Saturday, March 14, 2026 Last Updated 19 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Sep 2025 11.51 AM

ജപ്പാന് അഞ്ചു വര്‍ഷത്തിനിടയില്‍ നാലാമത്തെ പ്രധാനമന്ത്രി ; രണ്ട് പതിറ്റാണ്ടിനിടെ ജപ്പാനെ ഭരിക്കാനെത്തിയത് പത്ത് പ്രധാനമന്ത്രിമാര്‍

uploads/news/2025/09/799959/japan.jpg

ടോക്കിയോ: പുതിയ പ്രധാനമന്ത്രി ഷിഗെരു ഇഷിബ കൂടി രാജി വെയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെ ജപ്പാന്റെ ഭരണം വീണ്ടും പ്രതിസന്ധിയിലായി. അഞ്ചു വര്‍ഷ കാലത്തിനിടയില്‍ നാലാമത്തെ പ്രധാനമന്ത്രിയാണ് ഇപ്പോള്‍ രാജി വെച്ചിരിക്കുന്നത്. ഇഷിബയുടെ രാജി ഭരണത്തില്‍ ഒരു വര്‍ഷം പോലും പുര്‍ത്തിയാക്കുന്നതിന് മുമ്പ്. അദ്ദേഹത്തെ പുറത്താക്കാന്‍ അദ്ദേഹത്തിന്റെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ (എല്‍ഡിപി) എതിരാളികള്‍ വോട്ട് ചെയ്യാന്‍ ഒരുങ്ങുന്നതിന് ഒരു ദിവസം മുന്‍പാണ് ഈ രാജി.

അദ്ദേഹത്തിന്റെ രാജിയോടെ ടോക്കിയോയില്‍ വീണ്ടും ഭരണകക്ഷി നേതൃത്വത്തിന് വേണ്ടിയുള്ള മത്സരം ആരംഭിച്ചിരിക്കുകയാണ്. ഇത് അഞ്ച് വര്‍ഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ നേതൃത്വ മത്സരമാണ്. രണ്ട് ദേശീയ തിരഞ്ഞെടുപ്പുകള്‍ക്ക് പുറമെയാണിത് - ഈ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചവര്‍ക്കാര്‍ക്കും അവരുടെ കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, രാജ്യത്തിന്റെ അടുത്ത നേതാവിന് മുന്നില്‍ വളരെ വലിയ വെല്ലുവിളികളാണുള്ളത്. യുഎസ്-ജപ്പാന്‍ ബന്ധം മെച്ചപ്പെടുത്തുക, വര്‍ധിച്ചു വരുന്ന പണപ്പെരുപ്പവും ജീവിതച്ചെലവും നിയന്ത്രിക്കുക, കൂടാതെ പാര്‍ലമെന്റിന്റെ ഇരുസഭകളിലുമുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാരിനെ നയിക്കുക എന്നിവയാണ് ആ വെല്ലുവിളികള്‍.

2020-ല്‍, ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഷിന്‍സോ ആബെ അപ്രതീക്ഷിതമായി രാജിവച്ചതിനെ തുടര്‍ന്ന്, പാര്‍ട്ടിയുടെ ചീഫ് ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന യോഷിഹിഡെ സുഗ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തി. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം, താഴേക്കു പോയ ജനപ്രീതി കാരണം സുഗ രാജിവെച്ചു. അദ്ദേഹത്തിന് പകരക്കാരനായി ഫുമിയോ കിഷിഡ ചുമതലയേറ്റു. 2021-ന്റെ അവസാനത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കിഷിഡ വിജയിച്ചു. പക്ഷേ കിഷിഡയ്ക്കും അധികനാള്‍ അധികാരത്തില്‍ തുടരാനായില്ല. എല്‍ഡിപിയെ ചുറ്റിപ്പറ്റിയുള്ള അഴിമതി ആരോപണങ്ങളും, ഉയര്‍ന്ന ജീവിതച്ചെലവും, യെന്നിന്റെ മൂല്യം കുറഞ്ഞതും അദ്ദേഹത്തിന്റെ ജനപ്രീതി ഇടിയാന്‍ കാരണമായി.

2024-ല്‍ ഇഷിബ അദ്ദേഹത്തിന് പകരക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച, തന്നെ പുറത്താക്കാന്‍ സാധ്യതയുണ്ടായിരുന്ന ആഭ്യന്തര നേതൃത്വ വോട്ടെടുപ്പിന് മുന്നോടിയായി അദ്ദേഹം രാജി പ്രഖ്യാപിച്ചു. മൂന്ന് പേരുകളാണ് സാധ്യതാ സ്ഥാനാര്‍ത്ഥികളായി ഉയര്‍ന്നുവന്നിരിക്കുന്നത്. കൃഷി മന്ത്രിയും മുന്‍ പ്രധാനമന്ത്രിയുടെ മകനുമായ ഷിന്‍ജിരോ കൊയിസുമി, ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി, ജയിക്കുകയാണെങ്കില്‍ ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള സനയെ ടകൈചി.

ഈ മൂന്നുപേരും 2024-ലെ പ്രസിഡന്‍ഷ്യല്‍ മത്സരത്തില്‍ ഇഷിബയ്‌ക്കെതിരെ മത്സരിച്ചവരാണ്. 2001 മുതല്‍ 2006 വരെ പ്രധാനമന്ത്രിയായിരുന്ന ജൂണിച്ചിറോ കൊയിസുമിയുടെ മകനായ 44 വയസ്സുള്ള കൊയിസുമിയും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. മുന്‍ വിദേശകാര്യ മന്ത്രി തോഷിമിത്സു മോടേഗിയും, മുന്‍ സാമ്പത്തിക സുരക്ഷാ മന്ത്രി തകായുകി കോബയാഷിയും ഉള്‍പ്പെടെ മറ്റു ചിലരുടെ പേരുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. അതേസമയം രണ്ട് പതിറ്റാണ്ടിനിടെ ജപ്പാന് 10-ല്‍ അധികം പ്രധാനമന്ത്രിമാരുണ്ടായിട്ടുണ്ട്. ഇഷിബയുടെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്ന ഈ വേളയില്‍, അടുത്ത നേതാവിനെങ്കിലും ഹൃസ്വകാല പ്രധാനമന്ത്രി എന്ന ദൗര്‍ഭാഗ്യം മറികടക്കാനാകുമോ?

Ads by Google
Ads by Google
LATEST NEWS
TRENDING NOW