Thursday, March 12, 2026 Last Updated 23 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 01.17 PM

‘പൊങ്കാലയെക്കാള്‍ തിരക്കായിരുന്നു കമന്റ് സെക്ഷനിൽ നെഗറ്റീവ് പറയാൻ വന്നവരുടെ ക്യൂ; കരയുന്നവർ കുറച്ചധികം കരയട്ടെ...’വിമര്‍ശനത്തിന് ചുട്ട മറുപടിയുമായി റെനീഷ റഹ്‍മാന്‍

uploads/news/2026/03/828609/Untitled-5.jpg
Reneesha rahiman reaction on attukal pongala controversy (Image Source: Instagram)

സീരിയല്‍ താരവും മലയാളം ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയുമാണ് റെനീഷ റഹ്‍മാന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട്. ഇക്കഴിഞ്ഞ ദിവസം താരം ആദ്യമായി ആറ്റുകാൽ പൊങ്കാല ഇട്ടതിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. നോമ്പ് തുറന്ന് ആറ്റുകാൽ പൊങ്കാലയിടാൻ തിരുവനന്തപുരത്തേക്ക് പോകുകയാണെന്ന് പറയുന്ന വീഡിയോയും പൊങ്കാല ചിത്രങ്ങളുമടക്കമായിരുന്നു താരത്തിന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്. ജീവിതത്തില്‍ ആദ്യമായാണ് ആറ്റുകാല്‍ പൊങ്കാല ഇടാന്‍ സാധിച്ചതെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു വ്ളോഗും ചിത്രങ്ങളും റെനീഷ പങ്കുവച്ചിരുന്നു.
എന്നാല്‍ ഇതിനു പിന്നാലെ റെനീഷയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും സൈബര്‍ അറ്റാക്കളും നിറഞ്ഞു. റംസാന്‍ മാസത്തില്‍ പൊങ്കാലയിട്ടത് ശരിയായില്ലെന്നെന്നും റീച്ച്‌ കിട്ടാൻ വേണ്ടി ചെയ്തതാണെന്നും കമന്‍റുകള്‍ നിറഞ്ഞു. ഇതൊക്കെ മുസ്ലീം എന്ന് പറഞ്ഞിട്ട് എന്താണ് കാണിക്കുന്നത് ?​റമദാൻ മാസത്തിൽ തന്നെ വേണമായിരുന്നോ?​ എന്ന തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ നിറഞ്ഞത്.
ഇപ്പോഴിതാ വിമർശനങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റെനീഷ റഹ്മാന്‍. താൻ നൂറു ശതമാനം വിശ്വാസത്തോടും പ്രാർഥനയോടും കൂടിയാണ് പൊങ്കാലയിട്ടതെന്നും ഇത്തരം നെഗറ്റീവ് കമന്റുകൾക്ക് തന്നെ തളർത്താനാവില്ലെന്നും താരം ഇൻസ്റ്റാഗ്രാം വിഡിയോയിലൂടെ പ്രതികരിച്ചു. വിമർശകർക്ക് നേരെ ‘കരയുന്നവർ മാക്സിമം കരഞ്ഞോളൂ’ എന്ന പരിഹാസത്തോടെയാണ് താരം പ്രതികരിച്ചത്.
‘‘ഹലോ ഇന്നലെ ഞാനൊരു പൊങ്കാലയിട്ടു. നമ്മുടെ ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ അമ്മയ്ക്ക് വേണ്ടി ഒരു പൊങ്കാലയിട്ടു. പൊങ്കാലയ്ക്ക് ഇഷ്ടംപോലെ ആള്‍ക്കാർ ഉണ്ടായിരുന്നു. ഭയങ്കര തിരക്കായിരുന്നു. പക്ഷേ അതിനേക്കാൾ തിരക്കാണ് എന്റെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് കമന്റ്സ് സെക്ഷനിൽ നെഗറ്റീവ് പറയാൻ വേണ്ടി ആൾക്കാർ നിൽക്കുന്ന ക്യു. വിട്ടേക്കാം എന്നാണ് ആദ്യം വിചാരിച്ചത്. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. കമന്റുകള്‍ നില്‍ക്കാത്തതുകൊണ്ട് ഒരു മറുപടി കൊടുക്കണം എന്ന് കരുതി. രണ്ട് തരം കമന്റുകളാണ് വന്നത്. ഒരു കൂട്ടര്‍ പറയുന്നത് എനിക്ക് ജോലി ഇല്ല, അവസരത്തിന് വേണ്ടിയുള്ള ശ്രദ്ധ കിട്ടാൻ വേണ്ടി ചെയ്ത ഒരു പ്രഹസനം ആയിരുന്നു പൊങ്കാലയിടല്‍ എന്നാണ്. മറ്റൊരു വിഭാഗം പറയുന്നത് വിശ്വാസത്തോടെയോ ബഹുമാനത്തോടെയോ ചെയ്തതല്ല എന്നാണ്.
ആദ്യ വിഭാഗത്തില്‍ പെട്ടവരോട് പറയാനുള്ളത് എല്ലാ മാസവും ഒന്ന് മുതല്‍ 15 വരെ ഫ്ലവേഴ്സ് ചാനലിലെ സുഖമോ ദേവി എന്നുള്ള ഒരു സീരിയല്‍ ഞാൻ ചെയ്യുന്നുണ്ട്. 16 മുതല്‍ 30 വരെ സീ കേരളത്തിലെ ചെമ്പരത്തി എന്ന പരമ്പരയും ചെയ്യുന്നുണ്ട്. ഒരു മാസത്തില്‍ 30 ദിവസവും എനിക്ക് വർക്കുണ്ട്. എനിക്ക് ജോലിയും കൂലിയും സമ്പാദ്യവുമുണ്ട്. ഞാൻ നല്ല രീതിയില്‍ ഒരു കുടുംബം നടത്തുന്നുണ്ട്.
ഇനി രണ്ടാമത്ത വിമര്‍ശനം. ഞാന്‍ പന്ത്രണ്ട് വർഷത്തോളം പഠിച്ചത് ചിന്മയ വിദ്യാലയയിലാണ്. അവിടുത്തെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഗായത്രി മന്ത്രവും സരസ്വതി സ്തോത്രവും ഭഗവദ് ഗീതയും ചനുമാന്‍ ചാലിസയും ഒക്കെ വച്ചിട്ടാണ്. അങ്ങനെയൊരു പശ്ചാത്തലം ഉള്ളതിനാല്‍ ഒരു പള്ളിയില്‍ പോയാല്‍ കിട്ടുന്ന പോസിറ്റിവിറ്റിയും സമാധാനവും എനിക്ക് ഒരു അമ്പലത്തില്‍ പോയി പ്രാര്‍ഥിച്ചാലും കിട്ടാറുണ്ട്. 100 ശതമാനം വിശ്വാസത്തോടും പ്രാര്‍ഥനയോടും തന്നെയാണ് ഞാന്‍ ആ പൊങ്കാലയിട്ടത്.
പൊങ്കാല ഇടാൻ പോകുന്നതിനു മുൻപ് ഞാൻ പലരോടും ചോദിച്ചിരുന്നു എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്. അവര്‍ പറഞ്ഞത് ജാതി, മത, വർണ്ണ ഭേദം ഒന്നുമില്ലാതെ വിശ്വാസത്തോടെ ഏതൊരു സ്ത്രീക്കും മനസ്സും ശരീരവും ശുദ്ധമാണെന്ന് ഉണ്ടെങ്കില്‍ ഇടാവുന്നതാണ് പൊങ്കാല എന്നാണ്. സീരിയലിനായി ഏഴെട്ട് വര്‍ഷമായി ഞാന്‍ തിരുവനന്തപുരത്ത് വരുന്നു. ഓഫ് ഡേയില്‍ ഒപ്പമുള്ള ആര്‍ട്ടിസ്റ്റുകള്‍ അമ്പലത്തില്‍ പോവുമ്പോള്‍ ആഗ്രഹമുണ്ടെങ്കിലും ഞാന്‍ പോവാറില്ല.
കാരണം അവരുടെ വിശ്വാസം അന്യ മതത്തില്‍ ഉള്ളവർക്ക് പ്രവേശനം ഇല്ല എന്നുള്ളതാണ്. അതിനെ നമ്മള്‍ റെസ്പെക്റ്റ് ചെയ്യുന്നു. ഞാന്‍ ഒരു പള്ളി കണ്ടാലും അമ്പലം കണ്ടാലും ഒരു ആംബുലന്‍സ് പോകുന്നത് കണ്ടാലും പ്രാര്‍ഥിക്കാറുണ്ട്. എന്തിനാണ് ഇത്രയും നെഗറ്റിവിറ്റി. എല്ലാ മതഗ്രന്ഥങ്ങളും പറയുന്നത് ഒരേ കാര്യം തന്നെയല്ലേ...ഇതിനിടയ്ക്ക് എന്തിനാണ് ഇത്ര വിദ്വേഷം. ഒരാളെ കുത്തിപ്പറിക്കാനോ മോഷ്ടിക്കാനോ ഒന്നും ഞാൻ നിന്നിട്ടില്ല.
2026 ആയില്ലേ, ആളുകൾക്ക് പലവിധത്തിലുളള ഐഡിയോളജി ഉണ്ട്. നിങ്ങള്‍ക്കെന്തിനാണ് ഇത്ര വിഷമം. നെഗറ്റിവിറ്റി പരത്തുന്നത് നിർത്തൂ...’’ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ റെനീഷ പറഞ്ഞു.
‘‘പൊങ്കാലയെ തുടര്‍ന്ന് കമന്റ് സെക്ഷനിൽ കരയുന്നവരോട് എനിക്ക് പറയാൻ ഉള്ളത്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് റെനീഷ വീഡിയോ പങ്കിട്ടിരിക്കുന്നത്. താരത്തെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ‘ഇതാണ് മോളെ റിയല്‍ കേരള സ്റ്റോറി എന്ന് കൃത്യമായി ലോകത്തിന്റെ മുന്നിൽ തെളിയിക്കുവാൻ ശുദ്ധാത്മാവ് ആയ നിന്നെത്തന്നെ ദൈവം നിയോഗിച്ചു എന്നതിന്റെ ഏറ്റവും വലിയ തെളിവ്...എപ്പോഴും ശക്തയായി അനുഗ്രഹീതയായി തുടരുക...,മിടുക്കി ജീവിതത്തിലുടനീളം മുന്നോട്ട് പോകൂ, ഫുള്‍ സപ്പോര്‍ട്ട്...’ എന്നതടക്കമാണ് കമന്റുകള്‍.

uploads/news/2026/03/828609/Untitled-05.jpg
Reneesha rahiman in attukal pongala (Image Source: Instagram)

Ads by Google
Thursday 05 Mar 2026 01.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW