Wednesday, March 11, 2026 Last Updated 50 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 25 Jul 2025 01.12 PM

‘‘അതുല്യയ്ക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്; എസ്കേപ്പാവുക എളുപ്പമല്ല; ആ സമയം ഒരു ചേർത്തുപിടിക്കലാണ് ആവശ്യം...’’അമേയ നായര്‍; പിന്തുണച്ച് കാമുകന്‍ ജിഷിന്‍ മോഹന്‍

കുടുംബപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് അമേയ നായര്‍ സോഷ്യല്‍ മീഡിയയിലും സജീവമായ താരമാണ്. ഇപ്പോഴിതാ തന്റെ മുന്‍ വിവാഹത്തില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ പങ്കിടുകയാണ് അമേയ.
Ameya Nair, Jishin Mohan
Ameya Nair about her bitter experience from ex husband (Image Source: Instagram)

വലിയ സ്വപ്നങ്ങളുമായി വിവാഹ​ജീവിതത്തിലേക്ക് കടക്കുന്ന ​പല പെണ്‍കുട്ടികളും ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിക്കുന്നതാണ് അടുത്തിടെയായി വാര്‍ത്തകളില്‍ നിറയുന്നത്. ഇത്തരം സംഭവങ്ങള്‍ മുന്‍പും നടക്കുന്നുണ്ടായിരുന്നെങ്കിലും അടുത്തിടെയായി ഗാര്‍ഹിക പീഡനങ്ങളുടെ വാര്‍ത്തകളില്‍ തുടരെത്തുടരെ നിറയുന്നുണ്ട്. ഈ കുറഞ്ഞ കാലയളവില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെയും ഭര്‍ത്താവിന്റെ ഭര്‍ത്താവിന്റെ വീട്ടുകാരുടെയും പീഡനങ്ങള്‍ മൂലം മരണപ്പെട്ടതുമായ പെണ്‍കുട്ടികളുടെ എണ്ണം കൂടിക്കൂടി വരുകയാണ്.
ഇക്കഴിഞ്ഞ ദിവസമാണ് കേരളത്തെ നടുക്കിയ മലയാളി യുവതി അതുല്യ ഷാർജയില്‍ മരണപ്പെട്ടത്. ഗാർഹിക പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുകയായിരുന്നു അതുല്യ. ഇതിന് പിന്നാലെ സംഭവത്തില്‍ പല കോണുകളില്‍ നിന്ന് വിമർശനം ഉയരുകയും കേരളത്തില്‍ അടിക്കടി ഉണ്ടാവുന്ന ഇത്തരം സ്ത്രീധന-ഗാർഹിക പീഡന മരണങ്ങള്‍ ചർച്ചയാവുകയും ഒക്കെ ചെയ്‌തിരുന്നു.
ഇത്തരം പീഡനങ്ങളില്‍ നിന്ന് ആത്മബലവും വീട്ടുകാരുടെ പിന്തുണയും കൊണ്ട് രക്ഷപെട്ട് പുതുജീവിതം നേടിയവരും കുറവല്ല. അങ്ങനെയുള്ള പലരും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ​സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കിടുന്നുമുണ്ട്. അക്കൂട്ടത്തില്‍ സെലിബ്രിറ്റികളുമുണ്ടെന്നുള്ളതും ഒരു പ്രത്യേകതയാണ്.
ഇപ്പോഴിതാ ഗാർഹിക പീഡനത്തെത്തുടർന്ന് ഷാർജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി അതുല്യയുടെ മരണത്തില്‍ പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ് ടെലിവിഷൻ താരം അമേയ നായർ. സോഷ്യല്‍ മീഡിയയിലും സജീവമായ താരം
അതുല്യ അനുഭവിച്ച കാര്യങ്ങള്‍ ഒക്കെയാണ് തനിക്കും നേരിടേണ്ടി വന്നതെന്നും അതില്‍ നിന്ന് ഒട്ടും വ്യത്യസ്‌തമായിരുന്നില്ല തന്റെ സാഹചര്യമെന്നും അത്തരം സാഹചര്യങ്ങളില്‍ നിന്നും പുറത്തുകടക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്നും ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ അമേയ പറയുന്നു. കേരളത്തില്‍ വിവാഹപ്രായം എത്തിനില്‍ക്കുന്ന പെണ്‍കുട്ടികള്‍ പലരും വിവാഹജീവിതം ആവശ്യമുണ്ടോ എന്നുപോലും അതുല്യയുടെ മരണത്തിനു ശേഷം ചോദിക്കുന്നുവെന്നും അമേയ വീഡിയോയില്‍ പറയുന്നുണ്ട്.
‘‘നമസ്കാരം ഞാന്‍ അമേയ... ഒരു കുഞ്ഞു ടോപ്പിക്കാണ് പറയുന്നത്, അതുല്യ. കേരളത്തില്‍ വിവാഹപ്രായം എത്തിനില്‍ക്കുന്ന പെണ്‍കുട്ടികള്‍ പലരും വിവാഹജീവിതം ആവശ്യമുണ്ടോ എന്നുപോലും അതുല്യ എന്ന മരണത്തിനു ശേഷം ചോദിക്കുന്നത്. അതുല്യയുടേതില്‍ നിന്നും ഒട്ടും വ്യത്യസ്‌തമായിരുന്നില്ല എന്റെ ജീവിതാനുഭവങ്ങളും. ഞാനതില്‍ നിന്നും എസ്കേപ്പായി. എന്നാല്‍ അങ്ങനെ രക്ഷപെടുക എന്നത് എളുപ്പമുള്ള കാര്യമല്ല. കുട്ടികള്‍ക്കു വേണ്ടി ജീവിച്ചുകൂടേ, വിദ്യാഭ്യാസമില്ലേ ഒരു ജോലി കണ്ടെത്തിക്കൂടേ എന്നൊക്കെ പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷേ, ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിക്ക് ആ സന്ദർഭത്തില്‍ ഇതൊന്നും ചെയ്യാൻ സാധിച്ചെന്ന് വരാറില്ല.
ആ സമയം ഒരു ചേർത്തുപിടിക്കലാണ് അവർക്ക് ഏറ്റവും ആവശ്യം. ഒരുപക്ഷേ മാതാപിതാക്കളില്‍ നിന്നുപോലും അത് ലഭിക്കാതിരിക്കുമ്പോള്‍ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും ഉണ്ടാവില്ല. എത്ര വിദ്യാഭ്യാസമുള്ളയാളാണെങ്കില്‍ പോലും. ഇത്തരം സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച്‌ ഒറ്റയ്ക്ക് പുറത്തേക്കു വന്ന് കുഞ്ഞുങ്ങളുമായി ജീവിക്കുന്ന സ്ത്രീകളോട് നിങ്ങള്‍ എന്തു മനോഭാവമാണ് കാണിക്കുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്? സത്യത്തില്‍ അവരല്ലേ മറ്റു സ്ത്രീകളേക്കാള്‍ ബഹുമാനം അർഹിക്കുന്നത്...’’ വീഡി​യോയില്‍ അമേയ ചോദിക്കുന്നു. ക്യാപ്ഷനില്‍ താരം ആരാധകരോട് ഒരു ചോദ്യവും ചോദിക്കുന്നുണ്ട്. ‘‘സമൂഹത്തിന് മുന്നിൽ ആരാണ് കൂടുതൽ ‘ബഹുമാനം’ അർഹിക്കുന്നത്, എന്തുകൊണ്ട്?
താഴെ കമന്റ് ചെയ്യുക...’’ എന്നാണ് അമേയ കുറിച്ചിരിക്കുന്നത്.
നിരവധി പേരാണ് അമേയയുടെ പോസ്‌റ്റില്‍ പിന്തുണ അറിയിച്ചിരിക്കുന്നത്. തുടരാൻ കഴിയാത്ത ഏത് ബന്ധം ആയാലും അത് വിട്ട് പുറത്തുവരികയാണ് വേണ്ടതെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു. അമേയയുടെ കാമുകനും വുഡ്ബിയുമായ ജിഷിൻ മോഹൻ അടക്കമുള്ളവർ പോസ്‌റ്റില്‍ അമേയക്ക് പിന്തുണ അറിയിച്ചു രംഗത്ത് വന്നിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. കൃത്യമായ കാര്യമാണ് അമേയ പറഞ്ഞതെന്നാണ് ജിഷിൻ നല്‍കിയിരിക്കുന്ന കമന്റ്.

