Wednesday, March 11, 2026 Last Updated 55 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jul 2025 10.20 AM

' വീട് വെച്ച് കൊടുത്തു എന്നതിന്റെ പേരില്‍ എല്ലാവരുടെയും മുന്നില്‍ വാലാട്ടി നില്‍ക്കണോ?' ; രേണു സുധിയെ പിന്തുണച്ച് കുറിപ്പ്

danger, says

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിന് ശേഷം സന്നദ്ധസംഘടന സുധിയുടെ കുടുംബത്തിന് വീട് വെച്ച് നല്‍കിയിരുന്നു. എന്നാല്‍ ഈ വീട് ചോരുന്നു എന്ന് പറഞ്ഞ് രേണു രംഗത്തെത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുളള വിമര്‍ശനമാണ് രേണുവിനെതിരെ ഉയരുന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് മൃദുല ദേവി. രേണുവിന്റെ ജീവന്‍ തന്നെ അപകടത്തില്‍ ആവുന്ന അവസ്ഥയാണുളളത് എന്നും സോഷ്യല്‍ മീഡിയയില്‍ ക്രൂരമായ അപമാനമാണ് രേണു ഏറ്റുവാങ്ങേണ്ടി വരുന്നത് എന്നും മൃദുല ദേവി പ്രതികരിച്ചു. ഒരു വീട് വെച്ച് കൊടുത്തു എന്നതിന്റെ പേരില്‍ രേണു എല്ലാവരുംടേയും മുന്നില്‍ വാലാട്ടി നില്‍ക്കണോ എന്നും വീടിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഇതുവരെ രേണുവിന് കൈമാറിയിട്ടില്ല എന്നും മൃദുല ദേവി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

മൃദുല ദേവിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രേണു സുധിയെപ്പറ്റി വളരെ ഹീനമായ രീതിയിലുള്ള ആള്‍ക്കൂട്ട വിചാരണയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നടന്നുകൊണ്ടിരിക്കുന്നത്.ദാനം കിട്ടിയ വീടിനെപ്പറ്റി വളരെ മോശമായി പറഞ്ഞ രേണുവിനെ മൃദുലയെപ്പോലുള്ളവര്‍ എന്തിനാണ് സപ്പോര്‍ട് ചെയ്യുന്നത് എന്ന ചോദ്യം എന്റെ ചില സുഹൃത്തുക്കള്‍ എന്നോട് ചോദിക്കുകയുണ്ടായി. അതുകൊണ്ട് കുറച്ചു കാര്യങ്ങള്‍ പറയാമെന്നു കരുതുന്നു..

വീട് വച്ചു കൊടുത്തത് സുധിയുടെ മക്കള്‍ക്കാണ്.മക്കളില്‍ മൂത്തയാള്‍ കിച്ചു കൊല്ലത്ത് നിന്ന് പഠിക്കുന്നു അതുകൊണ്ടാണ് സുധിലയത്തില്‍ താമസിക്കാത്തത്. മറ്റേ കുഞ്ഞ് ചെറിയ കുട്ടിയാണ്.അഭിനയം തൊഴില്‍ ആക്കിയ രേണു ഷൂട്ടിനു പോകുമ്പോള്‍ ആ കുഞ്ഞിനെ നോക്കുന്നത് രേണുവിന്റെ അച്ഛനും അമ്മയുമാണ്.അവരുടെ അച്ഛന്‍ ഹൃദയസംബന്ധമായ അസുഖം ഉള്ളയാളാണ്..രേണുവിന്റെ സഹോദരിയും,പങ്കാളിയും സുധിലയത്തില്‍ താമസിക്കുന്നവരല്ല.

