-->
മനഷ്യന്മാരെപോലെ തന്നെ ചിമ്പാന്‍സികളും കുടിയന്മാരെന്ന് പുതിയ പഠനം. ചിമ്പാന്‍സികള്‍ പഴങ്ങളില്‍ നിന്നും അകത്താക്കുന്ന എഥനോള്‍ മനുഷ്യര്‍ മദ്യപാനത്തിലൂടെ അകത്താക്കുന്ന ആല്‍ക്കഹോളിന് സമാനമാണെന്നാണ് പുതിയൊരു പഠനം പറയുന്നത്. പഴങ്ങളില്‍ നിന്നാണ് ചിമ്പാന്‍സികള്‍ എഥനോള്‍ അകത്താക്കുന്നത്. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന എഥനോള്‍ കാരണം ദിവസവും ഒരു ആല്‍ക്കഹോളിക് ഡ്രിങ്കിന് തുല്യമായ അളവില്‍ മദ്യം ചിമ്പാന്‍സികളുടെ അകത്തെത്തുന്നുണ്ടെന്നാണ് സയന്‍സ് അഡ്വാന്‍സ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മാത്രമല്ല മനുഷ്യരുടെ മദ്യപാനശീലത്തെ വിശദീകരിക്കാന്‍ ഈ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ചിമ്പാന്‍സികള്‍ മദ്യം കഴിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ശാസ്ത്രലോകത്ത് ചര്‍ച്ചകള്‍ നടന്നിരുന്നു. അതില്‍നിന്നും മുന്നോട്ടുപോയി, എത്ര ആല്‍ക്കഹോളാണ് ചിമ്പാന്‍സികള്‍ കഴിക്കുന്നതെന്ന് കൃത്യമായി അളക്കാന്‍ ശ്രമിക്കുകയാണ് പുതിയ പഠനം. ഐവറികോസ്റ്റിലെയും ഉഗാണ്ടയിലെയും രണ്ടു തരം ചിമ്പാന്‍സികളെയും അവര്‍ കഴിച്ച പഴങ്ങളെയും സാമ്പിള്‍ ആയി എടുത്താണ് ബെര്‍ക്കിലി സര്‍വകലാശാലാ ഗവേഷകര്‍ ഈ കണ്ടെത്തലിലേക്ക് എത്തിയത്.
ഉഗാണ്ടയിലെയും ഐവറികോസ്റ്റിലെയും 20 ഇനം പഴങ്ങളുടെ പള്‍പ്പ് മൂന്ന് വ്യത്യസ്ത രീതികളിലൂടെ സാംപിള്‍ ചെയ്ത് പരിശോധിച്ചപ്പോള്‍ ഈ പഴങ്ങളില്‍ ശരാശരി 0.31% മുതല്‍ 0.32% വരെ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകസംഘം കണ്ടെത്തി. ചിമ്പാന്‍സികള്‍ ദിവസവും നാലര കിലോയോളം പഴങ്ങള്‍ കഴിക്കുന്നു എന്നാണ് കണക്ക്. ഇതിലൂടെ ഇവരുടെ ശരീരത്തില്‍ 14 ഗ്രാം എഥനോള്‍ (രാജ്യാന്തര മാനദണ്ഡം അനുസരിച്ച് 1.4 സ്റ്റാന്‍ഡേര്‍ഡ് ആല്‍ക്കഹോളിക് ഡ്രിംഗ്‌സിനു തുല്യം) എത്തുന്നു.
എഥനോളിന്റെ അളവ് പഴങ്ങളില്‍ കുറവാണെങ്കിലും കൂടുതല്‍ കഴിക്കുന്നതിനാലാണ് ഇത്രയും എഥനോള്‍ അകത്തെത്തുന്നതെന്ന് ഗവേഷണത്തിന് നേത്വത്വം നല്‍കിയ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഇന്റഗ്രേറ്റീവ് ബയോളജി പ്രൊഫ. റോബര്‍ട്ട് ഡഡ്‌ലി, അലക്‌സേയ് മാരോ എന്നിവര്‍ പറയുന്നു. ചിമ്പാന്‍സികളുടെ ഭാരം കൂടി പരിഗണിച്ചാല്‍, ഒരു മനുഷ്യന്‍ ഒരു ദിവസം 2.6 ആള്‍ക്കഹോളിക് ഡ്രിങ്ക്‌സ് കഴിക്കുന്നതിന് തുല്യമാണിതെന്ന് പഠനം പറയുന്നു. കൂടുതല്‍ ആല്‍ക്കഹോള്‍ സാന്നിധ്യമുള്ളതിനാല്‍ ഐവറികോസ്റ്റിലെ പ്ലം പോലുള്ള ഒരു പഴവും ഉഗാണ്ടയിലുള്ള ഫിഗ് വിഭാഗത്തില്‍ പെട്ട പഴവും ചിമ്പാന്‍സികള്‍ കൂടുതല്‍ കഴിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി.