-->
മിലാന് : ഇറ്റാലിയന്‍ സീരി എ യില്‍ വമ്പന്മാരായ ഇന്റര്‍മിലാന് പിസായ്ക്ക് എതിരേ കുറ്റന്‍ ജയം. രണ്ടിനെതിരേ ആറു ഗോളുകള്‍ക്കാണ് എതിരാളികളെ കരുത്തന്മാര്‍ വിജയം നേടിയത്. രണ്ടുഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്റര്‍മിലാന്റെ തിരിച്ചടി. ബുധനാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ ബോറൂസിയ ഡോര്‍ട്ട്മുണ്ടിനെ നേരിടാനൊരുങ്ങുന്ന ഇന്റര്‍ മിലാന് ഈ വിജയം വലിയ ആത്മവിശ്വാസം നല്‍കും. ഈ വിജയത്തോടെ 52 പോയിന്റുമായി ഇന്റര്‍ മിലാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.
രണ്ടാം സ്ഥാനത്തുള്ള എസി മിലാനേക്കാള്‍ 6 പോയിന്റ് മുന്നിലാണ് അവര്‍. അതേസമയം വെറും 14 പോയിന്റുള്ള പിസ പട്ടികയില്‍ അവസാന സ്ഥാനത്താണ്. സെലിന്‍സ്‌ക്കി, ലൗത്തരോ മാര്‍ട്ടിനസ്, എസ്‌പോസിറ്റോ, ഡിമാര്‍ക്കോ, ബോണി, മഖത്തിരിയാന്‍ എന്നിവര്‍ വിജയികള്‍ക്കായി ഗോളുകള്‍ കുറിച്ചപ്പോള്‍ മൊറിയോയുടെ ഇരട്ടഗോളുകളാണ് പിസയുടെ ആശ്വാസമായത്.
മത്സരത്തിന്റെ തുടക്കത്തില്‍ റെലഗേഷന്‍ ഭീഷണി നേരിടുന്ന പിസ രണ്ടു ഗോളുകള്‍ നേടി ഇന്റര്‍ മിലാനെ ഞെട്ടിച്ചെങ്കിലും, ആദ്യ പകുതിയില്‍ തന്നെ ഇന്റര്‍ തിരിച്ചടിച്ചു. കളി തുടങ്ങി 11-ാം മിനിറ്റില്‍ തന്നെ പിസ ലീഡെടുത്തു. ഇന്റര്‍ ഗോള്‍കീപ്പര്‍ യാന്‍ സോമറിന് പറ്റിയ വലിയൊരു പിഴവ് മുതലെടുത്ത് സ്റ്റെഫാനോ മൊറേയോ ആണ് ആദ്യ ഗോള്‍ നേടിയത്. 23-ാം മിനിറ്റില്‍ ഒരു കോര്‍ണര്‍ കിക്കിലൂടെ മൊറേയോ തന്റെ രണ്ടാം ഗോളും നേടി.
കളിയുടെ 39-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് പിയോറ്റര്‍ സീലിന്‍സ്‌കി ഇന്ററിന് പ്രതീക്ഷ നല്‍കി. രണ്ട് മിനിറ്റിനുള്ളില്‍ ദിമാര്‍ക്കോയുടെ പാസ്സില്‍ നിന്നും ലൗട്ടാരോ മാര്‍ട്ടിനെസ് ഹെഡറിലൂടെ സമനില പിടിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഫ്രാന്‍സെസ്‌കോ പിയോ എസ്‌പോസിറ്റോ കൂടി ഗോള്‍ നേടിയതോടെ ആദ്യ പകുതിയില്‍ ഇന്റര്‍ 3-2 ന് മുന്നിലെത്തി.
രണ്ടാം പകുതിയില്‍ ഇന്ററിന്റെ സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നു. 82-ാം മിനിറ്റില്‍ ഫെഡറിക്കോ ദിമാര്‍ക്കോ, 86-ാം മിനിറ്റില്‍ ആംഗേ-യോവന്‍ ബോണി, ഇഞ്ചുറി ടൈമില്‍ ഹെന്റിക് മിഖിതാര്യന്‍ എന്നിവര്‍ കൂടി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.