Saturday, March 14, 2026 Last Updated 38 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 29 Sep 2025 12.18 PM

ഏഷ്യാകപ്പില്‍ മാച്ച്ഫീ പഹല്‍ഗാം ഇരകള്‍ക്ക് നല്‍കി സൂര്യകുമാര്‍ യാദവ് ; അനുകരിച്ച് ആലിആഘ ഓപ്പറേഷന്‍ സിന്ദൂര്‍ ഇരകള്‍ക്ക്

uploads/news/2025/09/803265/surya-alam.jpg

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യകൊടുത്ത കനത്ത തിരിച്ചടി മറയ്ക്കാന്‍ പാകിസ്താന്‍ പരമാവധി ശ്രമിക്കുമ്പോള്‍ ഇത് ഏറ്റവും ചര്‍ച്ചയായ വേദികളില്‍ ഒന്നായിരുന്നു ഏഷ്യാകപ്പ് ടി20 ടൂര്‍ണമെന്റ്. ലീഗ് ഘട്ടത്തില്‍ കളിച്ച രണ്ടു കളികളിലും പാകിസ്താനെ ഇന്ത്യ തകര്‍ത്തുവിട്ടപ്പോള്‍ ഫൈനലിലും കഥ ആവര്‍ത്തിച്ചു. ഇന്ത്യ പാകിസ്താനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ മാച്ച്ഫീ പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് നല്‍കിയപ്പോള്‍ പാക് നായകന്‍ ആലി ആഘ മാച്ച് ഫീ ഓപ്പറേഷന്‍ സിന്ദൂര്‍ ഇരകള്‍ക്കും നല്‍കി.

നേരത്തെ, ഏഷ്യാ കപ്പിലെ തന്റെ മുഴുവന്‍ മാച്ച് ഫീസും രാജ്യത്തെ സായുധ സേനയ്ക്കും പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകള്‍ക്കും സംഭാവന ചെയ്യുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പ്രഖ്യാപിച്ചിരുന്നു. ഏപ്രിലില്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ ഇരുപത്തിയാറ് പേര്‍ കൊല്ലപ്പെട്ടു. പ്രതികാരമായി, രണ്ടാഴ്ചയ്ക്ക് ശേഷം ഇന്ത്യ പാകിസ്ഥാനെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചു, അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകര ക്യാമ്പുകളില്‍ ബോംബാക്രമണം നടത്തുകയും ചെയ്തു.

ഇന്നലെ ഫൈനലിന് പിന്നാലെ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരില്‍ ദുരിതമനുഭവിക്കുന്ന 'സിവിലിയന്മാര്‍ക്കും കുട്ടികള്‍ക്കും' ടീം തങ്ങളുടെ മാച്ച് ഫീസ് സംഭാവന ചെയ്യുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയും പ്രഖ്യാപിച്ചു. 'ഒരു ടീം എന്ന നിലയില്‍, ഇന്ത്യയുടെ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കും ഞങ്ങളുടെ മാച്ച് ഫീസ് സംഭാവന ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു,' മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ ആഘ പറഞ്ഞു. അത്യധികം നാടകീയത നിറഞ്ഞതായിരുന്നു ഏഷ്യാകപ്പ്.

ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയ ഒരു മത്സരത്തില്‍ പോലും പാക് നായകനുമായി കൈ കൊടുക്കാന്‍ ഇന്ത്യന്‍ നായകന്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളിലെയും കളിക്കാര്‍ രണ്ടു രാജ്യങ്ങളുടെ സംഘര്‍ഷം കളത്തില്‍ ആംഗ്യമായി കാണിക്കുകയും ചെയ്തിരുന്നു. കളത്തില്‍ കൊണ്ടും കൊടുത്തുമുള്ള ആംഗ്യവിക്ഷേപങ്ങള്‍ നടത്തുന്നതിനിടയില്‍ ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ച് കപ്പ് നിലനിര്‍ത്തിയ ഇന്ത്യന്‍ ടീം പക്ഷേ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവനും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവിയുമായ മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് ട്രോഫി വാങ്ങാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ക്രിക്കറ്റിനെ അനാദരിക്കുന്നു എന്ന് പാകിസ്താന്‍ ആക്ഷേപിച്ചിരുന്നു.

ചടങ്ങിന്റെ അവസാനത്തില്‍ ആതിഥേയ പ്രക്ഷേപകനായ സൈമണ്‍ ഡൗള്‍ 'ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് രാത്രി അവാര്‍ഡുകള്‍ വാങ്ങില്ലെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) എന്നെ അറിയിച്ചു. അതിനാല്‍ മത്സരാനന്തര സമ്മാനദാനം അവസാനിക്കുന്നു.' എന്ന് പ്രഖ്യാപിച്ചു.
ഇന്ത്യയുടെ കുല്‍ദീപ് യാദവ്, അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ എന്നിവര്‍ വേദിയിലുള്ള മറ്റ് വിശിഷ്ട വ്യക്തികളില്‍ നിന്ന് വ്യക്തിഗത അവാര്‍ഡുകള്‍ സ്വീകരിച്ചപ്പോള്‍, പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് ആഘ റണ്ണേഴ്സ് അപ്പ് ചെക്ക് സ്വീകരിച്ചു.

ഇന്ത്യന്‍ കളിക്കാര്‍ നഖ്വിയെ അംഗീകരിച്ചില്ല. വ്യക്തിപരമായ അംഗീകാരങ്ങള്‍ സ്വീകരിക്കാന്‍ എത്തിയ ഇന്ത്യന്‍ കളിക്കാരെ എസിസി ചെയര്‍മാന്‍ പ്രശംസിച്ചില്ല. പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി കൂടിയായ എസിസി ചെയര്‍മാന്‍ നഖ്വിയില്‍ നിന്ന് ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പിന്നീട് വെളിപ്പെടുത്തി.

Ads by Google
Ads by Google
TRENDING NOW