-->
ലണ്ടന്‍: ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ വിദേശ ക്രിക്കറ്റ് ലീഗുകളെയും ബാധിക്കുന്നു. ഇംഗ്‌ളണ്ടിലെ പുതിയ ടി20 ലീഗായ 'ദി ഹണ്ട്രഡി' ലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസികളില്‍ പാകിസ്താന്‍ കളിക്കാരെ എടുക്കുന്നത് വിവാദത്തില്‍. അടുത്തിടെ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമകള്‍ പാകിസ്ഥാന്‍ സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ ടീമിലെടുത്തത് വിവാദമായി മാറിയിരിക്കുകയാണ്. ടീമിന്റെ ഇന്ത്യന്‍ ആരാധകര്‍ ഇടഞ്ഞെങ്കിലും ദി ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ വിവേചനങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് വ്യക്തമാക്കി ടൂര്‍ണമെന്റിന്റെ ഉടമകളായ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
അബ്രാര്‍ അഹമ്മദിനെ ടീമിലെടുത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി സണ്‍റൈസേഴ്സ് ലീഡ്സും രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കടുത്ത വിമര്‍ശനങ്ങള്‍ക്കിടയില്‍ സണ്‍റൈസേഴ്സ് കോച്ച് ഡാനിയല്‍ വെട്ടോറിയാണ് നിലപാട് വ്യക്തമാക്കിയത്. ടീമിന്റെ മുന്‍ഗണനാ പട്ടികയിലുണ്ടായിരുന്നത്് ഇംഗ്ലീഷ് സ്പിന്നര്‍ ആദില്‍ റഷീദായിരുന്നു. അദ്ദേഹത്തെ സതേണ്‍ ബ്രേവ് സ്വന്തമാക്കിയതോടെ മറ്റൊരു സ്പിന്നറെ വേണമെന്ന തീരുമാനം പാക് സ്പിന്നറിലേക്ക് എത്തുകയായിരുന്നു.
ഏറ്റവും മികച്ച ടീമിനെ കെട്ടിപ്പടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആദില്‍ റഷീദിനെ നഷ്ടമായപ്പോള്‍ വിദേശ സ്പിന്നറെ തേടുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നെന്ന് വെട്ടോറി പറഞ്ഞു. ലേലത്തില്‍ പാക് താരങ്ങളെ എടുക്കേണ്ടതില്ല എന്ന തരത്തില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. അബ്രാറിനെ കൂടാതെ ബംഗ്ലാദേശിന്റെ റിഷാദ് ഹുസൈന്‍, പാകിസ്ഥാന്റെ തന്നെ ഉസ്മാന്‍ താരിഖ് എന്നിവരും ടീമിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും മികച്ച ഓപ്ഷനായിട്ടാണ് അബ്രാര്‍ വന്നത്.
ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ടീമായ സണ്‍റൈസേഴ്സ് പാകിസ്ഥാന്‍ താരത്തെ ടീമിലെടുത്തത് ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ഐപിഎല്ലില്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍, മറ്റ് വിദേശ ലീഗുകളിലും ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ടീമുകള്‍ ഈ രീതി തുടരണമെന്നാണ് ആരാധകരുടെ ആവശ്യം. സണ്‍റൈസേഴ്സിന്റെ ഈ നീക്കത്തില്‍ പ്രതിഷേധിച്ച് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് നടക്കുന്നത്. വിവാദത്തെത്തുടര്‍ന്ന് സണ്‍റൈസേഴ്സ് ലീഡ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് താല്‍ക്കാലികമായി റദ്ദാക്കപ്പെടുന്ന സാഹചര്യം വരെയുണ്ടായി. അബ്രാറിനെ കൂടാതെ ഉസ്മാന്‍ താരിഖും കരാര്‍ നേടിയിട്ടുണ്ട്.