-->
കാലങ്ങള്‍ക്കുമുന്‍പ് ഈ ഭൂമിയില്‍ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്ന ജീവികളാണ് ദിനോസറുകള്‍. എന്നാല്‍ ഇവയുടെ സാന്നിധ്യം ഉറപ്പിക്കുന്ന തെളിവുകള്‍ ശാസ്ത്രത്തിന് ലഭ്യമായിട്ടുണ്ടെങ്കിലും ഫോസിലുകളുടെ പഴക്കം നിര്‍ണയിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ലോകത്ത് ആദ്യമായി ദിനോസര്‍ മുട്ടകളുടെ പഴക്കവും കൃത്യമായി നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞു. മധ്യ ചൈനയിലെ യുന്യാങ് ബേസിനിലെ ക്വിങ്‌ലോങ്ഷാന്‍ സൈറ്റില്‍ നിന്ന് കണ്ടെത്തിയ ദിനോസര്‍ മുട്ടകള്‍ക്ക് 85 ദശലക്ഷം വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ലഭ്യമായ 28 മുട്ടകളുടെ കാലപ്പഴക്കമാണ് നിര്‍ണയിക്കപ്പെട്ടിരിക്കുന്നത്.ഇതിനായി ആറ്റോമിക് ക്ലോക്ക് രീതിയാണ് ഗവേഷകര്‍ അവലംബിച്ചത്. കാര്‍ബണേറ്റ് യുറേനിയംലെഡ് അഥവാ യുപിബി ഡേറ്റിങ് ഉപയോഗിച്ച് ദിനോസര്‍ മുട്ടകളിലെ കാല്‍സ്യം, ഇരുമ്പ്, മാംഗനീസ്, മഗ്‌നീഷ്യം എന്നിവ അടങ്ങിയ കാര്‍ബണേറ്റ് ധാതുക്കളുടെ പ്രായം നിര്‍ണയിക്കുന്ന രീതിയാണിത്. ഫോസില്‍ രൂപത്തിലുള്ള മുട്ടത്തോടുകളുടെ സാമ്പിളുകള്‍ മൈക്രോ ലേസര്‍ ഉപയോഗിച്ച് മുറിച്ചെടുത്ത് അവയിലെ ധാതുക്കളുടെ ഭാഗങ്ങള്‍ ബാഷ്പീകരിക്കുകയായിരുന്നു ആദ്യഘട്ടം. തുടര്‍ന്ന് അവയിലെ യുറേനിയത്തിന്റെയും ലെഡിന്റെയും ആറ്റങ്ങളുടെ എണ്ണം കണക്കാക്കി. ഇവയുടെ അനുപാതം വിലയിരുത്തിയാണ് ഗവേഷകര്‍ മുട്ടകളുടെ പ്രായം നിര്‍ണയിച്ചത്.
പഠന പ്രകാരം ഏകദേശം 85 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ്, അവസാന ക്രിറ്റേഷ്യസ് കാലഘട്ടത്തില്‍ നിന്നുള്ളതാണ് ഈ മുട്ടകള്‍. മുട്ടകളുടെ അവസ്ഥ, അവ കണ്ടെത്തിയ പാറകളുടെ തരം എന്നിവ തിരിച്ചറിയുന്നതിനൊപ്പം അവയുടെ യഥാര്‍ഥ പ്രായം കൂടി കണക്കാക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമിയിലെ കാലാവസ്ഥ എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച് കൃത്യമായ ധാരണകളിലേക്ക് ഗവേഷകര്‍ക്ക് എത്തിച്ചേരാനാവും. ഭൂമിയില്‍ ആകമാനം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കാലമായിരുന്നു ക്രിറ്റേഷ്യസ് കാലഘട്ടം. തീവ്രമായ അഗ്‌നിപര്‍വത പ്രവര്‍ത്തനങ്ങളും കൂട്ട വംശനാശങ്ങളും ഈ കാലയളവില്‍ ഉണ്ടായതായി കരുതപ്പെടുന്നു.