-->
സംഗീതസംവിധായകന്‍ ഔസേപ്പച്ചന്റെ 70-ാം പിറന്നാള്‍ ആണിന്ന്. അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി. ഔസേപ്പച്ചനുമായുളള ദീര്‍ഘകാലത്തെ ബന്ധം ഓര്‍ത്തെടുത്തായിരുന്നു കുറിപ്പ്. യേശുക്രിസ്തുവുമായുളള മുഖസാദൃശ്യമാണ് ഔസേപ്പച്ചനിലേക്ക് തന്നെ അടുപ്പിച്ചതെന്ന് ഷിബു ചക്രവര്‍ത്തി കുറിച്ചു.
ഷിബു ചക്രവര്‍ത്തിയുടെ കുറിപ്പ്:
ഔസേപ്പിനിന്ന് ബെർത്ത് ഡേ. എൺപത്തി അഞ്ചിലാവണം ഔസേപ്പിനെ ഞാൻ ആദ്യം കാണുന്നത്.മദ്രാസ് റെക്കാർഡിംഗ് തീറ്ററ്ററുകളിൽ
റെക്സ് മാഷ് ഉൾപ്പടെ പലരേയും അറിയാമായിരുന്നെങ്കിലും യേശുകൃസ്തുവുമായുള്ള ഇയാളുടെ മുഖസാദൃശ്യമാണ് അയാളിലേയ്ക്ക് എന്നെ അടുപ്പിച്ചത്.
അത് ഒരു ചില്ലറ അടുപ്പമൊന്നുമായിരുന്നില്ല. മദ്രാസ്സിലെ എന്റെ ഇടത്താവളമായി പിന്നെ ഔസേപ്പിന്റെ വീട്, വീട്ടുകാരി മറിയ എന്റെ അന്നദാതാവും.
അതിനിടയിൽ ഏറെ സ്വാഭാവികവും അതിലേറെ ലാഘവത്തോടെയും ഞങ്ങൾ കുറെ പാട്ടുകളും ഉണ്ടാക്കി. ഞങ്ങൾ സ്വയം രസിച്ചു ചെയ്ത വർക്കുകൾ .
ആ രസം തന്നെയായിരുന്നു ആ പാട്ടുകളുടെ മാനദണ്ഡവും. ആരെഴുതിയാലും അയാൾ ചെയ്തിരുന്ന അന്നത്തെ പാട്ടുകളിലെല്ലാം ചുമ്മാ ഞാൻ തലയിട്ടു, മറ്റാര് ഈണമിട്ടാലും അവരറിയാതെ എന്റെ പാട്ടുകൾ ഞാൻ ഔസേപ്പിനേയും കേൾപ്പിച്ചു. ഒരു മനസ്സോടെ ഒന്നിച്ചിരുന്നുണ്ടാക്കിയ പാട്ടുകളായത് കൊണ്ടാവാം അവ ഇന്നും നിലനിൽക്കുന്നത്. ഇന്നില്ലാത്തതും ആ ഒന്നിച്ചിരിപ്പാണ്.
ബെർത്ത് ഡേ ആശംസിക്കാൻ വന്ന ഞാൻ മറ്റെന്തിലേയ്ക്കോ പോയി. മറ്റ് എന്തോ അല്ലല്ലോ മ്യൂസിക്കല്ലേ; അതില്ലാതെ നമ്മളില്ലല്ലോ. താൻ ഉണ്ടാക്കാറുള്ള
ഹൃദയസ്പർശിയായ ഈണം പോലെ ഈ സൗഹൃദവും എന്നും നിലനില്ക്കട്ടെ.