാക്കാനുള്ള ഒരു പദ്ധതി കൂടിയായിരുന്നു അത്. ഭക്ഷണം കഴിച്ചും ഉറങ്ങിയും യാത്രക്കാരെ രസിപ്പിച്ചും സമയം ചെലവഴിച്ച് വിമാനത്താവളത്തിലുള്ളത് തെരുവ് നായ്ക്കളാണ്. അത്തരമൊരു നായയെയാണ് വീഡിയോയിലുള്ളത്. ബെംഗളൂരു വിമാനത്താവളവും ഒരു എന്‍ജിഒയും ചേര്‍ന്നാണ് തെരുവ് നായ്ക്കളെ പരിപാലിക്കുന്ന സംരംഭം ആരംഭിച്ചത്. ഇത് യാത്രക്കാര്‍ക്ക് സ്വാഗതാര്‍ഹവും ആസ്വാദ്യകരവുമായ അനുഭവം നല്‍കുന്നു. ഈ നായ്ക്കള്‍ വിമാനത്താവളത്തിലാണ് താമസിക്കുന്നത്. അവയുടെ സാന്നിധ്യം യാത്രക്കാരുടെ സ്ട്രസ് കുറയ്ക്കാന്‍ സഹായിക്കുന്നു.
വീഡിയോ വൈറലായതോടെ മൃഗങ്ങളെ സുരക്ഷിതമായി പരിസരത്ത് താമസിക്കാന്‍ അനുവദിച്ചതിന് വിമാനത്താവള ജീവനക്കാരെ നിരവധിപേര്‍ അഭിനന്ദിച്ചു. മറ്റുചിലര്‍ രസകരമായ കുറിപ്പുകളുമായെത്തി. അയാളെ ആട്ടിയോടിക്കാത്ത വിമാനത്താവള ജീവനക്കാര്‍ക്ക് സല്യൂട്ടെന്നായിരുന്നു ഒരു കുറിപ്പ്. മിസ്റ്റര്‍ രത്തന്‍ ടാറ്റ ഇത് കണ്ടിട്ട് സ്വര്‍ഗത്തില്‍ സന്തോഷിക്കുന്നുണ്ടാകുമെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. അവന്‍ എപ്പോഴും അവിടെയുണ്ട്, ഞാന്‍ 4 തവണ അവിടെ പോയിട്ടുണ്ട്, 2 വര്‍ഷമായി ഞാന്‍ അവനെ എപ്പോഴും കാണുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.