-->
ഓരോ നാട്ടുകാര്‍ക്കും അവരുടേതായ സംസ്‌കാരവും ജീവിതരീതിയും ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ നമ്മുടെ പല കാര്യങ്ങളും അവര്‍ അംഗീകരിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യണമെന്നില്ല. അത്തരം അനുഭവങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. അങ്ങനെ ജപ്പാനില്‍ താമസിക്കുന്ന ചെന്നൈയിലുള്ള ഒരു യുവതി ഷെയര്‍ ചെയ്ത വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പെര്‍ഫ്യൂമിനെ കുറിച്ചാണ് യുവതി വീഡിയോയില്‍ പറയുന്നത്. ജപ്പാനിലുള്ളവര്‍ക്ക് കടുത്ത മണമുള്ള പെര്‍ഫ്യൂമുകള്‍ ഇഷ്ടമല്ലത്രെ. സ്വന്തം നാട്ടില്‍ നേരിയ മണം മാത്രമായി കരുതിയ പെര്‍ഫ്യൂം ജപ്പാനിലെ ഒരു സഹപ്രവര്‍ത്തക കടുത്ത മണമുള്ള പെര്‍ഫ്യൂമായിട്ടാണ് കണക്കാക്കിയത് എന്നാണ് യുവതി പറയുന്നത്.
anushainjapan എന്ന യൂസറാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്ന് താന്‍ ജപ്പാനില്‍ നിന്നും അമ്പരപ്പിക്കുന്ന ഒരു കാര്യം മനസിലാക്കി എന്നാണ് അനുഷ തന്റെ വീഡിയോയില്‍ പറയുന്നത്. യുവതി പറയുന്നത് പ്രകാരം ജപ്പാനിലെ ജനങ്ങള്‍ ഒന്നുകില്‍ വളരെ വളരെ നേര്‍ത്ത മണമുള്ള പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കും. അല്ലെങ്കില്‍ പെര്‍ഫ്യൂമേ ഉപയോഗിക്കാറില്ല.
പൊതു ഇടങ്ങളില്‍ രൂക്ഷഗന്ധമുള്ള പെര്‍ഫ്യൂം ഉപയോഗിച്ച് ചെല്ലുന്നത്, മറ്റുള്ളവരെ കുറിച്ച് പരിഗണനയില്ലാത്തതിന്റെ ലക്ഷണമായിട്ടാണ് അവര്‍ കണക്കാക്കുന്നത്. മാത്രമല്ല, അതുമായി ബന്ധപ്പെട്ട ഒരു പദം കൂടി അവിടെ നിലവിലുണ്ട്. സുമേഹര എന്നതാണ് ആ പദം. അതിന്റെ അര്‍ത്ഥം ദുര്‍ഗന്ധം കൊണ്ടുണ്ടാകുന്ന ശല്ല്യം എന്നാണത്രെ. ഇത് ജപ്പാനില്‍ വളരെ സാധാരണയായ ഒരു കാര്യമാണ് എന്നും ജപ്പാനിലെ ജനങ്ങള്‍ എല്ലാവരേയും പരിഗണിക്കുന്നതിനാലാണ് ഇതെന്നും കമന്റ് നല്‍കിയവരുണ്ട്.