-->
ദോഹ: സൂപ്പര്‍താരം ക്രിസ്ത്യാനോറൊണാള്‍ഡോ ഉള്‍പ്പെടെയുള്ള സീനിയര്‍ ചേട്ടന്മാര്‍ക്ക് പ്രചോദനമായി അണ്ടര്‍ 17 ലോകകപ്പില്‍ കപ്പടിച്ച് പോര്‍ച്ചുഗല്‍ ടീം. അടുത്തവര്‍ഷം ലോകകപ്പ് നടക്കാനിരിക്കെ അണ്ടര്‍ 17 യൂറോ കപ്പ് നേടിയതിന് പിന്നാലെയാണ് അണ്ടര്‍ 17 ലോകകപ്പിലും പറങ്കിപ്പയ്യന്മാര്‍ മുത്തമിട്ടത്. ഖത്തറിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഓസ്ട്രിയയെ കീഴടക്കി പോര്‍ച്ചുഗല്‍ അണ്ടര്‍ 17 ലോകകപ്പ് കിരീട ജേതാക്കളായി.
പോര്‍ച്ചുഗലിന് ഇത് തങ്ങളുടെ ആദ്യത്തെ ലോകകപ്പ് കിരീടമായിരുന്നു. നിലവിലെ അണ്ടര്‍ 17 യൂറോപ്യന്‍ ചാമ്പ്യന്മാരായ ടീമിന് 2025 ലെ സ്വപ്നതുല്യമായ ഇരട്ട നേട്ടമാണ് കൊണ്ടുവന്നിരിക്കുന്നത്. അനിസിയോ കബ്രാളിന്റെ ആദ്യ പകുതിയിലെ ഗോളായിരുന്നു കളിയില്‍ നിര്‍ണ്ണായകമായത്. കളിയുടെ 32 ാം മിനിറ്റിലായിരുന്നു നിര്‍ണ്ണായക ഗോള്‍ വന്നത്. ഗോള്‍ മടക്കാന്‍ ഓസ്ട്രിയ കിണഞ്ഞു ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഏത് ലെവലിലും തങ്ങളുടെ ആദ്യ ലോകകപ്പ് ഫൈനലില്‍ കളിക്കാനിറങ്ങിയ ഓസ്ട്രിയ, ഒരു സമനില ഗോളിനായി അക്ഷീണം പരിശ്രമിച്ചു. അവസാനത്തില്‍ ഡാനിയേല്‍ ഫ്രൗഷറിന്റെ ഷോട്ട് പോസ്റ്റിന്റെ ഉള്ളില്‍ത്തട്ടി മടങ്ങിയതോടെ അവര്‍ക്ക് നിരാശാജനകമായി കാര്യങ്ങള്‍.
ടൂര്‍ണമെന്റിലെ തന്റെ ഏഴാമത്തെ ഗോളായിരുന്നു കബ്രാള്‍ നേടിയതെങ്കിലും ഓസ്ട്രിയയുടെ ജോഹന്നാസ് മോസര്‍ കൂടുതല്‍ ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. 48 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ 100 കളികളായിരുന്നു നന്നത്. 300 ലധികം ഗോളുകള്‍ കണ്ട ലോക കായികവേദിയില്‍ എട്ടുഗോളുകള്‍ നേടിയാണ് ഓസ്ട്രിയയുടെ ജോഹന്നാസ് മോസര്‍ ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായത്.