കുറച്ചു യുട്യൂബെഴ്‌സ് രേണുവിന്റെ നാട്ടില്‍ തന്നെയുള്ള,അവളെ ശത്രുതയോടെ കാണുന്ന മുഖമില്ലാത്ത മനുഷ്യരുടെ ഓഡിയോ ക്ലിപ്പ് എടുത്തിട്ട് അവളെ അതിക്രൂരമായി സോഷ്യല്‍ മീഡിയ വഴി അപമാനിക്കുന്നു.നിങ്ങള്‍ എന്തിനാണ് ഈ മുഖമില്ലാത്ത മനുഷ്യരോട് ചോദിക്കുന്നത് അവളുടെ നാട്ടുകാരിയും കുടുംബ സുഹൃത്തുമായ എന്നെപ്പോലുള്ളവരോട് ചോദിക്കു.മുഖം വെളിപ്പെടുത്തി തന്നെ ഞങ്ങള്‍ കൃത്യമായി പറയാം.

ദിശയുടെ ആഭിമുഖ്യത്തില്‍ ഒരു കേസ് മുന്നോട്ടു പോകുന്നത് കൊണ്ടാണ് ഞാന്‍ മൗനം പാലിച്ചത്.പക്ഷെ ഇപ്പോള്‍ ഷൂട്ടിംഗിന് വേണ്ടി ഒറ്റയ്ക്ക് രാത്രിയും,പുലര്‍ച്ചയും ഒക്കെ യാത്ര ചെയ്യുന്ന രേണുവിന്റെ ജീവന്‍ തന്നെ അപകടത്തില്‍ ആവുന്ന അവസ്ഥയാണുള്ളത്.അതുകൊണ്ടാണ് ഇവിടെ എഴുതാമെന്ന് വച്ചത്.

വീടുവച്ചു കൊടുത്തതിന്റെ പേരില്‍ രേണു എന്നും വാലാട്ടിനിന്ന് കൊണ്ട് ആരുടെയെങ്കിലും കക്കൂസ് കഴുകി ജീവിക്കുകയായിരുന്നെങ്കില്‍ അവള്‍ മിടുക്കി ആയേനെ.മറിച്ച് സ്വന്തം ജീവിതത്തില്‍ ഉണ്ടായ ദുരന്തത്തെ മാറ്റിവച്ചു ആഘോഷത്തോടെ ജീവിക്കുന്നതാണ് നമ്മള്‍ മലയാളികള്‍ക്ക് പ്രശ്‌നമാകുന്നത്.എന്ത് സാംസ്‌കാരിക വിദ്യാഭ്യാസമാണ് പിന്നെ നമ്മള്‍ ആര്‍ജ്ജിച്ചത്?

'ഞാനും ഭര്‍ത്താവ് മരിച്ചു കഴിഞ്ഞു കഷ്ടപ്പെട്ടു മക്കളെ വളര്‍ത്തി വലുതാക്കി.ഇവളെപ്പോലെ തുണിയില്ലാതെ തുള്ളിയിട്ടില്ല 'എന്ന് പറയുന്ന സ്ത്രീകളോട് പറയട്ടെ അവള്‍ ജോലി ചെയ്ത് കഷ്ടപ്പെടാതെ ജീവിക്കുന്നു.വിധവ = കഷ്ടപ്പാട് എന്ന സമവാക്യം അവള്‍ പൊളിച്ചു.അത് അവളുടെ ആര്‍ജ്ജവം. അത് നിയമപരമായി തെറ്റല്ല.മറിച്ച് ശാക്തീകരണമാണ്.

