Thursday, March 12, 2026 Last Updated 4 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Sep 2025 10.32 AM

ലേലത്തുക 26.8 ലക്ഷം സഹ താരങ്ങള്‍ക്ക് നല്‍കി ; കപ്പടിച്ച കൊച്ചിക്ക് സമ്മാനവുമായി സഞ്ജു സാംസണ്‍! എഷ്യാകപ്പിലും മിന്നട്ടെ...!

uploads/news/2025/09/799947/sanju-samson.jpg

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റില്‍ പലരും സ്വന്തം സ്ഥാനം സംരക്ഷിക്കാന്‍ പാടുപെടുമ്പോള്‍ ടീമിലെ യുവതാരങ്ങളെ നന്നായി പ്രോത്സാഹിപ്പിക്കുന്ന ആള്‍ എന്ന നിലയില്‍ കുടി പ്രശസ്തനാണ് സഞ്ജു സാംസണ്‍. കേരളാ ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലും താരം കളത്തിലും പുറത്തും താരമാകുന്നു. രണ്ടാം സീസണില്‍ തന്നെ ടീമിനെ കപ്പടിപ്പിക്കാന്‍ കഴിഞ്ഞ സഞ്ജു തന്റെ ലേലത്തുകയായ 26.8 ലക്ഷം ടീമിന് നല്‍കി.

കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണില്‍ കിരീടം സ്വന്തമാക്കിയ കൊച്ചി ബ്ലൂടൈഗേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു സഞ്ജു. താര ലേലത്തില്‍ ലഭിച്ച റെക്കോര്‍ഡ് തുകയായ 26.8 ലക്ഷം രൂപ സഞ്ജു സഹ താരങ്ങള്‍ക്കു വീതിച്ചു നല്‍കുമെന്നു പ്രഖ്യാപിച്ചു. മാച്ച് ഫീയായി ലഭിച്ച തുകയടക്കമാണ് സഞ്ജു സഹ താരങ്ങള്‍ക്ക് സമ്മാനിക്കുന്നത്. കഴിഞ്ഞ സീസണില്‍ കെസിഎല്‍ കളിക്കാന്‍ അവസരം കിട്ടാതിരുന്ന സഞ്ജു സാംസണെ റെക്കോര്‍ഡ് തുകയ്ക്കാണ് കൊച്ചി സ്വന്തമാക്കിയത്. എന്നാല്‍ ടൂര്‍ണമെന്റില്‍ പൂര്‍ണ്ണമായും താരത്തിന് കളിക്കാനായിരുന്നില്ല.

പ്രാഥമിക ഘട്ടത്തിലെ ചില കളികളില്‍ കൊച്ചിക്കായി ഇറങ്ങിയ സഞ്ജു പിന്നീട് ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ യുഎഇയിലേക്ക് പറന്നിരുന്നു. എന്നാല്‍ കളിച്ച നാല് കളിയിലും താരം ഉജ്വലഫോമിലായിരുന്നു. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറികളും തന്റെ കന്നി കെസിഎല്‍ സീസണില്‍ തന്നെ താരം സ്വന്തമാക്കി. 51 പന്തില്‍ 121, 46 പന്തില്‍ 89, 37 പന്തില്‍ 62, 41 പന്തില്‍ 83 എന്നിങ്ങനെ സ്‌കോറുകളാണ് താരം നേടിയത്. സഞ്ജുവിന്റെ ചേട്ടന്‍ സാലി സാംസണാണ് ടീമിന്റെ ക്യാപ്റ്റന്‍.

ആലപ്പി റിപ്പിള്‍സിനെതിരായ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് ട്രോഫിയും സഞ്ജു ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച യുവ ഓള്‍ റൗണ്ടറായ ജെറിന്‍ പിഎസിനു നല്‍കി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു ഐപിഎല്ലില്‍ ഇത്തവണ രാജസ്ഥാനായി കളിച്ച 14കാരന്‍ വൈഭവ് സൂര്യവംശിയ്ക്ക് വലിയ പിന്തുണ നല്‍കിയിരുന്നു.

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ടീമില്‍ ഉള്‍പ്പെട്ട താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്നു ഓപ്പണ്‍ ചെയ്യണമെന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായ രവി ശാസ്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ശുഭ്മാന്‍ ഗില്‍ ഇടവേളയ്ക്കു ശേഷം ടി20 ടീമിലേക്ക് വൈസ് ക്യാപ്റ്റനായി എത്തിയതോടെ സഞ്ജുവിനു പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കില്ലെന്നും സഞ്ജുവിനു പകരം അഭിഷേകിനൊപ്പം ഗില്ലായിരിക്കും ഓപ്പണ്‍ ചെയ്യുക എന്നുമാണ് ക്രിക്കറ്റ് പണ്ഡിറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ടി20 ലോകകപ്പിനു ശേഷം സ്ഥിരതയാര്‍ന്ന പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്. ഓപ്പണറെന്ന നിലയില്‍ ടി20 ഫോര്‍മാറ്റില്‍ 3 സെഞ്ച്വറികള്‍ നേടിയ താരം കൂടിയാണ് അദ്ദേഹം. ശരാശരി 34.75, സ്ട്രൈക്ക് റേറ്റ് 182.89. ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ശാസ്ത്രിയുടെ വിലയിരുത്തല്‍. ടി20യില്‍ സമീപകാലത്ത് ക്ലിക്കായി ഓപ്പണിങ് സഖ്യമാണ് സഞ്ജു- അഭിഷേക് കൂട്ടുകെട്ട്. ഈ സഖ്യം പൊളിക്കേണ്ട സ്ഥിതിയാണ് ഇന്ത്യന്‍ ടീമിനു മുന്നിലുള്ളത്. ഗില്ലിനെ എല്ലാ ഫോര്‍മാറ്റിലേയും ഭാവി നായകനാണ് ഇന്ത്യന്‍ അധികൃതര്‍ കാണുന്നത്.

Ads by Google
Ads by Google
TRENDING NOW