-->
ഹിസോര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് വിദേശപരിശീലകന്‍ വേണമോ സ്വദേശി പരിശീലകന്‍ വേണോ എന്ന കാര്യത്തിലുള്ള സംശയം ഇതോടെ മാറിക്കിട്ടുമെന്നാണ് ഫുട്‌ബോള്‍ വിദഗ്ദ്ധര്‍ കരുതുന്നത്. രണ്ടു വിദേശികള്‍ ഉപേക്ഷിച്ചുപോയ ഇന്ത്യന്‍ ഫുട്ബോള്‍ ടീം സ്വദേശിയായ പരിശീലകന് കീഴില്‍ നേടിയത് വമ്പന്‍ നേട്ടം. കരുത്തരായ ഒമാനെ കീഴടക്കി കാഫ നേഷന്‍സ്‌കപ്പ് പോരാട്ടത്തില്‍ മൂന്നാം സ്ഥാനം നേടി.
ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകനായി ഖാലിദ് ജമീല്‍ സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. കരുത്തരായ ഒമാനെ ചരിത്രത്തിലാദ്യമായി വീഴ്ത്തിയാണ് ഇന്ത്യ മികച്ച നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ 11 തവണയും ഒമാനെതിരായ പോരാട്ടത്തില്‍ തോറ്റ ഇന്ത്യ നിശ്ചിത സമയത്തില്‍ പിന്നില്‍ നിന്നും പൊരുതി സമനില പിടിക്കുകയും അതിന് ശേഷം ഷൂട്ടൗട്ടില്‍ കീഴടക്കുകയും ആയിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നാണ് ഇന്ത്യ വിജയവും മൂന്നാം സ്ഥാനവും സ്വന്തമാക്കിയത്.
മൂന്നാം സ്ഥാന പോരാട്ടത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1നു സമനിലയില്‍ പിരിഞ്ഞിരുന്നു. ആദ്യപകുതി ഗോള്‍രഹിതമായ ശേഷം 55ാം മിനിറ്റില്‍ അല്‍ യഹ്മദിയിലൂടെയാണ് ഒമാന്‍ അക്കൗണ്ട് തുറന്നത്. കളി ഒമാന്‍ ജയിക്കുമെന്നു തോന്നിച്ചെങ്കിലും ഗതി മാറ്റി 80ാം മിനിറ്റില്‍ ഇന്ത്യ സമനില പിടിച്ചെടുത്തു. ഡാനിഷ് ഫാറൂഖിന്റെ ക്രോസില്‍ തലവെച്ച് ഉദാന്ത സിങാണ് ഇന്ത്യക്ക് സമനില ഗോള്‍ സമ്മാനിച്ചത്.
കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ ഇന്ത്യയ്ക്കായി ലാല്ലിയന്‍സുല ചങ്തെ, രാഹുല്‍ ഭകെ, മലയാളിതാരം ജിതിന്‍ എന്നിവരുടെ കിക്കുകള്‍ ലക്ഷ്യം കണ്ടപ്പോള്‍ ഒമാന്‍ നിരയില്‍ അല്‍ റുഷൈദിയും അല്‍ ഗസ്സാനിയും മാത്രമാണ് ലക്ഷ്യം കണ്ടത്. അവസാന കിക്കെടുത്ത അല്‍ യഹ്മദിയുടെ ഷോട്ട് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു തടുത്ത് ഇന്ത്യക്ക് സ്വപ്ന വിജയം സമ്മാനിക്കുകയായിരുന്നു.