ഒരാളുടെയും ഒരു ചില്ലിപ്പൈസയും അവള്‍ മോഷ്ടിച്ചിട്ടില്ല.നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല.നമ്മുടെ ആരുടേയും കുടുംബത്തിലെ പത്ത് പൈസ അവള്‍ തോണ്ടി എടുത്തിട്ടില്ല.പിന്നെ എന്ത് തെറ്റാണ് അവള്‍ ചെയ്തത്?സുധിലയം എന്ന വീടിന് വേണ്ടി എത്ര രൂപ പിരിച്ചു കിട്ടി എന്നവള്‍ ചോദിച്ചിട്ടില്ല.മറിച്ച് ആ വീടിന് ചോര്‍ച്ച ഉണ്ടെന്നാണ് അവള്‍ പറഞ്ഞത്. അത് തുറന്നു പറയാന്‍ അവള്‍ ധൈര്യം കാണിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. സുധിയുടെ മക്കള്‍ താമസിക്കുന്ന വീടിന് ചോര്‍ച്ച ഉണ്ടെന്ന് അവള്‍ പറഞ്ഞത് ശരിയായ കാര്യമാണ്.അവര്‍ക്ക് ഇതുവരെ ആ വീടിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുമില്ല.

നാളിത് വരെയും മലയാളികള്‍ കണ്ടിട്ടുള്ള കലാകാരികളായ മിക്കവാറും സ്ത്രീകള്‍ 'എല്ലാം ഗുരുകാരണവന്മാരുടെ അനുഗ്രഹം, മച്ചിന്റെ മുകളിലെ ഭഗവതിയുടെ ഐശ്വര്യം' എന്നൊക്കെ മൊഴിഞ്ഞു കൊണ്ടിരുന്നിടത്ത് അതേ ഞാന്‍ ഓന്താണ്,പട്ടിയാണ്,നിങ്ങള്‍ക്കിഷ്ടമുള്ളത് വിളിച്ചോളൂ,ഞാന്‍ എന്നാലും നിര്‍ത്തില്ല എന്ന് തന്നെ ഉറക്കെ ഉറക്കെ പറയുന്നത് അവളില്‍ വിക്ടോറിയന്‍ സദാചാരവും,മനുസ്മൃതി ആഴത്തില്‍ ഏല്പിച്ച കുലസ്ത്രീ സങ്കല്പവും ഇല്ലാത്തതു കൊണ്ടാണ്.

മാര്‍ജിനലൈസ്ഡ് സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്ന ആംഗ്ലിക്കല്‍ സഭാ പാരമ്പര്യമുള്ള രേണു മുഖം കുനിച്ചു നിലത്ത് കാല്‍വിരല്‍ കൊണ്ടു ചേന വരയ്ക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി.ഒറ്റയ്ക്ക് പൊരുതി നേടുന്ന ഇത്തരം സ്ത്രീകള്‍ നമ്മള്‍ മലയാളികള്‍ക്ക് അപരിചിതരാണ്.ഇന്ത്യന്‍ സോഷ്യോളജി അത് നമ്മളെ പഠിപ്പിച്ചിട്ടില്ല.അടിത്തട്ടില്‍ നിന്നും ഉയര്‍ന്നു വരുന്ന സ്ത്രീകളെ ഇവിടുത്തെ മെയിന്‍ സ്ട്രീം അടുപ്പിച്ചിട്ടില്ല.അതുകൊണ്ട് തന്നെ അവരുടെ ധൈര്യം കേരളത്തിനൊട്ടു പരിചയവുമില്ല. സോ, സിസ്റ്റത്തിനാണ് പ്രശ്‌നം.രേണുവിനല്ല.

പ്രിയ രേണു,

വിക്ടോറിയന്‍ സദാചാരവും,കുല സ്ത്രീബോധവുമുള്ളവരാണ് പൊതുവില്‍ മലയാളി പ്രക്ഷകര്‍. അവര്‍ നിന്നെ കല്ലെറിയും. പക്ഷെ അപ്പോഴും ഒരു ശതമാനത്തില്‍ താഴെയുള്ള മനുഷ്യര്‍ നിന്നെ സപ്പോര്‍ട് ചെയ്യും അവര്‍ നിലപാടുള്ള കരുത്തുറ്റ വൃക്ഷങ്ങള്‍ ആയിരിക്കും.പതറാതെ മുന്നോട്ടു പോവുക

Ads by Google
Ads by Google
LATEST NEWS
TRENDING NOW