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് അമേയ നായർ. ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ കുടുംബവിളക്ക് മുതല്‍ കുടുംബശ്രീ ശാരദ വരെയുള്ള സൂപ്പർ ഹിറ്റ് സീരിയലുകളുടെ ഭാഗമായിരുന്നു അമേയ. രണ്ട് മക്കളുടെ അമ്മയാണെന്നും വര്‍ഷങ്ങളായി സിംഗിള്‍ മദറായി ജീവിക്കുകയാണെന്നും നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെ നടൻ ജിഷിൻ മോഹനുമായി താരം അടുപ്പത്തില്‍ ആണെന്നും റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.
അഭ്യൂഹങ്ങള്‍ക്കവസാനം ജിഷിനും അമേയയും തങ്ങളുടെ പ്രണയം വെളിപ്പെടുത്തി. പ്രണയദിനത്തിലായിരുന്നു ഇവർ സസ്പെൻസ് പൊളിച്ചത്. ‘‘അവളും അവനും യെസ് പറഞ്ഞു. എൻഗേജ്മെന്റ് കഴിഞ്ഞു. ഹാപ്പി വലന്റൈൻസ് ഡേ, നിന്റെ കൈകളിലാണ് എന്റെ സന്തോഷം, പ്രപഞ്ചത്തിന് നന്ദി...’’ എന്നാണ് ജിഷിന്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
നടിയായ വരദയാണ് ജിഷിൻ മോഹന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഇരുവർക്കും ഒരു മകനുണ്ട്. മൂന്ന് വർഷം മുൻപാണ് ഇരുവരും വിവാഹമോചിതരായത്. ഇതിന് പിന്നാലെ ജിഷിന്‍ അമേയയുമായി അടുത്തു, അതോടെ ഇരുവരുടെയും ബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ പുറത്തുവരികയും വിമർശനം കേള്‍ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഏറ്റവും പുതിയ പോസ്‌റ്റില്‍ അമേയയ്ക്ക് പിന്തുണയുമായി നിരവധി പേർ എത്തുന്നുണ്ട്.

Ads by Google
Friday 25 Jul 2025 01.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW