-->
ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സിനിമാ ലോകവും ആരാധകരും. മലയാളികള്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമാ ലോകം ഒന്നാകെ ഈ പുരസ്‌കാര നേട്ടത്തെ ആഘോഷമാക്കുന്നുണ്ട്.
ഇപ്പോഴിതാ താരത്തെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് ഗായകന്‍ ജി. വേണു ഗോപാല്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഗായകന്റെ ആശംസ.
‘എത്ര അഭിമാനമുള്ള നിമിഷം ഓരോ മലയാളിക്കും. മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ്. മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ കലാകാരനും സാങ്കേതിക പ്രവര്‍ത്തകനും, പ്രത്യേകിച്ച് തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍ മുതല്‍ എന്റെ സീനിയറായി പഠിച്ച അസാമാന്യ പ്രതിഭാശാലിയായ ഈ സഹപാഠിക്ക് ലഭിക്കുന്ന ഇന്ത്യന്‍ സിനിമയുടെ പരമോന്നത പുരസ്‌കാരത്തില്‍ വ്യക്തിപരമായി എന്റെയും സന്തോഷം, അഭിമാനം സീമാതീതമാണ്.. അഭിനന്ദനങ്ങള്‍ ഒപ്പം പ്രാര്‍ഥനകളും’ ജി വേണുഗോപാല്‍ കുറിച്ചു.
2023ലെ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ആണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സെപ്തംബര്‍ 23 നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍.