-->
ഷാര്‍ജ: ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച് തിളക്കമാര്‍ന്ന ജയം സ്വന്തമാക്കിയ അഫ്ഗാനിസ്ഥാന് വേണ്ടി ലോകറെക്കോഡ് ഇട്ട് സ്പിന്നര്‍ റഷീദ്ഖാന്‍. യുഎഇക്കെതിരെ 38 റണ്‍സിന് വിജയിച്ച് അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയ മത്സരത്തില്‍ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമായിട്ടാണ് റഷീദ്ഖാന്‍ റെക്കോഡ് നേട്ടമുണ്ടാക്കിയത്.
അഫ്ഗാന്‍ താരങ്ങള്‍ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ മത്സരത്തില്‍ അദ്ദേഹം എതാന്‍ ഡിസൂസ, ആസിഫ് ഖാന്‍, ധ്രുവ് പരശര്‍ എന്നിവരുടെ വിക്കറ്റുകള്‍ നേടി കളിയിലെ താരമായി. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടിയത്. 98 മത്സരങ്ങളില്‍ നിന്ന് 165 വിക്കറ്റുകളാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരിലുള്ളത്.
അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം എന്ന ലോക റെക്കോര്‍ഡ് ഇതോടെ അദ്ദേഹം സ്വന്തമാക്കി. 164 വിക്കറ്റുകള്‍ നേടിയ ന്യൂസിലന്‍ഡിന്റെ ടിം സൗത്തിയെയാണ് റാഷിദ് മറികടന്നത്. ഈ മത്സരത്തില്‍ ടോസ് നേടിയ യുഎഇ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ റഹ്മാനുള്ള ഗുര്‍ബാസിന്റെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും, പിന്നീട് സെയ്ദിഖുള്ള അടാലും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്‌സ് മുന്നോട്ട് നയിച്ചു.
ഇരുവരും അര്‍ദ്ധ സെഞ്ച്വറികള്‍ നേടി ടീമിന് മികച്ച സ്‌കോര്‍ നേടുന്നതിന് സഹായിച്ചു. അടല്‍ 54 റണ്‍സും സദ്രാന്‍ 63 റണ്‍സും നേടി. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. മത്സരത്തില്‍, മുഹമ്മദ് വസീമും രാഹുല്‍ ചോപ്രയും അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയെങ്കിലും യുഎഇക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.