Friday, March 13, 2026 Last Updated 14 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Sep 2025 09.22 AM

ലാറ്റിനമേരിക്കയില്‍ ലോകകപ്പ് യോഗ്യതാമത്സരം പൂര്‍ത്തിയായി ; അവസാന മത്സരത്തില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും തോല്‍വി

uploads/news/2025/09/800119/argentina.jpg

എല്‍ ആള്‍ട്ടോ: ലോകഫുട്‌ബോളില്‍ ചരിത്രം പിറന്ന ലാറ്റിനമേരിക്കയില്‍ ബൊളീവിയ ബ്രസീലിനെ വീഴ്ത്തി ചരിത്രമെഴുതിയപ്പോള്‍ ഇക്വഡോര്‍ ലോകചാംപ്യന്മാരായ അര്‍ജന്റീനയെയും വീഴ്ത്തി. രണ്ടു ടീമുകളും വമ്പന്മാര്‍ക്ക് മേല്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് യോഗ്യതാ മത്സരത്തില്‍ വിജയം നേടിയത്. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ബ്രസീലിനെ ബൊളീവിയ വീഴ്ത്തിയത് ഇതാദ്യമാണ്. ലോകചാംപ്യന്മാരായ അര്‍ജന്റീനയ്ക്കായി മെസ്സിയില്ലാതെ കളത്തിലിറങ്ങിയാണ് അര്‍ജന്റീന ഇക്വഡോറിനെ നേരിട്ടത്.

നേരത്തേ തന്നെ അര്‍ജന്റീനയും ബ്രസീലും യോഗ്യത നേടിയിരുന്നു. ഇന്നല യോഗ്യതാമത്സരം പൂര്‍ത്തിയായതോടെ വിജയത്തോടെ ഇക്വഡോര്‍ ഗ്രൂപ്പില്‍ നിന്നും രണ്ടാമന്മാരായി യോഗ്യത ഉറപ്പിച്ചു. പരാഗ്വേ, കൊളംബിയ, ഉറുഗ്വേ ടീമുകളാണ് അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പായത്. ബ്രസീലിനെ ഇന്നലെ വീഴ്ത്താന്‍ കഴിഞ്ഞത് ബൊളീവിയയ്ക്കും പ്രതീക്ഷയുടെ നേരിയ തിരിനാളം കാണാനായി. ഏഷ്യന്‍ ടീമുകളില്‍ ഒന്നിനോട് പ്‌ളേഓഫ് കളിച്ച് ജയിച്ചാല്‍ അവര്‍ക്കും യോഗ്യത നേടാനാകും.

എല്‍ ആള്‍ട്ടോയിലെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്രസീലിനെ 1-0 എന്ന സ്‌കോറിനാണ് ബൊളീവിയ അട്ടിമറിച്ചത്. ഈ വിജയത്തോടെ 2026-ലെ ഫിഫ ലോകകപ്പിന്റെ ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേഓഫ് റൗണ്ടിലേക്ക് അവര്‍ യോഗ്യത നേടി. നാടകീയതയും, പ്രതിരോധവും, ദേശീയ അഭിമാനവും നിറഞ്ഞുനിന്ന ആ രാത്രിയില്‍, ആദ്യ പകുതിയുടെ അധികസമയത്ത് ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റിയാണ് മിഗ്വെല്‍ ടെര്‍സെറോസ് ബൊളീവിയക്ക് നിര്‍ണായക വിജയം സമ്മാനിച്ചത്. ബ്രസീലിന്റെ ബ്രൂണോ ഗ്വിമാറസ് റോബര്‍ട്ടോ ഫെര്‍ണാണ്ടസിനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനാണ് പെനാല്‍ട്ടി ലഭിച്ചത്.

സമുദ്രനിരപ്പില്‍ നിന്ന് 13,000 അടി ഉയരത്തിലുള്ള എസ്റ്റാഡിയോ മുനിസിപ്പല്‍ ഡി എല്‍ ആള്‍ട്ടോ സ്റ്റേഡിയം ആഹ്‌ളാദത്താല്‍ പൊട്ടിത്തെറിച്ചു. ബ്രസീലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളെ പ്രതിരോധിച്ച് ബൊളീവിയ വിജയം ഉറപ്പിച്ചു. ബ്രസീലിനെ 1-0-ന് തോല്‍പ്പിച്ച് ലോകത്തെ ഞെട്ടിച്ച ബൊളീവിയ 2026-ലെ ഫിഫ ലോകകപ്പിന് ചരിത്രപരമായ പ്ലേഓഫ് യോഗ്യത നേടി. പതിറ്റാണ്ടുകളായുള്ള അവരുടെ കാത്തിരിപ്പിന് വിരാമമിട്ട ഈ വിജയം രാജ്യത്തുടനീളം വലിയ ആഘോഷങ്ങള്‍ക്ക് തിരികൊളുത്തി.

ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി നേരത്തേ യോഗ്യത ഉറപ്പിച്ച അര്‍ജന്റീനയ്ക്ക് മത്സരം ഒട്ടും നിര്‍ണ്ണായകമായിരുന്നില്ല. അതുകൊണ്ടു തന്നെ നായകന്‍ മെസ്സിക്ക് അവര്‍ വിശ്രമം നല്‍കി. കളിയുടെ ആദ്യപകുതിയില്‍ തന്നെ പ്രതിരോധക്കാരന്‍ ഒട്ടാമെന്‍ഡി ചുവപ്പ് കാര്‍ഡ് കണ്ടതാണ് തിരിച്ചടിയായത്. പത്തുപേരുമായി അവര്‍ക്ക് മത്സരം പൂര്‍ത്തിയാക്കേണ്ടി വന്നു. ഇതോടെ ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരത്തില്‍ ഒട്ടാമെന്‍ഡിക്ക് കളിക്കാനാകില്ല. മത്സരത്തില്‍ ഇക്വഡോറും പത്തുപേരായി ചുരുങ്ങിയെങ്കിലും സ്‌കോര്‍ ചെയ്യാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞില്ല.

Ads by Google
Ads by Google
TRENDING NOW