-->
ഇന്ത്യൻ ഫുട്ബോൾ പുരുഷ ടീം പരിശീലക സ്ഥാനം മനോലോ മർക്കസ് ഒഴിഞ്ഞതോടെ പുതിയ പരിശീലകനെ തേടുന്ന തിരക്കിലാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. പരിശീലകനെ തേടുന്നു എന്ന് സംബന്ധിച്ച പോസ്റ്റർ കഴിഞ്ഞ ദിവസം AIFF സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം തവണയും ഹബാസ് ഇന്ത്യൻ ഫുട്ബോൾ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചത്. ജൂലൈ 13 ഞായർ വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം.
നിലവിൽ ഐ ലീഗ് ക്ലബ്ബായ ഇന്റർ കാശിയുടെ മുഖ്യ പരിശീലകനായ ഹബാസ് ഇതിന് മുൻപും ഇന്ത്യൻ ഫുട്ബോൾ ടീം മുഖ്യ പരിശീലകനാകാൻ അപേക്ഷ സമർപ്പിച്ചുണ്ട്. എന്നാൽ, അന്ന് പ്രായം തിരിച്ചടിയായി. അന്ന് ഹബാസിനെ പിന്തള്ളി മനോലോ മർക്കസ് ഇന്ത്യൻ പരിശീലകൻ ആയെങ്കിലും, കളിച്ച 8 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് വിജയം കണ്ടെത്തിയത്. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിജയകരമായ പരിശീലകൻ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരാളാണ് അന്റോണിയോ ലോപ്പസ് ഹബാസ്.