-->
അര്‍ജന്റീനയില്‍ വായില്‍ മുതലയെല്ലുമായി ഒരു വിചിത്ര ദിനോസര്‍ ഫോസില്‍ കണ്ടെത്തി. കരുത്തുറ്റ താടിയെല്ലുകളുള്ള ഈ ദിനോസര്‍ മെഗാരാപ്‌ടോറന്‍സ് എന്ന ഗ്രൂപ്പില്‍ പെടുന്നതാണെന്നു ഗവേഷകര്‍ പറഞ്ഞു. തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ഏഷ്യയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ജീവിച്ചിരുന്നതാണ് ഈ ദിനോസറുകള്‍. വിവിധ സ്പീഷീസുകള്‍ ഇവയിലുണ്ടായിരുന്നു. കരുത്തുറ്റ താടിയെല്ലുകള്‍ക്ക് പുറമേ എഴുന്നുനില്‍ക്കുന്ന തലയോട്ടികളും ഇവയ്ക്കുണ്ടായിരുന്നു.
ഏകദേശം 23 അടിയാണ് ഇപ്പോള്‍ കണ്ടെത്തിയ ദിനോസറിന്റെ നീളം. ജോഖിന്റാപ്റ്റര്‍ കസാലി എന്നാണ് ഇപ്പോള്‍ കണ്ടെത്തിയ ദിനോസര്‍ ഫോസിലിനു നല്‍കിയിരിക്കുന്ന പേര്. 66 മുതല്‍ 70 ദശലക്ഷം വര്‍ഷങ്ങള്‍ മുന്‍പാണ് ഈ ദിനോസര്‍ ജീവിച്ചിരുന്നതെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ലോകവ്യാപകമായി ദിനോസറുകള്‍ക്കു വംശനാശം സംഭവിച്ചതിന്റെ സമീപകാലമാണ് ഇത്.
മെഗാരാപ്‌ടോറന്‍സ് വിഭാഗത്തിലുള്ള ദിനോസറുകളുടെ പൂര്‍ണമായ ഫോസില്‍ അസ്ഥികൂടങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലായിരുന്നു. എന്നാല്‍ ജോഖിന്റാപ്റ്റര്‍ കസാലിയുടെ ഫോസില്‍ വിവരങ്ങള്‍ കുറച്ചുകൂടി വിശദമാണ്. ഇതിനാല്‍ തന്നെ കൂടുതല്‍ പഠനങ്ങള്‍ ഈ ഫോസിലില്‍ നടത്താമെന്നാണു ഗവേഷകര്‍ കരുതുന്നത്.