-->
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ' അളിയന്‍സ്'. മഞ്ജു പത്രോസ്, അനീഷ് രവി, റിയാസ് നര്‍മകല, സൗമ്യ ഭാഗ്യനാഥന്‍, അക്ഷയ എ എസ് എന്നിവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അളിയന്‍സില്‍ മഞ്ജു പത്രോസിന്റെ മകളുടെ വേഷത്തിലാണ് അക്ഷയ എത്തുന്നത്. ഇപ്പോള്‍ മഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് അക്ഷയ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
''എനിക്ക് തീര്‍ച്ചയായും രണ്ട് അമ്മമാരുണ്ട് - ഒന്ന് എനിക്ക് ജന്മം നല്‍കി എന്നെ വളര്‍ത്തിയ അമ്മ, മറ്റൊന്ന് ജീവിതം എനിക്ക് സമ്മാനമായി നല്‍കിയ അമ്മ. സ്വന്തം മകളെപ്പോലെ എന്നെ സ്‌നേഹിക്കാനും എന്റെ വാക്കുകള്‍ കേള്‍ക്കാനും ഞാന്‍ പരിഗണിക്കപ്പെടുന്നു എന്ന് തോന്നിപ്പിക്കാനും നിങ്ങള്‍ക്ക് സാധിച്ചു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ എന്റെ മറ്റൊരു അമ്മയാണ് - പൂര്‍ണ്ണമായ ഉറപ്പോടെ എന്റേതെന്ന് എനിക്ക് വിളിക്കാവുന്ന ഒരാള്‍.
യാതൊരു സ്വാര്‍ത്ഥതയുമില്ലാതെ കേവലം ശുദ്ധമായ സ്‌നേഹത്താല്‍ നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്യുന്ന ചെറുതും വലുതുമായ കാര്യങ്ങള്‍ - എവിടെ പോയി മടങ്ങി വരുമ്പോഴും എനിക്കായി എന്തെങ്കിലും കരുതുന്നത് മുതല്‍, എപ്പോഴും എനിക്ക് വേണ്ടി നിലകൊള്ളുന്നതും നിശബ്ദമായി എന്നെ പ്രോത്സാഹിപ്പിക്കുന്നതും വരെ, വാക്കുകളേക്കാള്‍ ഉപരിയായി നിങ്ങളുടെ കരുതല്‍ എന്നെ പൊതിയുന്നു. ഇത് തിരിച്ചറിയുന്നതിന് മുന്‍പേ തന്നെ എന്റെ ഹൃദയവും നിങ്ങളെ അത്രമേല്‍ ചേര്‍ത്തുപിടിച്ചു തുടങ്ങിയിരുന്നു. നിങ്ങള്‍ സുഖമായിരിക്കുന്നോ എന്നും, സന്തോഷവതിയാണോ എന്നും, ജീവിതം നിങ്ങളോട് കരുണയുള്ളതാണോ എന്നും ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട്.
പിറന്നാള്‍ ആശംസകള്‍ മഞ്ജുമ്മ. നിങ്ങളെ സ്‌നേഹിക്കുമെന്നും, കൂടെ നില്‍ക്കുമെന്നും, എല്ലാ അര്‍ത്ഥത്തിലും എന്നും നിങ്ങളുടെ മകളായിരിക്കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു'', അക്ഷയ പറയുന്നു. മഞ്ജു പത്രോസിനൊപ്പമുളള ചിത്രവും അക്ഷയ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിനു താഴെയായി നിരവധിപ്പേര്‍ മഞ്ജുവിന് പിറന്നാള്‍ ആശംസിച്ച് കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.