-->
തിരുവനന്തപുരം: കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ വിഭാഗം നിരന്തരം വിവാദത്തില്‍ പെടുന്ന സാഹചര്യത്തില്‍ കെപിസിസി ഡിജിറ്റല്‍ മീഡിയാ വിഭാഗം തലവന്‍സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് വി.ടി. ബല്‍റാം. 'ബീഹാര്‍ ബീഡി' പരാമര്‍ശത്തിന്റെ പേരില്‍ ഹൈക്കമാന്റ് സഹിതം അതൃപ്തി പ്രകടിപ്പിക്കുകയും കെപിസിസി ഡിജിറ്റല്‍ മീഡിയാ വിഭാഗം പിരിച്ചുവിടാന്‍ നിര്‍ദേശം കിട്ടിയ സാഹചര്യത്തിലാണ് ബല്‍റാം സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്നാണ് വിവരം. ഡിജിറ്റല്‍ മീഡിയാ വിഭാഗം പൂര്‍ണ്ണമായും അഴിച്ചുപണിതേക്കുമെന്നാണ് സൂചന.
കെപിസിസി നേതൃത്വത്തോട് കര്‍ശന നടപടിയുണ്ടാകണമെന്നാണ് ഹൈക്കമാന്റില്‍ നിന്നുള്ള നിര്‍ദേശം. പോസ്റ്റിന്റെ കാര്യത്തില്‍ അപകതയും ജാഗ്രതക്കുറവും ഉണ്ടായിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ് തന്നെ പറഞ്ഞിരുന്നു. വി.ഡി. ബല്‍റാമിനെ പോലുള്ളവര്‍ക്ക് പിഴവ് പറ്റിയെന്നും കൂട്ടിച്ചേര്‍ത്തിനുന്നു. തന്റെ അറിവോടുകൂടിയല്ല എന്ന മറുപടിയാണ് വി.ടി. ബല്‍റാം ഇക്കാര്യത്തില്‍ കെപിസിസി വിശദീകരണം ആവശ്യപ്പെട്ടപ്പോര്‍ നല്‍കിയ മറുപടി. എന്നാല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ വന്ന പോസ്റ്റ് എങ്ങിനെ അറിയാതെ പോയി എന്ന ചോദ്യം ഉണ്ടാക്കിയിരിക്കുകയാണ്. കെപിസിസിയുടെ എക്‌സ്‌പേജില്‍ വന്ന പോസ്റ്റ് ബിജെപി ഉപയോഗിക്കുകയും ചെയ്തു.
ഇന്ത്യമുന്നണിയിലെ എല്ലാസഖ്യവും ചേര്‍ന്ന് ബീഹാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ വോട്ട് അധികാര്‍ യാത്ര നടത്തുന്ന സാഹചര്യത്തിലാണ് കെപിസിസിയുടെ ഔദ്യോഗിക എക്‌സ് പോസ്റ്റില്‍ ബീഹാറിനെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പോസ്റ്റ് വന്നത്. യാത്രയിലൂടെ കോണ്‍ഗ്രസ് മേല്‍ക്കൈ നേടിയിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയ്ക്ക് ആയുധമായി പോസ്റ്റ് മാറിയത്. 'ബി എന്ന അക്ഷരത്തിലാണ് ബീഡിയും ബീഹാറും തുടങ്ങുന്നത് ' എന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പുതിയ ജിഎസ്ടി നയത്തില്‍ കെപിസിസി യുടെ എക്‌സ് പേജില്‍ വന്ന പരിഹാസം. ഇത് ബീഹാര്‍ ജനതയെ മുഴുവന്‍ അപമാനിക്കുന്നു എന്നായിരുന്നു ബിജെപിയുടെ ആരോപണം.
പോസ്റ്റ് വിവാദമായതിന് തൊട്ടുപിന്നാലെ ഇത് നീക്കുകയും ചെയ്തു. സംഭവത്തില്‍ മീഡിയാ വിഭാഗം തലവന്‍ വി.ടി. ബല്‍റാമിനോട് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ് തന്നെ വിശദീകരണം തേടുകയും സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളതായിട്ടാണ് വിവരം. അതേസമയം പോസ്റ്റിലൂടെ രണ്ടാം തവണയാണ് കെപിസിസി ഡിജിറ്റല്‍ വിംഗ് വിവാദത്തില്‍ പെടുന്നത്. നേരത്തേ രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ഉയര്‍ന്ന ലൈംഗികാപവാദ കേസില്‍ രാഹുലിനെതിരേ നിന്ന നേതാക്കള്‍ക്കെതിരേ സൈബര്‍ ആക്രമണം നടത്തിയതിന് കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയാ വിഭാഗം വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അടുത്ത വിവാദത്തിലും തലയിട്ടിരിക്കുന്നത്.