-->
ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരിസ് ' ദ് ബാഡ്‌സ് ഓഫ് ബോളിവുഡ്' ലൂടെ ഡബ്ബിങ്ങില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഗായിക അമൃത സുരേഷ്. ആദ്യമായി ഡബ് ചെയ്തതിന്റെ സന്തോഷം അമൃത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. സീരിസില്‍ പ്രധാന വേഷത്തിലെത്തിയ സഹേര്‍ ബംബയ്ക്കാണ് അമൃത ഡബ് ചെയ്തത്.
' എന്തൊക്കെയാണ് എന്റെ വികാരങ്ങള്‍ എന്ന് പറഞ്ഞ് അറിയിക്കാന്‍ പറ്റുന്നില്ല. ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ആദ്യമായി സംവിധാനം ചെയ്ത വെബ് സീരിസ് ' ദ് ബാഡ്‌സ് ഓഫ് ബോളിവുഡ്' നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായി. ഞാന്‍ ആദ്യമായി ഡബ് ചെയ്ത സീരിസാണിത്. മുഖ്യകഥാപാത്രത്തിനാണ് ശബ്ദം നല്‍കിയിരിക്കുന്നത്. എല്ലാവരും കാണണം. ഡബ്ബിങ് എങ്ങനെയുണ്ടെന്ന് പറയണം. ഇതൊരു സ്വപ്‌ന നിമിഷമാണ്', അമൃത പറഞ്ഞു. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ അഭിനന്ദനം അറിയിച്ച് എത്തിയിരിക്കുന്നത്.
ബോളിവുഡ് സിനിമാലോകത്തെ പശ്ചാത്തലമാക്കി അണിയിച്ചൊരുക്കിയ സീരിസാണ് ' ബാഡ്‌സ് ഓഫ് ബോളിവുഡ്'. ലക്ഷ്യ, സഹേര്‍ ബംബ, ബോബി ഡിയോള്‍, മോണ സിങ്, വിജയാന്ത് കോഹ്ലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാറുഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, എസ്എസ് രാജമൗലി, കരണ്‍ ജോഹര്‍ തുടങ്ങി നിരവധി പേര്‍ സീരിസില്‍ അതിഥി താരങ്ങളായി എത്തുന്നുണ്ട്.