-->
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് കൊല്ലം ഷാഫി. ഇപ്പോഴിതാ തന്റെ പ്രവാസ ജീവിതത്തിനിടയിലെ രസകരമായൊരു ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് ഗായകന്‍. പൊടിമീശക്കാരനായിരുന്ന കാലത്ത് ഗള്‍ഫില്‍ ജോലി ചെയ്യുന്നതിനിടെ ടീഷര്‍ട്ടും കറുത്ത കൂളിങ് ഗ്ലാസും ധരിച്ച ഫോട്ടോയാണ് ഷാഫി പങ്കുവെച്ചത്.
' 1999ല്‍ ഷാര്‍ജയിലെ പ്രവാസജീവിതത്തിനിടയില്‍... (സുഖമാണെന്ന് കത്തിലൂടെ കളവുപറഞ്ഞപ്പോള്‍ ഉമ്മാക്ക് ബോധ്യപ്പെടാന്‍ ആരാന്റെ കണ്ണടയും ടീഷര്‍ട്ടും കടംവാങ്ങി കുളൂസില്‍ നാട്ടിലേക്കയച്ചുകൊടുത്ത ഫോട്ടോയാണിത് .. സമാനുഭവം ഉണ്ടായവര്‍ കമന്റില്‍ എഴുതുമല്ലോ ..?) അന്നും ഇന്നും നാടിനും വീടിനുംവേണ്ടി ജീവിതം പരിത്യാഗംചെയ്യുന്ന എന്റെ പ്രിയസഹോദരങ്ങളില്‍ അല്ലാഹ് ഖൈര്‍ ചെയ്യട്ടെ ആമീന്‍'- ഷാഫി കുറിച്ചു.
നിരവധി പേരാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. അറബിയുടെ വിലപിടിപ്പുളള കാറില്‍ ചാരി നിന്നാണ് താന്‍ ഫോട്ടോ അയച്ചതെന്ന് ഒരാള്‍ കുറിച്ചു. പ്രവാസികളെ അന്നും ഇന്നും ഒരുപോലെ നെഞ്ചോട് ചേര്‍ത്ത ഗായകനാണ് കൊല്ലം ഷാഫി എന്നും കമന്റ് ഉണ്ട്.