-->
ഫുട്ബോള്‍ പ്രേമികള്‍ക്കിടയിലെ ഹരമാണ് പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോക ഫുട്ബോളിലെ സൂപ്പർതാരവും സ്പോർട്സ് ഐക്കണുമായ റൊണാള്‍ഡോയുമായുള്ള ബന്ധപ്പെട്ടുള്ള എല്ലാ വിശേഷങ്ങളും നിമിഷനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്. താരത്തിന്റെ ദീര്‍ഘകാല പങ്കാളിയാണ് ജോർജിന റോഡ്രിഗസ്. ഏകദേശം ഒരു ദശാബ്ദക്കാലമായി ഇവര്‍ ഒരുമിച്ചാണ്. 2016 ൽ ആരംഭിച്ച ബന്ധം 2017 ൽ അവര്‍ പരസ്യമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഞ്ച് മക്കളിൽ രണ്ടു പേർ ജോർജിന റോഡ്രിഗസിൽ ഉള്ളതാണ്.
ഒൻപതു വർഷമായി ഒരുമിച്ചു താമസിക്കുന്നവരാണ് ക്രിസ്റ്റ്യാനോയും ജോർജിനയുമെങ്കിലും ഇവര്‍ വിവാഹിതരല്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റൊണാൾഡോ, തന്റെ പങ്കാളിയായ ജോർജിന റോഡ്രിഗസുമായി ഔദ്യോഗികമായി വിവാഹനിശ്ചയം കഴിഞ്ഞുവെന്നുള്ള വാര്‍ത്തകളാണ് കേള്‍ക്കുന്നത്.
ഇപ്പോഴിതാ സ്പാനിഷ് ഭാഷയിലുള്ള അടിക്കുറിപ്പിനൊപ്പം തന്റെ വിരലിൽ തിളങ്ങുന്ന വജ്ര മോതിരത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് ഈ വാര്‍ത്ത ഔദ്യോഗികമായി ഇൻസ്റ്റാഗ്രാമിലൂടെ സ്ഥിരീകരിക്കുകയാണ് ജോർജിന. വജ്ര മോതിരമണിഞ്ഞ തന്റെ കൈ മറ്റൊരു കൈയ്ക്ക് മുകളില്‍ വച്ചുള്ള ചിത്രമാണ് ജോര്‍ജിന പങ്കിട്ടിരിക്കുന്നത്. ‘‘അതെ ഞാനുണ്ട്. ഈ ജൻമത്തിലും വരും ജന്മങ്ങളിലും...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.
അഞ്ചു സെന്റിമീറ്ററിൽ കൂടുതൽ നീളമുള്ളതാണ് ഈ മോതിരം. ഓവൽ ആകൃതിയിലുള്ള ഒരു വലിയ വജ്രവും അതിന് ഇരുവശത്തുമായി രണ്ട് ചെറിയ കല്ലുകളും ഇതിലുണ്ട്. കണക്കുകൾ പ്രകാരം ഇതിന് 10 മുതൽ 40 കാരറ്റ് വരെ ഭാരമുണ്ട്, ഉറവിടം അനുസരിച്ച് 1 മില്യൺ മുതൽ 7 മില്യൺ ഡോളർ (ഏകദേശം 16.8 കോടി മുതൽ 42 കോടി രൂപ വരെ)വരെ വിലമതിക്കുന്നതാണിത്.
റൊണാൾഡോയും റോഡ്രിഗസും ഉയർന്ന പ്രൊഫൈൽ കരിയർ കെട്ടിപ്പടുത്തിയിട്ടുണ്ട്. റൊണാള്‍ഡോ നിലവിൽ സൗദി അറേബ്യയിൽ അൽ-നാസറിൽ കളിക്കുന്ന ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. ജോര്‍ജിന ഒരു മോഡൽ, ഇന്‍ഫ്ലുവന്‍സര്‍, സംരംഭക എന്നീ നിലകളില്‍ തിളങ്ങി നില്‍ക്കുന്ന സെലിബ്രിറ്റിയാണ്. ആരാധകരും മാധ്യമങ്ങളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവരുടെ വിവാഹനിശ്ചയം, അവരുടെ നെറ്റ്ഫ്ലിക്സ് പരമ്പരയായ ‘ഐ ആം ജോർജിന’ ഉൾപ്പെടെ പൊതുജനങ്ങളുടെ ശ്രദ്ധയിൽ പതിവായി പ്രത്യക്ഷപ്പെടുന്ന ഒരു ബന്ധത്തിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുകയാണ്.
2016-ല്‍ സ്പെയിനില്‍വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് ജോര്‍ജിന മാഡ്രിഡിലെ ഗുച്ചി റീട്ടെയില്‍ സ്റ്റോറില്‍ സെയില്‍സ് അസിസ്റ്റന്റായി ജോലിചെയ്യവേയാണ് ഈ കണ്ടുമുട്ടല്‍. ക്രമേണ ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു. സൂറിച്ചിൽ നടന്ന ഫിഫ ഫുട്ബോൾ അവാർഡ് ദാന ചടങ്ങിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതേവർഷം ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും ബന്ധം പരസ്യമാക്കി. ഈ ബന്ധം ഔദ്യോഗികമായി പുറത്തു വന്നത്. എന്നിരുന്നാലും ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വ്യക്തി കൂടിയായ ക്രിസ്റ്റ്യാനോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.