-->
വിവാഹം, കുടുംബം, കുട്ടികള്‍ ഇതെല്ലാം ഏതൊരു മനുഷ്യന്റെയും വലിയ സ്വപ്‌നമാണ്. യുകെയിലെ സറേ സ്വദേശിയായ മാക്‌സ് വാര്‍ഡിയുടേയും ആഗ്രഹം അതായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ബ്രെയ്ന്‍ ട്യൂമര്‍ സ്ഥിരീകരിച്ചതോടെ മാക്‌സ് വാര്‍ഡിയുടെ പ്രതീക്ഷകളെല്ലാം താളംതെറ്റി. ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജീവിക്കാന്‍ സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ വാര്‍ഡി ഒരു തീരുമാനമെടുത്തു. എത്രയും പെട്ടെന്ന് തന്റെ കാമുകിയെ വിവാഹം ചെയ്ത് ഇനിയുള്ള കുറച്ചുകാലം ജീവിതം കൂടുതല്‍ സന്തോഷകമാക്കുക എന്നതായിരുന്നു ആ തീരുമാനം.
അങ്ങനെ ഓഗസ്റ്റ് 20ന് മാക്‌സ് വാര്‍ഡിയും കാമുകി ജോര്‍ജി ഇംഗ്ലീഷും വിവാഹം ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ കാലില്‍ ഒരു മരവിപ്പ് അനുഭവപ്പെട്ടതായിരുന്നു ആദ്യ ലക്ഷണം എന്തെങ്കിലും പരിക്ക് പറ്റിയതാവാം എന്ന ധാരണയിലാണ് ആദ്യം ഡോക്ടര്‍മാര്‍ ചികിത്സിച്ചത്. എന്നാല്‍ മെയ് മാസമായപ്പോഴേക്കും മാക്‌സ് വാര്‍ഡിക്ക് തലവേദന അനുഭവപ്പെടാന്‍ തുടങ്ങി. ജോലി സംബന്ധമായ സമ്മര്‍ദ്ദം മൂലമായിരിക്കാം എന്ന് കരുതി. ആ സമയത്ത് ഒന്നും ഗൗരവമായി കണ്ടിരുന്നില്ല. എന്നാല്‍ പിന്നീട് രോഗലക്ഷണങ്ങള്‍ വഷളാകാന്‍ തുടങ്ങി.
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടയില്‍ കാഴ്ച്ച മങ്ങിയപ്പോള്‍ ഡോക്ടര്‍ സിടി സ്‌കാനിന് നിര്‍ദേശിച്ചു. തലച്ചോറിന്റെ ഇടത് ഭാഗത്ത് ട്യൂമര്‍ കണ്ടെത്തുകയും ചെയ്തു. പിന്നീട് ബയോപ്‌സി നടത്തുകയും ഏറ്റവും മോശമായൊരു വാര്‍ത്ത ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. തലച്ചോറിനെ ബാധിക്കുന്ന, ചികിത്സിച്ച് ഭേദമാക്കാനാവാത്ത, അതിവേഗം പടരുന്ന ഗ്ലിയോബ്ലാസ്‌റ്റോമയായിരുന്നു മാക്‌സ് വാര്‍ഡിക്ക്. ഒന്നര വര്‍ഷത്തില്‍ കൂടുതല്‍ ആയുസുണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി റേഡിയോതെറാപ്പിയും കീമോതെറാപ്പിയും ഉണ്ടാകുമെന്നും സംസാരശേഷി നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
പിന്നീട് അവസ്ഥ കൂടതല്‍ വഷളാകുകയും രവേദന കൂടാനും തുടങ്ങി. ഇതോടെ മാക്‌സ് വാര്‍ഡി ധീരവും അപ്രതീക്ഷിതവുമായ ഒരു തീരുമാനമെടുത്തു. തന്റെ കാമുകി ജോര്‍ജി ഇംഗ്ലീഷിനോട് വിവാഹാഭ്യര്‍ത്ഥന നടത്തി. മാക്‌സിന്റെ തീരുമാനത്തെ പൂര്‍ണമനസോടെ സ്വീകരിച്ച ജോര്‍ജി വിവാഹവേഷത്തില്‍ തന്നെ കാണാനുള്ള മാക്‌സിയുടെ ആഗ്രഹത്തിന് സമ്മതം അറിയിച്ചു. മാക്‌സിന്റെ ആരോഗ്യം മോശമായിക്കൊണ്ടിരുന്നതിനാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി. ഓഗസ്റ്റ് 20ന് കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ വികാരനിര്‍ഭരവും ലളിതവുമായ ഒരു ചടങ്ങില്‍ മാക്‌സും ജോര്‍ജുയും വിവാഹിതരായി.
'ഇപ്പോഴല്ലെങ്കില്‍ പിന്നൊരിക്കലും സാധിക്കില്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. മാക്‌സിന്റെ അവസ്ഥ മോശമായി വരികയായിരുന്നു, പക്ഷേ നിമിഷങ്ങള്‍ അവിസ്മരണീയമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു.' വിവാഹത്തിനുശേഷം ജോര്‍ജി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.